പത്തനംതിട്ട: ജില്ലയുടെ കിഴക്കന്മേഖലയിൽ പേമാരി. ഉരുൾപൊട്ടലുണ്ടായി എന്നും സംശയം. വെറും മൂന്നു മണിക്കൂർ കൊണ്ട് സംഭരണ ശേഷി കവിഞ്ഞ മൂഴിയാർ ഡാമും മണിയാർ ബാരേജും തുറന്നു വിട്ടു. മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. രണ്ടെണ്ണം പിന്നീട് അടച്ചു. കനത്ത മഴയിൽ മൂഴിയാൾ സായിപ്പൻകുഴിയിൽ ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നു. ഗവിയിലേക്കുള്ള പാത മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് അടച്ചു.

വൈകിട്ട് മൂന്നിന് തുടങ്ങിയ മഴയിൽ മൂഴിയാർ ഡാം നിറഞ്ഞത് വെറും രണ്ട് മണിക്കൂർ കൊണ്ടാണ്. വൈകിട്ട് ആറിന് കലക്ടർ റെഡ് അലെർട്ട് പ്രഖ്യാപിച്ച് അരമണിക്കൂർ കഴിയുന്നതിന് മുൻപാണ് മൂഴിയാർ ഡാം തുറന്നു വിട്ടത്. വനത്തിൽ നിന്നും അതിശക്തമായി വെള്ളം വന്നതാണ് ഉരുൾപൊട്ടൽ സംശയിക്കാൻ കാരണമായിട്ടുള്ളത്.

മൂഴിയാർ ഡാം ഷട്ടർ ഉയർത്തിയതിന് പിന്നാലെ കക്കാട്ടാറ്റിൽ വെള്ളത്തിന്റെ വരവ് കൂടിയതോടെ കാരികയത്തും മണിയാർ കാർബൊറാണ്ടത്തിലും വൈദ്യുതോത്പാദനം പുനരാരംഭിച്ചു. ആറന്മുള വള്ളംകളിക്കായി മണിയാർ ബാരേജിൽ വെള്ളം സംഭരിച്ചു വച്ചിരുന്നതിനാൽ കാർബറാണ്ടത്തിലെ വൈദ്യുതോത്പാദനം താൽക്കാലികമായി നിർത്തി വച്ചിരുന്നതാണ് പുനരാരംഭിച്ചത്. മൂഴിയാർ ഡാമിൽ നിന്നുമുള്ള വെള്ളവും നിലയ്ക്കാതെ ചെയ്യുന്ന മഴയിലെ വെള്ളവും കൂടുതലായി എത്തിയതോടെയാണ് മണിയാർ ബാരേജ് തുറന്നു വിട്ടത്.

മൂഴിയാർ ഡാമിൽ ജലനിരപ്പുയർന്നതോടെ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് ആറിന് ജലനിരപ്പ് 190 മീറ്ററിന് മുകളിലെത്തിയതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കിഴക്കൻ മലയോരത്ത് മേഘസ്ഫോടനമുണ്ടായെന്നും സംശയം ഉയർന്നു. കക്കാട്ടാറിന്റെയും മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.ഗവി റൂട്ടിൽ പലയിടത്തും, (അപ്പർ മൂഴിയാർ, 40 ഏക്കർ, കക്കി ) മണ്ണിടിച്ചിൽ മൂലം ഗതാഗതം നിരോധിച്ചു.

കനത്ത മഴ തുടരുന്നതോടെ പമ്പയിലും ജലനിരപ്പ് ഉയരുകയാണ്. നാളെ നടക്കുന്ന ഉതൃട്ടാതി ജലമേളയ്ക്ക് മഴ അനുഗ്രഹമായി. ആറു വർഷത്തിന് ശേഷം ഉതൃട്ടാതി ജലമേളയിൽ മത്സര വള്ളംകളി നടക്കുകയാണ്. എന്നാൽ, പമ്പയിൽ അസാധാരണമായ നിലയിൽ ജലനിരപ്പ് താഴ്ന്നതും മൺപുറ്റ് പൊന്തി വന്നതും വള്ളംകളിക്ക് തടസമാകുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ദിവസം തിരുവോണത്തോണി കാട്ടൂരിലേക്ക് പോകുന്നതിന് താഴ്ന്ന ജലനിരപ്പ് തടസമായിരുന്നു. കെട്ടിവലിച്ചാണ് തോണി കൊണ്ടു പോയത്. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യയ്ക്ക് എത്തുന്ന പള്ളിയോടങ്ങളും ഏറെ ബുദ്ധിമുട്ടി. അതിനാൽ പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽ തന്നെ കെട്ടിയിടുകയാണ് ചെയ്തത്. ഇതിന്റെ അമരത്ത് നിന്ന് കുമിളകൾ മോഷണം പോയതും തലവേദനയായി.