ന്യൂഡല്‍ഹി: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ലാല്‍ അഭിനയ മികവിന്റെ പ്രതീകമാണ്. മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ് അദ്ദേഹം. മലയാള സിനിമയിലും നാടകത്തിലും പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായി നില്‍ക്കുന്നയാളാണ് മോഹന്‍ലാല്‍. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയിലെയും നാടകങ്ങളിലെയും അഭിനയ വൈഭവം ശരിക്കും പ്രചോദനാത്മകമാണ്. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കട്ടെയെന്നും മോദി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

നന്ദി പറഞ്ഞ് മോഹന്‍ ലാല്‍

ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. ഇത് വലിയ അംഗീകാരമാണെന്നും മലയാള സിനിമയ്ക്കും കൂടിയുള്ള നേട്ടമാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തോടും പ്രേക്ഷകരോടും നന്ദി അറിയിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഏറ്റവും ഉള്‍പുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു. 48 വര്‍ഷത്തെ എന്റെ സിനിമാ ജീവിതത്തില്‍ എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് തിരികെക്കൊടുക്കാന്‍ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാര്‍ഡ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

'ഒരുപാട് സന്തോഷം ഒരുപാട് നന്ദി. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് സെറ്റില്‍ വച്ചാണ് പുരസ്‌കാര വിവരം ഞാന്‍ അറിയുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് ഞാനൊരു യാത്രയിലാണ്. മദ്രാസിലാണ്. എന്താ പറയേണ്ടതെന്ന് അറിയില്ല. എന്നെ തെരഞ്ഞെടുത്ത ജൂറിക്കും ഇന്ത്യാ ഗവണ്‍മെന്റിനുമുള്ള നന്ദിയും ഞാന്‍ ആദ്യം അറിയിക്കുന്നു. എന്റെ പ്രേക്ഷകരോട് നന്ദി പറയുന്നു. എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തിലെ എല്ലാവര്‍ക്കും നന്ദി. ഇത് വലിയൊരു അംഗീകാരമാണ്. മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ്. എന്നെ ഇഷ്ടപെടുന്ന എല്ലാവര്‍ക്കുമായി ഈ അംഗീകാരം ഞാന്‍ പങ്കുവയ്ക്കുകയാണ്. എത്രയോ മഹാരഥന്മാര്‍ സഞ്ചരിച്ച വഴിയിലൂടെ സഞ്ചരിക്കുന്നൊരാളാണ് ഞാന്‍. അതിന്റെ ഒരു ഭാഗമാകുക എന്നത് വലിയ ഭാഗ്യമായി ഞാന്‍ കാണുകയാണ്. ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത്. ഈശ്വരനോടും മാതാപിതാക്കളോടും നന്ദി പറയുന്നു. വല്ലാത്തൊരു മൊമന്റാണ്. നമുക്കൊപ്പം സഞ്ചരിച്ച, വിട്ടുപോയ ഒരുപാട് കലാകാരന്മാരുണ്ട്. അവരെയൊക്കെ ഈ സമയം ഞാന്‍ ഓര്‍ക്കുകയാണ്', എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.

അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഞാന്‍ തീര്‍ച്ചയായും ചടങ്ങില്‍ പങ്കെടുക്കും.' നേരത്തെ ലഭിക്കേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ ദാസാ എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. അടൂരിന് ശേഷം ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 23ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി മോഹന്‍ലാലിന് പുരസ്‌കാരം കൈമാറും.

പുരസ്‌കാരം ഈ മാസം 23ന് സമ്മാനിക്കും

2023ലെ പരമോന്നത പുരസ്‌ക്കാരമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്റേതെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബര്‍ 23ന് (ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്‌കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്‌കാരം ലഭിച്ചു.