അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നവീണ് 130 ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് നിർമ്മാണ പ്രവൃത്തിയിലെ അനാസ്ഥ തന്നെ.ടെണ്ടർപോലും വിളിക്കാതെയാണ് പാലം നിർമ്മാണത്തിൽ ഒരു പരിചയവുമില്ലാത്ത കമ്പനിക്ക് അധികൃതർ നിർമ്മാണ ചുമതല നൽകിയത്.ബാറ്ററിയും ബൾബും ഒക്കെ നിർമ്മിക്കുന്ന കമ്പനിക്കാണ് നിർമ്മാണച്ചുമതല നൽകിയതെന്ന ആക്ഷേപം ശക്തമാണ്.ഒപ്പം എഴുമാസക്കാലത്തോളം നവീകരണത്തിനായി അടച്ചിട്ടെങ്കിലും പാലം തുറന്നപ്പോൾ കണ്ടത് ഭൂരിഭാഗം കേബിളുകളും പഴയത് തന്നെയാണ് എന്നാണ്.

കൊടിയ അനാസ്ഥയുടെ കഥകളാണ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പാലത്തിന്റെ നവീകരണത്തിന് ടെൻഡർ വിളിച്ചിരുന്നില്ലെന്നും സൂചനയുണ്ട്. മോർബി മുനിസിപ്പാലിറ്റി ഒറേവ എന്ന ഗുജറാത്ത് കമ്പനിക്ക് പാലം നവീകരിക്കാനുള്ള കരാർ നൽകിയത് ടെൻഡർ ക്ഷണിക്കാതെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.ഇതിന് പുറമെ പാലം പണി കഴിഞ്ഞ് തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് ഒറേവ കമ്പനിക്കാർ അറിയിച്ചിരുന്നില്ലെന്ന് മുനിസിപ്പാലിറ്റി അധ്യക്ഷൻ സന്ദീപ്‌സിൻഹ് സാല പറഞ്ഞു.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒറേവ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഒറേവ കമ്പനിക്കാർ പാലത്തിന്റെ സാങ്കേതിക നവീകരണം ദേവ്പ്രകാശ് സൊലൂഷൻസ് എന്ന ചെറിയ നിർമ്മാണ കമ്പനിക്ക് കൈമാറിയിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.രണ്ടുകോടി രൂപയ്ക്ക് 100% പണികളും തീർത്തുവെന്നാണ് കഴിഞ്ഞയാഴ്ച പാലം തുറന്നുകൊടുക്കവെ ഒറേവ കമ്പനിയുടെ എംഡി ജയ്‌സുഖ്ഭായ് പട്ടേൽ പറഞ്ഞത്.

അതേസമയം കയറാവുന്നതിലും അധികം ആളുകളെ കയറ്റിയതിനാലാണ് പാലം തകർന്നതെന്നാണ് ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പാലത്തിന്റെ മെറ്റൽ സാംപിളുകൾ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വെളിപ്പെട്ടത്. കൂടുതൽ ആളുകൾ എത്തിയപ്പോൾ അത് പാലത്തിന്റെ ഉറപ്പിനെ ബാധിച്ചു.

സംഭവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ ഗാന്ധിനഗറിലെ ഗുജറാത്ത് രാജ്ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.ഗാന്ധിനഗറിലെ രാജ്ഭവനിലാണ് യോഗം നടന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തരമന്ത്രി ഹർഷ സംഘവി, ചീഫ് സെക്രട്ടറി, ഗുജറാത്ത് ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച ദുരന്തബാധിത മേഖല പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ത്രിദിന സന്ദർശനത്തിനായി മോദി ഗുജറാത്തിൽ ഉണ്ടായിരുന്നു.

ഞായറാഴ്ച വൈകിട്ടാണ് മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമ്മിച്ച, 140 വർഷം പഴക്കമുള്ള പാലം തകർന്നു വീണത്. സംഭവത്തിൽ 47 കുട്ടികൾ ഉൾപ്പെടെ 130 പേർ മരിച്ചിരുന്നു.പാലം തകർന്ന സംഭവത്തിൽ ഇതുവരെ 9 പേർ അറസ്റ്റിലായി.നവീകരണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്ത കമ്പനിയായ അജന്ത ഒരേവയുടെ രണ്ട് മാനേജമാർ, രണ്ട് ടിക്കറ്റ് വിൽപനക്കാർ, രണ്ട് കരാറുകാർ, മൂന്ന് സുരക്ഷാ ജീവനക്കാർ എന്നിവരാണ് അറസ്റ്റിലായതെന്ന് രാജ്കോട്ട് റെയ്ഞ്ച് ഐജി അശോക് യാദവ് അറിയിച്ചു.

തെളിവുകൾ ഇനിയും ശേഖരിക്കാൻ കഴിഞ്ഞാൽ കൂടുതൽ ആളുകൾ അറസ്റ്റിലായേക്കും. ഗുജറാത്ത് പൊലീസിന്റെ പ്രത്യേകാന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും ഐജി മാധ്യമങ്ങളെ അറിയിച്ചു.യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയേദ് അൽ നഹ്യാൻ, പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവേക്കി എന്നിവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. നേരത്തെ സൗദി അറേബ്യയും റഷ്യയും ഇന്ത്യയിലെ യുഎസ് മിഷനും അനുശോചിച്ചിരുന്നു.രാത്രിയായതോടെ മച്ചു നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചു. ഇനി ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും.