കണ്ണൂർ: മട്ടന്നൂരിൽ സിപിഎം നിയന്ത്രിക്കുന്ന വനിതാ സഹകരണ സൊസൈറ്റിയിൽ വൻ ക്രമക്കേട് കണ്ടെത്തി. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ ക്രമക്കേടും വെട്ടിപ്പും പുറത്തുവന്നത്. സി.പി. എമ്മിന്റെ പോഷക സംഘടനയായ അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവ് പ്രസിഡന്റായ സഹകരണ സംഘത്തിൽ നടന്ന ക്രമക്കേടുകൾ പാർട്ടിക്കുള്ളിലും ചർച്ചയായിട്ടുണ്ട്.

സ്വർണപണയവായ്പമുതൽ സ്ഥിരനിക്ഷേപത്തിനുള്ള പലിശനിരക്ക് നൽകുന്നതിൽ വരെ ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. സി.പി. എം നേതാക്കളുടെ ബന്ധുക്കൾ പ്രസിഡന്റും സെക്രട്ടറിയുമായ സഹകരണ സംഘമായതിനാൽ സംഭവം ഒതുക്കി തീർക്കുന്നതിനുള്ള നീക്കങ്ങളും അണിയറയിൽ ശക്തമായി നടക്കുന്നുണ്ട്.

സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ നിന്നുള്ള സ്വർണം ചെറിയ പലിശയ്ക്ക് സഹകരണ സ്ഥാപനത്തിൽ പണയം വയ്ക്കാൻ സൗകര്യമൊരുക്കിയാണ് ലക്ഷങ്ങളുടെ വെട്ടിപ്പുനടത്തിയത്. നേരിട്ടു സംഘത്തിലെത്തുന്നവരിൽ നിന്ന് ഈടാക്കുന്നതിനെക്കാൾ പകുതി പലിശമാത്രമേ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നുള്ള സ്വർണപണയത്തിന് ഈടാക്കിയുള്ളൂ. ഇതു ബിനാമി ഇടപാടാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. വനിതാ സംഘവും സ്വകാര്യ പണമിടപാട് സ്ഥാപനും പ്രമുഖ സി.പി. എം നേതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ അടുത്തടുത്തായാണ് പ്രവർത്തിക്കുന്നത്.

ഒരാൾക്ക് സ്വർണപണയ വായ്പ പരമാവധി അഞ്ചുലക്ഷം മാത്രമേ നൽകാവൂവെന്നിരിക്കെ ഇവിടെ ഒരാൾക്ക് 83- വായ്പകളിലായി പതിനേഴുലക്ഷം രൂപ നൽകിയിട്ടുണ്ട്. ഇതു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ വ്യക്തിക്കാണ്.ഇയാൾ മൂന്ന് ലക്ഷം രൂപ കുടിശിക വരുത്തിയിട്ടും വായ്പ അനുവദിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട വായ്പകളുടെ മുതലും പലിശയുമടക്കം പതിനേഴുലക്ഷംി സഹകരണ സംഘത്തിന് നഷ്ടപ്പെട്ടതായും പലിശ കുറച്ചു വായ്പ നൽകിയതു വഴി 1.14 ലക്ഷം രൂപ നഷ്ടപ്പെടുത്തിയതായും ഓഡിറ്റ്റിപ്പോർട്ടിലുണ്ട്.

സഹകരണ നിയമത്തിനു വിരുദ്ധമായി പണമിടപാട് നടത്തിയതിനു സൊസൈറ്റി സെക്രട്ടറിയും ഭരണസമിതിയും ഉത്തരവാദികളാണെന്നു കാണിച്ച് സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ വനിതാസൊസൈറ്റി സെക്രട്ടറിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സഹകരണ നിയമം വകുപ്പ്് 66-പ്രകാരം യൂനിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിലാണ് വൻക്രമക്കേട് കണ്ടെത്തിയതെന്ന് നോട്ടീസിൽ പറയുന്നു.

കേരള സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ പ്രകാരമുള്ള വ്യവസ്ഥകളൊന്നും വനിതാ സൊസൈറ്റി പാലിച്ചിട്ടില്ല. സ്ഥിരം നിക്ഷേപങ്ങൾക്ക് അധികം പലിശ നൽകിയത് സെക്രട്ടറിയിൽ നിന്നും ഈടാക്കണം. കുടിശികയായ വായ്പയിൽ നിയമനടപടിയെടുത്തില്ല. ഭരണസമിതി അറിയാതെ സെക്രട്ടറി മിനുട്ട്സ് തിരുത്തിയെഴുതി.സഹകരണവകുപ്പിന്റെ അനുമതി ഇല്ലാതെ ജീവനക്കാർക്കു ശമ്പളം നൽകി. വ്യവസ്ഥ ഇല്ലാതെ കുടുംബശ്രീക്ക് വായ്പ നൽകി തുടങ്ങിയ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ജോയന്റെ രജിസ്ട്രാർ നോട്ടീസ് നൽകിയത്.