കോഴിക്കോട്: രാജ്യദ്രോഹ പ്രവർത്തനത്തിന്റെ പരിധിയിൽ ഗണിക്കപ്പെടുന്ന 
മാവോയിസ്റ്റു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ ഏറ്റവും കൂടുതൽ യു എ പി എ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് വയനാട് ജില്ലയിൽ. കർണാടകയുമായും തമിഴ്‌നാടുമായും അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ ഇവിടെ ഉണ്ടാവുന്ന മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് ധാരാളം വാർത്തകളും വരാറുണ്ടായിരുന്നു.

കേരളത്തിൽ മാവോയിസ്റ്റുകൾക്കെതിരേ 236 യു എ പി എ കേസുകളാണ് 2010 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ പൊലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 107 കേസുകൾ യു ഡി എഫിന്റെ ഭരണകാലത്തും 129 കേസുകൾ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ ഡി എഫിന്റെ ഭരണത്തിലുമാണ്.

2010 മുതലാണ് കേരളത്തിൽ മാവോവാദികളുടെ പ്രവർത്തനം വ്യാപിക്കാൻ തുടങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മലപ്പുറം ജില്ലയിലായിരുന്നു യു എ പി എ ചുമത്തിയ ആദ്യ കേസ് 2010ൽ രജിസ്റ്റർ ചെയ്യുന്നത്. പൂക്കോട്ടുപാടം പാട്ടക്കരിമ്പിൽ നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തെന്നായിരുന്നു ഇവർക്കെതിരേ ചാർത്തിയ കുറ്റും. സ്ത്രീ പിഡനകേസിൽ പ്രതി ചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന സിവിക് ചന്ദ്രൻ, മണ്ണാർക്കാട് സ്വദേശി ശശീന്ദ്രൻ, വാടാനപ്പള്ളി സ്വദേശി രൂപേഷ് എന്നിവരായിരുന്നു ഈ കേസിൽ പ്രതി ചേർക്കപ്പെട്ടത്.

വയനാട് കഴിഞ്ഞാൽ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലപ്പുറം പാലക്കാട് ജില്ലകളിലാണ് കൂടുതൽ യു എ പി എ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറത്ത് 64ഉം പാലക്കാട്ട് 47ഉം കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ പലപ്പോഴം മാവോയിസ്റ്റ് സാന്നിധ്യത്താൽ വാർത്തയിൽ നിറയാറുള്ള കുറ്റ്യാടി ഉൾപ്പെടുന്ന കോഴിക്കോട്ട് റൂറലിൽ 29ഉം കോഴിക്കോട് സിറ്റിയിൽ അഞ്ചും കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതേ കാലത്ത് കണ്ണൂരിൽ 16 കേസുകളും രജിസ്റ്റർ ചെയ്യുകയുണ്ടായി. എട്ടുപേർ പൊലിസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും 72 പേരെ പിടികൂടിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽ മാവോയിസ്റ്റ് ഭീഷണി എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ നൂറു കണക്കിന് കോടികളുടെ ഫണ്ട് മാറ്റിവച്ചിരിക്കുന്നതിനാൽ അധികം പ്രതിസന്ധിയില്ലാത്ത സംസ്ഥാനങ്ങളും ഈ ഫണ്ട് ലഭിക്കാൻ മാവോവാദി വാർത്തകൾ കേരളത്തിൽ പടച്ചുവിടുകയാണെന്ന ആരോപണം കാലങ്ങളായി നിലനിൽക്കുന്നുണ്ട്.

ഇത്തരം ഫണ്ടുകൾക്കൊന്നും കൃത്യമായ ഓഡിറ്റ് മാനദണ്ഡം പാലിക്കേണ്ടതില്ലെന്നതിനാൽ ഭരണത്തിലിരിക്കുന്നവർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെല്ലാം ഇതൊരു ചക്കരക്കുടമാണെന്നതും വസ്തുതയാണ്. ദ ഹിന്ദു ഗ്രൂപ്പിന് കീഴിൽപ്രസിദ്ധീകരിക്കുന്ന ഫ്രണ്ട്ലൈൻ മാസികയിൽ ഇതുമായി ബന്ധപ്പെട്ട് കുറേ വെളിപ്പെടുത്തലുകൾ വർഷങ്ങൾക്ക് മുൻപ് വന്നിരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാൻ സംസ്ഥാനങ്ങൾ പയറ്റുന്ന ഇരുണ്ട കളികളായിരുന്നു ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം.

കേരളത്തിന്റെ വർത്തമാന സാഹചര്യത്തിലും ഇതാണ് നടക്കുന്നതെന്ന് പല പ്രമുഖരും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വയനാട്ടിൽനിന്നും കുറ്റ്യാടിയിൽനിന്നുമെല്ലാം ചിലർ വന്നു അരി ചോദിച്ചു, ലഘുലേഖ വിതരണം ചെയ്തു തുടങ്ങിയ കഥകളാണ് മാധ്യമങ്ങളിൽ പ്രത്യേകിച്ചും വാർത്താ ചാനലുകളിൽ അധികവും നിറയാറ്.എന്നാൽ ഇതിലെല്ലാമുള്ള സത്യം എത്രയുണ്ടെന്നത് ഇനിയും കണ്ടെത്തേണ്ട കാര്യമാണ്. പ്രത്യേകിച്ചും മലപ്പുറത്തും മറ്റും കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ. ഈ കേസുകളിലെല്ലാം ഇപ്പോഴത്തെ സ്ഥിതി എന്താണെന്നതും പഠന വിഷയമാക്കേണ്ടതുണ്ട്.