- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് മുള്ളംകൊല്ലി വേലായുധൻ കുത്തിയ കത്തിയാണ്.. കാശില്ല... നീയെന്തുചെയ്യും'; മേശപ്പുറത്ത് കത്തി കുത്തി ലഹരിസംഘത്തിന്റെ വാക്കുകൾ ഇങ്ങനെ; കള്ളുഷാപ്പും റെസ്റ്റോറന്റുമായി പ്രവർത്തിക്കുന്ന 'മൂക്കൻസ് മീൻചട്ടി'യിൽ ഇതെല്ലാം പതിവുകാഴ്ച്ച; ഗുണ്ടാ സംഘത്തിന്റെ വിളയാട്ടത്തിൽ ഷാപ്പും റെസ്റ്റോറന്റും പൂട്ടാനൊരുങ്ങി പ്രവാസി; വെള്ളത്തിലായത് 35 ലക്ഷം രൂപ!
ഏറ്റുമാനൂർ: ഗുണ്ടാ - ക്രിമിനൽ സംഘത്തിന്റെ വിളയാട്ടം ഭയന്ന് സ്ഥാപനം പൂട്ടി നാടുവിനാടാൻ ഒരുങ്ങി പ്രവാസി വ്യവസായി. ഏറ്റുമാനൂർ സ്വദേശിയായ വ്യവസായിയാണ് ഗുണ്ടാ സംഘങ്ങളുടെ തേർവാഴ്‌ച്ചയെ തുടർന്ന് നാടുവിടാൻ ഒരുങ്ങുന്നത്. ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടമാണ് ഇവിടെയെന്നാണ് അദ്ദേഹം പറയുന്നത്. കള്ളുഷാപ്പിൽ കറി നൽകുന്നയാളുടെ മേശപ്പുറത്ത് ഒരു കത്തി കുത്തിനിർത്തി സിനിമാ സ്റ്റൈൽ ഡയലോഗും പറഞ്ഞാണ് ഇവരുടെ അഴിഞ്ഞാട്ടം. കേരളം വ്യവസായ സൗഹൃദമാണെന്ന് പറയുമ്പോഴാണ് ഈ ദുരവസ്ഥയെന്നതാണ് കാര്യം.
''ഇത് മുള്ളംകൊല്ലി വേലായുധൻ കുത്തിയ കത്തിയാണ്. കാശില്ല... നീയെന്തുചെയ്യും''- എന്നു പറഞ്ഞു കൊണ്ടാണ് യുവാവ് ഭീഷണിപ്പെടുത്തിയതെന്നാണ് സ്ഥാപന ഉടമ പറയുന്നത്. അതിരമ്പുഴ-നീണ്ടൂർ റോഡിലെ കള്ളുഷാപ്പിലെ നിത്യസംഭവങ്ങളിലൊന്നുമാത്രമാണിത്. ആറുമാനൂർ ഇല്ലത്തുപറമ്പിൽ ജോർജ് വർഗീസെന്ന പ്രവാസിയുടേതാണ് 'മൂക്കൻസ് മീൻചട്ടി' എന്ന പേരിലുള്ള കിഴക്കേച്ചിറ കള്ളുഷാപ്പും റെസ്റ്റോറന്റും. മയക്കുമരുന്ന് ഗുണ്ടാസംഘങ്ങളുടെ തേർവാഴ്ചയിൽ വ്യാപാരം നശിച്ചതിനാൽ നാടുവിടാനൊരുങ്ങുകയാണ് ഇദ്ദേഹം.
4സ്റ്റാർ ഹോട്ടൽ പരിചയമുള്ള 3 ഷെഫുകൾ ഉൾപ്പടെ 18 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലുതും വൃത്തിയും ഭംഗിയുമുള്ള കള്ള് ഷാപ്പാണ് തന്റേതെന്ന് ജോർജ് അവകാശപ്പെടുന്നു. അതിരമ്പുഴയിലെ കോട്ടമുറി കോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ഥാപനത്തിൽ എത്തുന്നവരെ മർദിക്കുകയും ചെയ്യുന്നു. കൂടാതെ സ്ഥാപനത്തിലെത്തുന്നവരുടെ വാഹനങ്ങൾ അക്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നതുമൂലം റെസ്റ്റോറന്റിൽ കച്ചവടം സുഗമമായി നടത്താൻ പറ്റാത്ത സ്ഥിതിയാണ്.
ഗുണ്ടാപിരിവെന്ന പോലെ കഴിക്കുന്ന ഭക്ഷണത്തിന് പണം നൽകുകയുമില്ല. മാഫിയ ആക്രമണത്തിൽ അതിരമ്ബുഴയിലെ മൂന്ന് വാർഡുകളിൽ വസ്തുവിന് പോലും വില കുറഞ്ഞു. തെങ്ങിൻ തോപ്പുകളിൽ വന്ന് സംഘമായി കരിക്കിടുന്നതും ചോദിക്കുന്നവരെ ആക്രമിക്കുന്നതും പതിവാണ്. മരങ്ങൾ കഞ്ചാവ് സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നു. പൊലീസിലും എക്സൈസിലും പരാതി നൽകിയിട്ടും ഫലമില്ലെന്ന് ജോർജ് പറയുന്നു.
നിത്യവും അഞ്ചുപേർ ഷാപ്പിൽ വരും. പരസ്യമായി കഞ്ചാവുബീഡി തെറുത്ത് വലിക്കും. പിന്നെ, മൂക്കുമുട്ടെ തിന്നും. ചോദിക്കുന്നതെല്ലാം കൊടുക്കണം. എല്ലാം വലിച്ചുവാരിതിന്നുന്നത്, മറ്റു ടേബിളുകളിലിരിക്കുന്നവർ നോക്കിയാലും ചീത്തവിളിക്കും. പ്രതികരിച്ചാൽ കത്തിയൂരി ആക്രമിക്കാൻചെല്ലും. കഴിഞ്ഞദിവസം കഞ്ചാവുസംഘം, എക്‌സൈസുകാരെ പരസ്യമായി വെല്ലുവിളിച്ചത് ഇതിന്റെ പരിസരത്താണ്. 'സാധനം കൈവശമുണ്ട്. ധൈര്യമുണ്ടെങ്കിൽ പിടിക്കെടാ' എന്നായിരുന്നു വെല്ലുവിളി.
ഫോർ സ്റ്റാർ ഹോട്ടലിൽ ജോലിചെയ്തിട്ടുള്ള മൂന്ന് ഷെഫുമാർ ഉൾപ്പെടെ 18 പേർക്ക് ഇവിടെ തൊഴിൽ നൽകുന്നുണ്ട്. റെസ്റ്റോറന്റുമുള്ളതിനാൽ നിരവധിപ്പേർ കുടുംബാംഗങ്ങളുമായി ഭക്ഷണം കഴിക്കാനെത്തിയിരുന്നു. എന്നാൽ, കഞ്ചാവുമാഫിയയുടെ ഭീഷണിമൂലം ഇതെല്ലാം കുറഞ്ഞെന്ന് ജോർജ് വർഗീസ് പറഞ്ഞു. ''35 ലക്ഷം രൂപയോളം മുടക്കിയാണ് സ്ഥാപനം ആരംഭിച്ചത്. ഇത് നിർത്തി വിദേശത്തേക്ക് തിരിച്ചുപോകേണ്ട അവസ്ഥയിലാണ്. ഞാൻ യൂറോപ്പിലെ പൗരത്വം എടുക്കാനും തീരുമാനിച്ചിട്ടുണ്ട്''-ഇത് പറഞ്ഞുതീർന്നപ്പോൾ ജോർജ് കരഞ്ഞു.
അതേസമയം, കിഴക്കേച്ചിറ കള്ളുഷാപ്പിൽ ആക്രമണം നടത്തിയെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ പേമലമുകളേൽ വിഷ്ണു യോഗേഷ് (22), കോട്ടമുറി കുഴിപ്പറമ്പിൽ എം.ആഷിക് (25) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റുചെയ്തത്. പ്രതികൾ ഡിസംബർ നാലിന് കള്ളുഷാപ്പിൽ മാരകായുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിക്കുകയും, ഉപകരണങ്ങൾ അടിച്ചുതകർക്കുകയുംചെയ്‌തെന്നാണ് കേസ്.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരമായിരുന്നു നടപടികൾ. ആഷിക്കിന്റെയും വിഷ്ണുവിന്റെയും പേരിൽ വേറേയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. സി.ആർ. രാജേഷ് കുമാർ, എസ്‌ഐ. കെ.കെ.പ്രശോഭ്, സി.പി.ഒ.മാരായ ഡെന്നി, പ്രവീൺ, പ്രേംലാൽ രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
മറുനാടന് മലയാളി ബ്യൂറോ