- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷക്കാലം വിദേശത്ത് പഠിക്കാൻ പോയത് 30 ലക്ഷം ഇന്ത്യാക്കാർ; കഴിഞ്ഞ വർഷം മാത്രം ഏഴര ലക്ഷം പേർ; വിദേശ വിദ്യാർത്ഥികളിൽ നാലു ശതമാനവും മലയാളികൾ; നാടു വിടുന്നവർക്ക് ടാക്സ് ഏർപ്പെടുത്താൻ കേരളം
ന്യൂഡൽഹി: 2017 മുതൽ 2022 വരെയുള്ള അഞ്ച് വർഷക്കാലയളവിൽ 30 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് ഉപരിപഠനാർത്ഥം പോയത് എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നു. ജെ ഡി യു എം പി രാജീവ് രഞ്ജൻ സിംഗിന്റെ ഒരു ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോകുന്നവരുടെയും അവിടെനിന്ന് വരുന്നവരുടെയും രേഖകൾ ആഭ്യന്തര മന്ത്രാലയത്തിലെ ബ്യുറോ ഓഫ് ഇമിഗ്രേഷൻസ് സൂക്ഷിക്കുന്നുണ്ട് എന്നാൽ അതിൽ ഉന്നത വിദ്യാഭ്യാസത്തിനായി പോയവരുടെ എണ്ണം വ്യക്തമല്ല. വിദേശത്ത് പോകുന്ന ഇന്ത്യാക്കാരുടെ യാത്രോദ്ദേശ്യം രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഇപ്പോഴില്ല എന്നും അവർ നടത്തുന്ന വെളിപ്പെടുത്തലുകളെ ആശ്രയിച്ചാണ് അത് കണക്കാക്കുനന്തെന്നും അദ്ദേഹം പറഞ്ഞു.
2022-ൽ 7.50 ലക്ഷം ഇന്ത്യാക്കാരാണ് വിദേശത്തേക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പോകുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും സർക്കാർ അറിയിച്ചു. തൊട്ടു മുൻപിലെ വർഷങ്ങളിൽ ഇത് 2021, 2020, 2019, 2018, 2017 എന്നീ വർഷങ്ങളിൽ യഥാക്രമം 4.4 ലക്ഷം, 2.59 ലക്ഷം, 5.86 ൽ;അക്ഷം, 5.17 ലക്ഷം, 4.54 ലക്ഷം എന്നിങ്ങനെയായിരുന്നു. വിദേശത്ത് പഠനാവശ്യത്തിനായി ഇന്ത്യാക്കാർ ചെലവഴിക്കുന്ന മൊത്തം തുക ഇന്ത്യയുടെ വിദ്യാഭ്യാസ ബജറ്റിലെ തുകയേക്കാൾ കൂടുതലാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. ഇത് ലാഭിക്കാനായി രാജ്യത്ത് അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളുടെ ക്യാമ്പസ്സുകൾ തുടങ്ങുന്ന കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, ഇതിന് അനുകൂലമായ രീതിയിൽ യു ജി സി നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് പൊതുജനാഭിപ്രായം അറിയുവാൻ അവർ അത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ ഫെബ്രുവരി 20 വരെ അതിനെ കുറിഛ്കുള്ള അഭിപ്രായം അറിയിക്കാനാവും.
വിദേശപഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ മലയാളികൾ 4 ശതമാനം മാത്രം
അതേസമയം, ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ മലയാളികൾ വെറും 4 ശതമാനം മാത്രമേയുള്ളു എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എം എൽ എ മഞ്ഞളാമ്കുഴി അലിയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
മസ്തിഷ്‌ക ചോർച്ച (ബ്രെയിൻ ഡ്രെയിൻ) തടയുന്നതിനും അതുപോലെ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനും കേരളത്ത്ലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ സജീവമാക്കണം എന്നായിരുന്നു എം എൽ എ ആവശ്യപ്പെട്ടിരുന്നത്. പാർലമെന്റിൽ വെച്ച രേഖകൾ പ്രകാരം 2022 നവംബർ വരെ 6.46 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക് ഉപരി പഠനാർത്ഥം പോയി എന്ന് മന്ത്രി പറഞ്ഞു. ഇതിൽ 12 ശതമാനം പേർ വീതം ആന്ധ്രയിൽ നിന്നും പഞ്ചാബിൽ നിന്നുമാണെന്നും 11 ശതമാനം പേർ മഹാരാഷ്ട്രയിൽ നിന്നുമാണെന്നും പറഞ്ഞ മന്ത്രി, കേരളത്തിൽ നിന്നുള്ളവർ ഇക്കൂട്ടത്തിൽ 4 ശതമാനം മാത്രമേയുള്ളു എന്നും പറഞ്ഞു.
കോവിഡ് കാലത്തിനു ശേഷം കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന പ്രവണതക്ക് ഇപ്പോൾ വീണ്ടും വേഗത കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2016 ൽ 18,428 പേരാണ് കേരളത്തിൽ നിന്നും വിദേശത്തേക്ക് പഠിക്കാൻ പോയത് 2017-ൽ 21,093 പേരും, 2018-ൽ 26,456 പേരും 2019 ൽ 30,948 പേരും പോയപ്പോൾ കോവിഡ് താണ്ഡവമാടിയ 2020 ൽ പോയത് 15,277 പേരായിരുന്നു.
പെർമെനന്റ് റെസിഡൻസി പെർമിറ്റും പോസ്റ്റ്ഗ്രാഡ്വേറ്റ് വർക്ക് പെർമിറ്റുമാണ് മിക്കവരെയും വിദേശങ്ങളിലേക്ക് ആകർഷിക്കുന്നതെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസ വായ്പകളുടെ ലഭ്യത, മെച്ചപ്പെട്ട സാമൂഹിക ജീവിതം എന്നിവയും വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് കാരണമാണ്. വിദ്യാർത്ഥികൾ വിദേശങ്ങളിൽ പഠനത്തിന് പോകുന്നതിൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരവുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നിയമനിർമ്മാണത്തിന്
അതിനിടെ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാൻ കേരളം നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നതായി കേരള കൗമിദി റിപ്പോർട്ട് ചെയ്യുന്നു. ഉന്നത പഠനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ എന്ന പേരിലായിരിക്കും ഇത് എന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ നിയമ നിർമ്മാണത്തെ കുറിച്ച് പഠിക്കാനായി ഡിജിറ്റൽ സവകലാശാല വി സി പ്രൊഫ.. സജി ഗോപിനാഥ് അദ്ധ്യക്ഷനായും, വിദ്യാർത്ഥി കുടിയേറ്റത്തെ കുറിച്ച് പഠിക്കാനായി കണ്ണൂർ സർവകലാശാല വി സി ഗോപിനാഥ് രവിചന്ദ്രൻ അദ്ധ്യക്ഷനായും രണ്ട് സമിതികളും രൂപീകരിച്ചിട്ടുണ്ട്.
ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിലനിൽക്കുന്നകുടിയേറ്റ നിയന്ത്രണ നിയമങ്ങളുടെ മാതൃകയിലായിരിക്കും കേരളത്തിലും നിയമം കൊണ്ടു വരിക എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഐ. ടി,, എഞ്ചിനീയറിങ് മേഖലകളിലെ വിദ്യാർത്ഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് കേരളത്തിന് ശരിക്കും വലിയൊരു വെല്ലുവിളി ആകുന്നുണ്ട്. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളിൽ പഠനത്തിന് പോകുന്നവർ അവിടെ ജോലി നേടി സ്ഥിരതാമസമാക്കുന്നത് കേരളത്തിന്റെ സാമ്പത്തിക മേഖലക്കും പ്രഹരമേൽപിക്കുന്നുണ്ട്.
മറുനാടന്‍ ഡെസ്‌ക്