- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയാധാരമാകുന്നത് നാൽപതോളം തൊഴിലാളികൾ; കേരളത്തിൽ സർക്കാരും പൊലിസും സിഐടിയുവിന്റെ ചൊൽപ്പടിക്കെന്ന് പൊട്ടിത്തെറിച്ച് ശ്രീ പോർക്കലി സ്റ്റീൽസ് ഉടമ; ഹൈക്കോടതി വിധി പോലും അട്ടിമറിക്കപ്പെടുന്നു; ഒരു വ്യവസായ സംരഭകൻ കൂടി കേരളം വിടുന്നു; ഇത് മോഹൻലാൽ എന്ന സംരഭകന്റെ വേദനയുടെ കഥ
കണ്ണൂർ: കണ്ണൂരിൽ താലിബാനെ വെല്ലുന്ന സി. ഐ.ടി.യു ഭീകരത എന്ന് ആരോപിച്ച് വ്യവസായ സംരഭകനും കുടുംബവും കർണാടയിലേക്ക് ചേക്കെറുന്നു. കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നും പലായനം ചെയ്യുന്നത് നാൽപതോളം പേർക്ക് ജോലി നൽകുന്ന ശ്രീപോർക്കലി സ്റ്റീൽസ് വ്യവസായ സംരഭകൻ മോഹൻലാൽ. ഒരു ചെറുകിട വ്യവസായസംരഭകനായ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ അത്രമാത്രം വലുതായിരുന്നുവെന്നാണ് മോഹൻലാൽ പറയുന്നത്.
ഇവിടെ പാർട്ടി ബാങ്കുകൾ നടത്തുന്ന സ്ഥാപനങ്ങൾ മാത്രം നടത്തിയാൽ മതിയെന്ന വിചാരമാണ് ചിലയാളുകൾക്കുള്ളത്. ഗൾഫിൽ നിന്നുമൊക്കെ കുറച്ചു പണവുമായി ഇവിടേക്ക് വന്നു എന്തെങ്കിലും ബിസിനസ്് തുടങ്ങാമെന്നുവിചാരിച്ചാൽ നടക്കില്ല, സർക്കാരുംപാർട്ടിക്കാരുമൊക്കെ പൂട്ടിച്ചു കൈയിൽ കൊടുക്കുമെന്നാണ് വടക്കെ മലബാറിലെ ഈ ചെറുകിടസംരഭകന്റെ ആരുടെയും ഉള്ളുലയ്ക്കുന്ന ആരോപണം. വർഷങ്ങളുടെ പഴക്കമുണ്ട് ശ്രീ പോർക്കലി സ്റ്റീൽസിനു നേരെ സി. ഐ.ടി.യു നടത്തുന്ന താലിബാൻ മോഡൽ സമരത്തിന്.
മാതമംഗലത്തെ സിഐ.ടി.യു പ്രവർത്തകർ നടത്തുന്ന ഭീകര സമരം കാരണം താൻ കട പൂട്ടി കർണാടകയിലേക്ക് പോകേണ്ട അവസ്ഥയിലാണെന്നും കേരളത്തിൽ വ്യവസായ സംരഭങ്ങൾ നടത്തിക്കൊണ്ടുപോവാൻ കഴിയില്ലെന്നു അനുഭവത്തിൽ നിന്നും വ്യക്തമായതായി മാതമംഗലം ശ്രീ പോർക്കലി സ്റ്റീൽസ് ഉടമ ടി.വി മോഹൻലാൽ കണ്ണൂർ പ്രസ്‌ക്ളബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ പ്രശ്നം ഏറ്റവും കൂടുതലുള്ളത്. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് സർക്കാർ പറയുമ്പോഴും ഇവിടെയതല്ല സ്ഥിയെന്നതാണ് അനുഭവം.
തന്റെ കടയിലേക്ക് ലോഡിറക്കുന്നത് തടയുകയും തന്നെയും തൊഴിലാളികളെയും ബന്ധുക്കളെയും അക്രമിക്കുകയും ചെയ്യുന്ന സി. ഐ.ടി.യുക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലിസ് തയ്യാറാകുന്നില്ല. ഹൈക്കോടതിയുടെയോ ചുമട്ടുതൊഴിലാളി ക്ഷേമ നിധി ബോർഡിന്റെ വ്യവസ്ഥകൾ അനുസരിക്കാൻ അക്രമസമരം നടത്തുന്ന സി. ഐ.ടി.യു പ്രവർത്തകർ തയ്യാറാകുന്നില്ല. ഇതുകാരണം സ്ഥാപനം പലതവണ അടച്ചുവിട്ടു, തന്റെ സ്ഥാപനത്തിലേക്ക് സ്റ്റീൽ കമ്പിയും പൈപ്പുമൊക്കെ കൊണ്ടുവരുന്ന ലോറികൾ സി. ഐ.ടി.യു പ്രവർത്തകർ ബൈക്കിൽ പിൻതുടർന്ന് തടഞ്ഞു കാറ്റഴിച്ചുവിടുകയും ഡ്രൈവർമാരെ മർദ്ദിക്കുകയുമാണ്. തൊഴിൽകാർഡുള്ള തന്റെ ജീവനക്കാരെ പോലും ജോലി ചെയ്യാൻ വിടുന്നില്ല.
ഇതൊക്കെ ചോദ്യം ചെയ്യുമ്പോഴും എതിരുപറയുമ്പോഴും തന്നെയും സഹോദരനെയും മർദ്ദിക്കുകയും ചെയ്തു. വൻതോതിലുള്ള കൂലി കൊടുത്തു സി. ഐ.ടി.യു ലോഡിങ് തൊഴിലാളികളെ ജോലി ചെയ്യിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും നേരത്തെ ജോലി ചെയ്യിച്ചപ്പോൾ ഇവർ തന്നിഷ്ടത്തിന് ജോലി ചെയ്യാതിരിക്കുകയും താൻ പറഞ്ഞത് അനുസരിക്കുകയും ചെയ്തിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. പൊലിസിൽ നിന്നും നീതിലഭിച്ചില്ലെങ്കിൽ ഇനിയും തനിക്കു സ്ഥാപനം മുൻപോട്ടുകൊണ്ടുപോകാനില്ല. നാൽപതോളം പേർ ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്നും മോഹൻലാലും ഭാര്യ കെ.ശ്രുതിയും അറിയിച്ചു. മാതമംഗലത്ത് നടക്കുന്നത് തൊഴിലാളി പ്രതിഷേധമാണെന്നാണ് പുറത്തറിയുന്നത്. എന്നാൽ തൊഴിലാളി പ്രതിഷേധമല്ല അവിടേക്കു ലോഡു കൊണ്ടുവരുന്ന തൊഴിലാളികളെ അടിച്ചു പരുക്കേൽപ്പിക്കുകയാണ്. ചുമലൊക്കെ അടിച്ചു പൊളിക്കുകയാണ്.
കടയിൽലോഡിറക്കിയാൽ നിന്റെ പേരിൽ കേസെടുക്കുമെന്ന് പറഞ്ഞു പൊലിസും ഭീഷണിപ്പെടുത്തുന്നു. പെരിങ്ങോം, പരിയാരം പൊലിസ് സി. ഐ.ടി.യുക്കാർ പെരുവിയിലിട്ടു ഡ്രൈവർമാരെ അക്രമിക്കുകയും തൊഴിൽ കാർഡുള്ള പോർക്കലിയിലെ അതിഥി തൊഴിലാളികളായ രണ്ടു രണ്ടു പേരെ അടിച്ചു പരുക്കേൽപ്പിക്കുമ്പോൾ തടയാതെ കൂട്ടുനിൽക്കുകയും ചെയ്യുന്നു. ലോഡിറക്കാൻ വരുന്ന വാഹനങ്ങളുടെ കാറ്റഴിച്ചുവിടുന്നതിനുള്ള ഉപകരണവും കൊണ്ടാണ് സി. ഐ.ടി.യു തൊഴിലാളികൾ റോഡിലെത്തുന്നത്. സി. ഐ.ടി.യു നേതാവ് സിജുവുൾപ്പെടെയുള്ളവരാണ് ഇതിന് നേതൃത്വം നൽകുന്നത്.നിന്നെ കൊന്നാൽ എനിക്കൊന്നും സംഭവിക്കാനില്ല. എന്റെ വീട്ടിൽ അമ്മമാത്രമേയുള്ളൂ, അവരെ പാർട്ടി നോക്കികൊള്ളുമെന്നാണ് സിജു എന്റെ കടയിൽ കയറി ഭീഷണിപ്പെടുത്തിയത്. വെട്ടിനുറുക്കി കഷ്്ണങ്ങളായി ഇടുമെന്നാണ് ഇയാൾ തന്നെ ഭീഷണിപ്പെടുത്തുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ സ്വന്തം തൊഴിലാളികളെ കൊണ്ടു ലോഡിറക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതു നടപ്പിൽവരുത്താൻ ഇവർ അനുവദിക്കുന്നില്ല. പൊലിസ് കോടതി ഉത്തരവ് അട്ടിമറിക്കാനാണ് കൂട്ടുനിൽക്കുന്നത്. തൊഴിൽകാർഡുകൾ ഉള്ളവർക്ക് ജോലി ചെയ്യാമെന്നു ചുമട്ടുതൊഴിലാളി ക്ഷേമ നിധി ബോർഡിന്റെ നിർദ്ദേശമുണ്ടായിട്ടും സി. ഐ.ടി.യു തൊഴിലാളികൾ ഇതനുസരിക്കാൻ തയ്യാറാകുന്നില്ല. പതിനഞ്ചോളം പേർ സ്ഥിരമായി അക്രമം അഴിച്ചുവിടുകയാണെന്നും നേതാക്കൾ ഇവർക്ക് ഒത്താശചെയ്യുകയാണെന്നും മോഹൻലാൽ ആരോപിച്ചു. അമിതമായി കൂലിവാങ്ങുന്നതു കൊണ്ടാണ് സി. ഐ.ടി.യുക്കാരെ ജോലി ചെയ്യിക്കാൻ കഴിയാത്തത്. ഒരുലോഡ് പൈപ്പിറക്കാൻ ഇരുപത്തിമൂന്നായിരം രൂപ കൂലിഅവർക്ക് കൊടുക്കണം.
എന്നാൽ തന്റെ സഥാപനത്തിലെ തൊഴിലാളികളെ കൊണ്ടു രണ്ടായിരം രൂപ ചെലവഴിച്ചാൽ ലോഡിറക്കാൻ കഴിയും. അവരുവന്നാൽ പത്തുമണിക്കൊരു ചായകുടിയുണ്ട്. അതിനിടെയിൽ കുറച്ചു സമയം പണിയെടുത്തു ഉച്ചയ്ക്കു ഒരു മണിക്ക് ചോറു തിന്നാൻ പോകും.,പിന്നീട് വിശ്രമത്തിന് ശേഷം ഒരുമണിക്കൂർ ജോലി ചെയ്തു കഴിഞ്ഞു വീണ്ടും ചായകുടിക്കാൻ പോകും. വൈകുന്നേരം ഇരുമ്പ് എന്നു പറയുന്ന സാധനം കൈകൊണ്ടു തൊടില്ലെന്നാണ് പറയുന്നത്. ഇവരുണ്ടായാലും സ്വന്തം തൊഴിലാളികളെ നിർത്തേണ്ട അവസ്ഥയിലാണ്. ആറുമണിക്ക് ശേഷം എന്തെങ്കിലും ഒരു സാധനംകടയിലേക്ക് വന്നാൽ കടയുടമയായ തന്നെ പോലും കൈക്കൊണ്ടു തൊടാൻ വിടാത്ത അവസ്ഥയാണുള്ളതെന്നും മോഹൻലാൽ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്