കൊച്ചി: തട്ടിപ്പു വീരൻ മോൺസൻ മാവുങ്കൽ താമസിച്ച കല്ലൂരിലെ പ്രണവം എന്ന വീട് ഇന്ന് പ്രേതാലയം! വീടുനള്ളിലെ ഫർണ്ണിച്ചറുകൾ ചിതലരിച്ചു തുടങ്ങി, ആഡംബര കാറായ പോർഷെ മുതൽ നിരവധി ആഡംബര വാഹനങ്ങൾ തുരുമ്പെടുത്തും തുടങ്ങി. കേളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കളെയും സിനിമ പ്രവർത്തകരെയും സ്വാഗതമരുളിയ പഠിപ്പുര വാതിൽ ഇന്ന് അടഞ്ഞു കിടക്കുകയാണ്. വീടിനു മുൻ ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ആറോളം ക്യാമറകൾ നിശ്ചലമാണ്.

കോടികൾ വിലവരുന്ന ഡോസ്ജ് കാറിൽ കറങ്ങിയിരുന്ന മോൺസൺ ആഡംബര ജീവിതമാണു നയിച്ചിരുന്നത്. ഈ കാർ ഇന്ന് തുരുമ്പെടുത്തു തുടങ്ങി. മിനി ഓഫിസായി മാറ്റിയ ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു. ലാപ്‌ടോപ്പും നോട്ടെണ്ണൽ യന്ത്രവുമായി ബന്ധിപ്പിച്ച നിലയിലെന്നാിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

പ്രത്യേക വാഹന വ്യൂഹത്തിനൊപ്പമാണു മോൺസൺ സഞ്ചരിച്ചിരുന്നത്. വ്യൂഹത്തിലെ മുന്നിലെയും പിന്നിലെയും വാഹനങ്ങളിലുള്ളവർക്കു നിർദേശങ്ങൾ കൈമാറൻ വാക്കി ടോക്കിയടക്കമുള്ള സംവിധാനമുൾപ്പടെ ഉണ്ടായിരുന്നു. ആഡംബര കാറുകളുടെ വൻ ശേഖരമുണ്ടായിരുന്നു മോൺസന്. കലൂരിലെ വീട്ടിൽ പോർഷെ അടക്കം മുപ്പതോളം കാറുകൾ. എന്നാൽ ഇവയിൽ പലതും കേടായതാണെന്ന വിവരവും പുറത്തുവന്നിരുന്നു. അതേസമയം മോൺസന്റെ കലൂരിയെും ചേർത്തലയിലെയും വീട്ടിൽ പൊലീസ് ബീറ്റ് ബോക്‌സുണ്ടായിരുന്നു. വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്സ് സ്ഥാപിച്ചിരുന്നത്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ഇവ വച്ചത്. പതിവ് പരിശോധനയുടെ ഭാഗമായി പൊലീസ് ഇവിടെ സ്ഥിരമായി എത്തി ബീറ്റ് രജിസ്റ്ററിൽ ഒപ്പുവക്കുകയും ചെയ്തിരുന്നു.

യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം, കുരിശിൽ നിന്നിറക്കിയ യേശുവിന്റെ മുഖം തുടച്ച തുണി, ഗാഗുൽത്തയിൽ യേശുവിന്റെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുരിശ്, യേശുവിന്റെ മുഖം തുടച്ച തൂവാലയിലെ നൂലു കൊണ്ടുണ്ടാക്കിയ മാല, യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണി, മോസയുടെ അംശവടി, സെന്റ് ആന്റണിയുടെ നഖത്തിന്റെ കഷ്ണം, അൽഫോൻസാമ്മയുടെ തിരുശേഷിപ്പ്, ചാവറയച്ചൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, സ്വർണം കൊണ്ടു നിർമ്മിച്ച പേജിലെഴുതിയ ബൈബിൾ, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തൽ വിളക്ക്, രാജാരവിവർമയുടെ ചിത്രങ്ങൾ, ടിപ്പുവിന്റെ സിംഹാസനം എന്നീ അപൂർവ പുരാവസ്തുക്കൾ തന്റെ ശേഖരത്തിലുണ്ടെന്നാണ് മോൺസൺ അവകാശപ്പെട്ടിരുന്നത്.

ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും ചേർത്തലയിലെ ആശാരിയെക്കൊണ്ട് നിർമ്മിച്ചതാണെന്നാണ് ആദ്യ ഘട്ടത്തിൽ പുറത്തുവന്ന വിവരങ്ങൾ. എന്നാൽ, സിംഹാസനം മൂന്നു വർഷം മുൻപ് എറണാകുളം കുണ്ടന്നൂരിൽ നിർമ്മിച്ചതാണെന്നാണ് മോൺസന്റെ മുൻ ഡൈവർ അജിത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അംശവടി നിർമ്മിച്ചത് എളമക്കരയിലാണെന്നും ഇയാൾ പറഞ്ഞിരുന്നു.

 

യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം കൊച്ചിയിൽ നിർമ്മിച്ചതാണെന്നുമാണ് പുറത്തുവന്ന വിവരങ്ങൾ. വിമാനയാത്രയിൽ പരിചയപ്പെട്ട മൈസൂർ രാജാവ് നരസിംഹ വൊഡയാറുമായുള്ള ബന്ധമാണു പുരാവസ്തു ശേഖരണ രംഗത്തേക്ക് എത്തിച്ചതെന്നാണ് മോൺസൺ പറഞ്ഞിരുന്നത്.

മതിൽ നിറയെ ചിത്രങ്ങളുള്ള കലൂരിലെ വീട്ടിലേക്കു പുറത്തുനിന്ന് അധികം പേരെ പ്രവേശിപ്പിച്ചിരുന്നില്ല. നിരവധി സിസിടിവി ക്യാമറകളുള്ള വീട്ടിൽ സുരക്ഷയ്ക്കായി നായ്ക്കളുണ്ട്. ഇതിനു പുറമെ സ്വകാര്യ ഏജൻസിയുടെ സുരക്ഷയുമുണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപ് ചേർത്തലയിലെ ഒരു വീടിന്റെ മുകളിൽ നിലയിൽ താമസിച്ചിരുന്ന മോൺസൺ പിന്നീട് തേവരയിലെ ഫ്ളാറ്റിലേക്കും 2014ൽ കലൂരിലെ വാടകവീട്ടിലേക്കും മാറുകയായിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്.

കൂടാതെ വീടിനു മുമ്പിലായി വച്ച രഥത്തിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ മോൺസൻ പുറത്തു വിട്ടിരുന്നു. ഇന്ന് അത് വീടിന്റെ അരകിലായി നശിച്ചു കൊണ്ടിരിക്കുകയാണ്. അൻപതിനായിരം രൂപയാണ് മാസ വാടകയായി ഈ വീടിനു മോൺസൻ നൽകിയിരുന്നത്. കേസിൽ അകപ്പെട്ടതിനു ശേഷം വീടിനുള്ളിലെ സാധനങ്ങൾ ഒഴിപ്പിക്കാനോ മറ്റോ സാധിച്ചിട്ടില്ല. എന്തായാലും കോടികൾ വില വരുന്ന വീടാണ് നിലവിൽ നശിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഉടമസ്ഥന വലിയ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ചേർത്തലയിലെ ഒരു വീടിന്റെ മുകളിൽ നിലയിൽ താമസിച്ചിരുന്ന മോൺസൺ പിന്നീട് തേവരയിലെ ഫ്‌ളാറ്റിലേക്കും 2014ൽ കലൂരിലെ വാടകവീട്ടിലേക്കും മാറുകയായിരുന്നുവെന്നാണ് പരാതിക്കാർ പറഞ്ഞത്.