കൊച്ചി: ടൂറിസ്റ്റ് ബസ്റ്റുകൾക്ക് ഏകീകൃത നിറം ഉറപ്പുവരുത്തണമെന്ന ഹൈക്കോടതി ഉത്തരവിൽ പരിശോധന കടുപ്പിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മഞ്ഞ പെയ്ന്റ് അടിച്ച ബസ്സിനും പൂട്ടിട്ട് മോട്ടർ വാഹന വകുപ്പ്. കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തു. ടീം ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ടീം ഉപയോഗിക്കുന്ന രണ്ട് ബസുകളിൽ മഞ്ഞ സ്റ്റിക്കർ പതിച്ച ബസിന്റെ ഫിറ്റ്നസാണ് റദ്ദാക്കിയത്.

ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്‌പെൻഷന് കാരണമായി മോട്ടോർ വാഹനവകുപ്പ് പറയുന്നത്. ബസ്സിന്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നുവെന്നാണ് ഒരു കണ്ടെത്തൽ. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്‌സിൽ മരുന്നുകളുണ്ടായിരുന്നില്ല, ജിപിഎസ് സംവിധാനം പ്രവർത്തിക്കുന്നില്ല തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കാരണമായി പറയുന്നു.

ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് വാഹന ഉടമയിൽ നിന്ന് നേരത്തെ എം വിഡി വിശദീകരണം തേടിയിരുന്നു. ശനിയാഴ്ച ടീമിന്റെ പരിശീലനത്തിനിടെ പനമ്പള്ളി നഗറിൽ വച്ചാണ് ബസ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. താരങ്ങളുമായി പരിശീലനത്തിന് എത്തിയതായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സർവ്വീസ് നടത്താൻ പാടില്ലെന്നാണ് നിർദ്ദേശം.

ബസിന്റെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വണ്ടിയുടെ ടയർ പൊട്ടി ട്യൂബ് കാണുന്ന നിലയിലാണെന്നും ബോണറ്റ് തകർന്നിട്ടുണ്ടെന്നും പറയുന്നു. അപകടകരമായ നിലയിൽ സ്റ്റിക്കർ പതിച്ചതും ഫിറ്റ്‌നസ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസ്റ്റുകൾക്ക് ഏകീകൃത നിറം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ടൂറിസ്റ്റ് ബസുകൾ എല്ലാം വെള്ള നിറത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീം ബസിന് ഇപ്പോഴും മഞ്ഞ നിറമാണ്. ടീമിന്റെ പരസ്യവും സ്റ്റിക്കറുകളും ഒട്ടിച്ചിട്ടും ഉണ്ട്. അനുമതിയില്ലാതെ പരസ്യം പ്രദർശിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സഞ്ചരിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് പിടികൂടിയത്. ബസ് മറയും വിധം ടീമിന്റെ ഔദ്യോഗിക നിറവും കളിക്കാരുടെ ചിത്രവുമുൾപ്പെടെ പരസ്യം പതിച്ചിരുന്നു. വാഹനങ്ങളിൽ പരസ്യം പതിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ടീമിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന സ്വകാര്യ ബസ് അണ് ഇത്. അലങ്കാരങ്ങൾ നീക്കി വാഹനം തിങ്കളാഴ്ച ആർ ടി ഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു.