- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
163 മീറ്റർ നീളവും 17 മീറ്റർ വീതിയും; മണിക്കൂറിൽ 56 കിലോമീറ്റർ പരമാവധി വേഗം; കണ്ണിമ വെട്ടുന്ന വേഗത്തിൽ ശത്രു കപ്പലിനെ നശിപ്പിക്കും; കരുത്തായി 'നശീകരണ' കപ്പൽ മോർമുഗാവോ ഇന്ന് കമ്മീഷൻ ചെയ്യും; ഇന്ത്യൻ മഹാസമുദ്രത്തിൽ ഇനി ഇന്ത്യൻ താണ്ഡവം
ന്യൂഡൽഹി : നാവികസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പലായ 'മോർമുഗാവോ' ഇന്ന് മുംബൈയിൽ കമ്മിഷൻ ചെയ്യും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കും. അത്യാധുനിക റഡാർ സംവിധാനങ്ങളുള്ള കപ്പലിനു ബറാക്, ബ്രഹ്‌മോസ് മിസൈലുകൾ വഹിക്കാം. 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുണ്ട്. മണിക്കൂറിൽ 56 കിലോമീറ്ററാണു പരമാവധി വേഗം.
മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും ഘടിപ്പിച്ച ഐഎൻഎസ് മോർമുഗാവോ നാവികസേനയിൽ ചേരുമ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ ശക്തി ഇനിയും വർധിക്കും. മോർമുഗാവോ ശത്രുവിന്റെ കപ്പലിനെ കണ്ണിമവെട്ടുന്ന വേഗതയിൽ നശിപ്പിക്കാൻ പോന്നതാണ്. ഇന്ത്യൻ നാവികസേനയുടെ 'വാർഷിപ്പ് ഡിസൈൻ ബ്യൂറോ' രൂപകൽപ്പന ചെയ്ത ഈ ഡിസ്ട്രോയർ യുദ്ധക്കപ്പൽ മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡാണ് നിർമ്മിച്ചത്.
പടിഞ്ഞാറൻ തീരത്തെ ചരിത്രപ്രധാനമായ തുറമുഖ നഗരമായ ഗോവയുടെ പേരിലാണ് ഐഎൻഎസ് മോർമുഗാവോ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 19 ന് ഐഎൻഎം മോർമുഗാവോ ആദ്യമായി കടലിലിറങ്ങി, അതേ ദിവസം തന്നെയായിരുന്നു പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവ സ്വാതന്ത്ര്യം നേടി 60 വർഷം പൂർത്തിയാക്കിയിരുന്നത്.
ഐഎൻഎസ് മോർമുഗാവോയുടെ പ്രത്യേകതകൾ
ഇന്ത്യയിൽ നിർമ്മിച്ച ശക്തമായ യുദ്ധക്കപ്പലുകളിൽ ഒന്നായ ഐഎൻഎസ് മോർമുഗാവോയ്ക്ക് 163 മീറ്റർ നീളവും 17 മീറ്റർ വീതിയും 7,400 ടൺ ഭാരവുമുണ്ട്. നാല് ശക്തിയേറിയ ഗ്യാസ് ടർബൈനുകളാൽ സജ്ജീകരിച്ചിരിക്കുന്ന കപ്പലിന് 30 നോട്ടിക്കൽ മൈലിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാനാകും. ബ്രഹ്‌മോസ്, ബരാക്-8 തുടങ്ങിയ മിസൈലുകളാണ് ഐഎൻഎസ് മോർമുഗാവോയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് ഇസ്രയേലിന്റെ റഡാർ MF-STAR ഉണ്ട്. ഇതിലൂടെ വായുവിലെ ദീർഘദൂര ലക്ഷ്യങ്ങൾ കണ്ടെത്താൻ കപ്പലിന് കഴിയും.
127 എംഎം തോക്ക് ഘടിപ്പിച്ച ഐഎൻഎസ് മോർമുഗാവോയ്ക്ക് 300 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ കഴിയും. AK-630 ആന്റി മിസൈൽ തോക്ക് സംവിധാനമാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചറും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
മെയ്ഡ് ഇൻ ഇന്ത്യ
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് ഈ തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആണവ, ജൈവ, രാസ യുദ്ധങ്ങളെ ചെറുക്കാൻ ഈ യുദ്ധക്കപ്പൽ പ്രാപ്തമാണ്. നാല് ശക്തിയേറിയ ഗ്യാസ് ടർബൈനുകളാണ് കപ്പലിനെ മുന്നോട്ട് ചലിപ്പിക്കുന്നത്. 30 നോട്ടിക്കൽ മൈലിൽ കൂടുതൽ വേഗത കൈവരിക്കാൻ ഈ കപ്പലിന് കഴിയും.
കപ്പലിന്റെ അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷികൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കപ്പലിൽ റോക്കറ്റ് ലോഞ്ചറുകൾ, ടോർപ്പിഡോ ലോഞ്ചറുകൾ, എസ്.എ.ഡബ്ലു ഹെലികോപ്റ്ററുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു. ആണവ, ജൈവ, രാസ യുദ്ധ സാഹചര്യങ്ങളിൽ യുദ്ധം ചെയ്യാൻ കപ്പലിന് കഴിയും. മേഖലയിൽ ചൈനയുടെ ഭീഷണി വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ മഹാസമുദ്രം കേന്ദ്രീകരിച്ച് ഇന്ത്യ നാവികശേഷി വർധിപ്പിക്കുന്നതായാണ് അറിയുന്നത്.
15ബി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന നാല് അധ്യാധുനിക നശീകരണക്കപ്പലുകളിൽ രണ്ടാമത്തേതാണ് മോർമുഗാവോ.ആദ്യത്തെ കപ്പലായ വിശാഖപട്ടണം 2015 ഏപ്രിലിൽ പുറത്തിറക്കിയിരുന്നു.
20202024 കാലഘട്ടത്തിൽ നാല് മിസൈൽ നശീകരണ കപ്പലുകൾ കൂടി മാസ്ഗാവ് ഡോക്ക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡ് നിർമ്മിച്ച് നൽകുമെന്ന് അധികൃതർ അറിയിച്ചു.ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് ചെന്നൈ, ഐ.എൻ.എസ് വിശാഖപട്ടണം, ഐ.എൻ.എസ് കൊൽക്കത്ത എന്നിവയാണ് ക്ലാസ് ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട ഇന്ത്യയുടെ മറ്റു യുദ്ധക്കപ്പലുകൾ.
മറുനാടന് മലയാളി ബ്യൂറോ