തൃശൂർ: മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കഴിഞ്ഞ ദിവസം കൂട്ടത്തല്ല് നടന്നിരുന്നു. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് സംഘർഷമുണ്ടായത്. സഭാ ബന്ധം ഉപേക്ഷിച്ച കുടുംബത്തെ തല്ലിചതച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തിൽ ഷാജിയേയും കുടുംബത്തെയും ആണ് ആക്രമിച്ചത്. ഇതിന് പിന്നാലെ ശനിയാഴ്ച

സഭയിൽ നിന്നും പുറത്തു പോയ വിശ്വാസിയുടെ വീടിന് മുന്നിൽ എംപറർ ഇമ്മാനുവൽ വിശ്വാസികൾ ധർണ്ണ നടത്തുകയും ബന്ധുവിന്റെ കാർ അടിച്ചു തകർക്കുകയും ചെയ്തു.

എംപറർ ഇമ്മാനുവൽ വിശ്വാസ പ്രസ്ഥാനത്തിന്റെയും അവരുടെ സിയോൺ സഭയുടെയും നേതാവായ സ്ത്രീയുടെയും ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചു എന്ന ആരോപണത്തിന്മേലാണ് അതിക്രമം ഉണ്ടായിരിക്കുന്നത്. സഭയിൽ നിന്നും പുറത്ത് പോയ കൊട്ടാരക്കര ഷാജിയെയും കുടുംബത്തെയുമാണ് ഏതാനും ദിവസങ്ങളായി എംപറർ ഇമ്മാനുവൽ വിശ്വാസികൾ വളഞ്ഞിട്ട് ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഷാജിയുടെ മകൻ സാജനെയും ഭാര്യയെയും എംപറർ ഇമ്മാനുവൽ വിശ്വാസ സ്ത്രീകൾ കാർ തടഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെയാണ് ഇന്ന് അതിക്രമമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ അക്രമത്തിൽ 11 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഷാജിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഷാജിയുടെ വീടിന് മുന്നിൽ മൂന്നൂറിലധികം വിശ്വാസികൾ തടിച്ചു കൂടുകയും ഷാജിയുടെ മകളുടെ ഭർത്താവിന്റെ ബന്ധു ബിബിൻ സണ്ണിയെ മർദ്ദിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്തു. ബിബിൻ കത്തിയുമായി കുത്താൻ വന്നു എന്നാരോപിച്ച് പൊലീസിന്റെ മുന്നിൽ വച്ചാണ് അക്രമം ഉണ്ടായത്. മർദ്ദനത്തിൽ പരിക്കേറ്റ ബിബിനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയായിരുന്നു അക്രമം. കൂട്ടമായെത്തിയ വിശ്വാസികൾ ഷാജിയുടെ വീടിന് മുന്നിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധം നടത്തുകയായിരുന്നു. ഈ സമയമാണ് ബിബിൻ കാറിൽ അവിടേക്ക് എത്തുന്നത്. ബിബിനെ കണ്ടതും പ്രകോപിതരായ സ്ത്രീകളടക്കമുള്ള വിശ്വാസികൾ കാർ വളഞ്ഞു. ബിബിന്റെ കയ്യിൽ കത്തിയുണ്ടെന്ന് പറഞ്ഞാണ് അക്രമം തുടങ്ങിയത്. കൂട്ടമായി ആളുകൾ കാറിന് മുന്നിലും പിന്നിലും നിന്ന് അക്രമം തുടങ്ങി. കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ബിബിനെ മർദ്ദിക്കുകയും ചെയ്തു. സ്ത്രീകളാണ് അക്രമത്തിൽ മുന്നിട്ട് നിന്നത്. ആളൂർ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമികൾ വക വച്ചില്ല

. നാലോളം പൊലീസുകാർക്ക് ഇവരെ ചെറുക്കാൻ കഴിഞ്ഞില്ല. അക്രമത്തിന് പിന്നാലെ സമീപത്തെ മറ്റ് സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഇനിയും അക്രമം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.

അതേ സമയം ബിബിൻ കത്തിയുമായി തങ്ങളെ ആക്രമിക്കാൻ വന്നത് ചെറുത്ത് നിന്നതാണെന്നാണ് അക്രമം നടത്തിയ എംപറർ ഇമ്മാനുവൽ വിശ്വാസികൾ പറഞ്ഞത്. കാർ അടിച്ചു തകർക്കുന്നതിനിടയിൽ ഒരാളുടെ കൈക്ക് ചില്ലു കൊണ്ട് മുറിവേറ്റിട്ടുണ്ട്. സഭാ നേതാവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഷാജിയുടെ കുടുംബത്തെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം നടത്തുമെന്നാണ് ഇവർ പറയുന്നത്. അതേസമയം മോർഫ് ചെയ്തു പ്രചരിപ്പിച്ചു എന്നു പറയുന്നത് വ്യാജ പ്രചരണമാണെന്നാണ് ഷാജിയും കുടുംബവും പറയുന്നത്.