- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെത്രാന്‍ ആകുന്നതിന് മുന്‍പ് കര്‍ദിനാളായി; ചങ്ങനാശ്ശേരിക്കാരന് ജോര്‍ജ്ജ് ജേക്കബ് കത്തോലിക്കാസഭയിലെ അത്ഭുതം; പോപ്പിന്റെ യാത്രാ ചുമതലയുള്ള 51-കാരന് കര്ദിനാളാകുന്നതോടെ ആ പദവിയിലിപ്പോള്‍ മൂന്ന് മലയാളികള്‍
ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ്മാതാ ഇടവകാംഗമാണു നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്.
കൊച്ചി: സിറോ മലബാര്‍ സഭയിലെ ചങ്ങനാശേരി അതിരൂപതാംഗവും മാര്‍പാപ്പയുടെ യാത്രകളുടെ ചുമതലതയുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റുമായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളാകുമ്പോള്‍ അത് കത്തോലിക്കാ സഭയിലെ അത്ഭുതമാകുകയാണ്. മെത്രാന്‍ ആകുന്നതിന് മുമ്പ് കര്‍ദിനാളാകുകയാണ് ഈ 51കാരനായ വൈദികന്‍. കര്‍ദിനാളുകന്നതിനു മുന്‍പായി മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരിയില്‍ നടക്കുമെന്നാണ് സൂചന. ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ്മാതാ ഇടവകാംഗമാണു നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടേത് അപൂര്‍വമായ നടപടിയാണ്. വൈദികരെ നേരിട്ടു കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് കുറവാണ്. ഇന്ത്യന്‍ വൈദികനെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഇതാദ്യവും. നിലവില്‍ കേരളത്തില്‍നിന്നു രണ്ടു കര്‍ദിനാള്‍മാരുണ്ട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും (സിറോ മലബാര്‍ സഭ) മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും (സിറോ മലങ്കര). മൂന്നാമനായി ജോര്‍ജ് കൂവക്കാട് മാറുകയാണ്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന മോണ്‍. ജോര്‍ജ് കൂവക്കാടിന് 2020ല്‍ പ്രെലേറ്റ് പദവി നല്‍കി. അല്‍ജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററിക്ക എന്നിവിടങ്ങളില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യയോടെ സെക്രട്ടറിയായിരുന്നു. 2020ല്‍ ആണു വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തില്‍ പൊതുകാര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്.
കൂവക്കാട് ജേക്കബും ത്രേസ്യാമ്മയുമാണു നിയുക്ത കര്‍ദിനാളിന്റെ മതാപിതാക്കള്‍. ജേക്കബ് ലീലാമ്മ ദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തയാള്‍. മകനായി 1973 ഓഗസ്റ്റ് 11നു ജനിച്ചു. 2004 ജൂലൈ 24നു മാര്‍ ജോസഫ് പൗവത്തിലില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. എസ്ബി കോളജില്‍നിന്ന് ബിഎസ്സി ബിരുദം നേടി. കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിലായി വൈദികപഠനം.
റോമില്‍നിന്ന് കാനന്‍ നിയമത്തില്‍ പിഎച്ച്ഡിയും നേടി. പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. ഇളയ സഹോദരന്‍ റ്റിജി ജേക്കബ് കോഴിക്കോട്ടാണ്. സഹോദരി ലിറ്റിയാണു വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണുള്ളത്. വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ചങ്ങനാശേരി അതിരൂപതാംഗം മാര്‍ ജോര്‍ജ് കോച്ചേരി ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നിരുന്നു. ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. പിന്നാലെ രാഷ്ട്രീയ, സാമൂഹിക നേതാക്കളും വീട്ടിലേക്കെത്തി.
മാതാപിതാക്കളുടെ 50ാം വിവാഹവാര്‍ഷികവേളയില്‍ 2022ല്‍ ഇരുവരെയും മോണ്‍. കൂവക്കാട് വത്തിക്കാനിലേക്കു കൊണ്ടുപോയിരുന്നു. മാര്‍പാപ്പയെ കാണാനുള്ള അനുമതി വാങ്ങിയിരുന്നില്ല. വത്തിക്കാനും റോമും സന്ദര്‍ശിക്കാനായിരുന്നുപോക്ക്. എന്നാല്‍ മോണ്‍. കൂവക്കാടിന്റെ മാതാപിതാക്കള്‍ വത്തിക്കാനില്‍ എത്തിയെന്നറിഞ്ഞ മാര്‍പാപ്പ ഇരുവര്‍ക്കും തന്നെ നേരിട്ടു കാണാനുള്ള സൗകര്യമുണ്ടാക്കി. കൊന്ത സമ്മാനമായി നല്‍കിയാണ് അന്നു മടക്കിയയച്ചത്.
കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണു മോണ്‍. കൂവക്കാടിനു മുന്‍പേ കര്‍ദിനാള്‍ പദവിയിലെത്തിയ ചങ്ങനാശേരി അതിരൂപതാംഗങ്ങള്‍. വിശ്വാസികളുടെ എണ്ണത്തിലും ഭൂവിസ്തൃതിയിലും മുന്നിലുള്ള അതിരൂപതയ്ക്കു ലഭിച്ച മറ്റൊരു നേട്ടം കൂടിയാണ് ഈ കര്‍ദിനാള്‍ സ്ഥാനമെന്നു ഇവിടുത്തെ വിശ്വാസികള്‍ പറയുന്നു. നിയുക്ത കര്‍ദിനാളും കേരളത്തില്‍ ഇപ്പോഴുള്ള മറ്റു രണ്ടു കര്‍ദിനാള്‍മാരും എസ്ബി കോളജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെന്ന പ്രത്യേകതയുമുണ്ട്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ എസ്ബിയിലെ പൂര്‍വ വിദ്യാര്‍ഥികളാണ്.
തിരുവല്ല മൈനര്‍ സെമിനാരിയിലെ പഠനത്തോടൊപ്പമാണു ക്ലീമീസ് ബാവാ എസ്ബിയില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്. മാര്‍ ആലഞ്ചേരിയുടെ പ്രീഡിഗ്രിയും ഡിഗ്രിയും എസ്ബിയിലായിരുന്നു. മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ പ്രീഡിഗ്രി, ഡിഗ്രി പഠനം എസ്ബിയിലായിരുന്നു.