ന്യൂഡൽഹി: ഇന്ത്യയിൽ പൊളിച്ചുനീക്കിയ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് നോയിഡ സെക്ടർ 93എയിൽ ഇന്നലെ നിലംപൊത്തിയത്. ഒൻപതു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ടവറുകൾ പൊളിക്കാൻ കോടതി ഉത്തരവിട്ടതും നടപ്പാക്കിയതും. ഇപ്പോൾ ബഹുനില ഇരട്ട ടവറിന്റെ മാലിന്യക്കൂമ്പാരം കണ്ട് ഞെട്ടിയിരിക്കുകയാണു നാട്ടുകാർ. മലപോലെ കൂടിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നുണ്ട്.

പൊടിയുടെ കനത്ത മേഘപാളികളാണ് സ്‌ഫോടന സമയത്തു കെട്ടിടങ്ങളിൽനിന്ന് അന്തരീക്ഷത്തിലേക്കു വമിച്ചത്. ഫ്‌ളാറ്റ് സമുച്ചയങ്ങൾ തകർത്തതിനെ തുടർന്നു 55,000 - 80,000 ടൺ അവശിഷ്ടമുണ്ടാകുമെന്നാണു കണക്കാക്കുന്നത്. കെട്ടിടം മറച്ചശേഷമായിരുന്നു നിയന്ത്രിത സ്‌ഫോടനമെന്നതിനാൽ സമീപ സ്ഥലങ്ങളിലേക്കു വളരെയേറെ മാലിന്യം പറന്നെത്തിയില്ലെന്നതു നേരിയ ആശ്വാസമാണ്.

നോയിഡയിൽ സെക്ടർ 93എ-യിൽ നിയമം ലംഘിച്ചു നിർമ്മിച്ച സൂപ്പർടെക് ടവറാണ് 'ഡിമോളിഷൻ മാൻ' എന്നറിയപ്പെടുന്ന ജോ ബ്രിങ്ക്മാന്റെ നേതൃത്വത്തിലുള്ള 'പൊളിക്കൽ സംഘം' തകർത്തത്. സെയാൻ (29 നില), അപെക്‌സ് (32 നില) എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഉൾക്കൊള്ളുന്ന ഇരട്ട ടവറുകളിൽ ആയിരത്തോളം അപ്പാർട്‌മെന്റുകളുണ്ടായിരുന്നു.

ഇവ മുഴുവനും 10 സെക്കൻഡിനകം വീണുടയാനായി ഏകദേശം 3,700 കിലോ സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചത്. കെട്ടിടത്തിൽ സൃഷ്ടിച്ച 9000 സുഷിരങ്ങളിലാണ് നിയന്ത്രിത സ്‌ഫോടനത്തിനായി അവ നിറച്ചിരുന്നത്. പൊളിക്കലിന്റെ ചെലവ് വഹിച്ചതും ടവർ നിർമ്മാതാക്കളായ സൂപ്പർടെക് കമ്പനിയായിരുന്നു.

സൂപ്പർടെക് ഇരട്ട ടവർ തകർക്കാനായി നിയന്ത്രിത സ്‌ഫോടനത്തിന്റെ സ്വിച്ച് അമർത്തിയ ചേതൻ ദത്ത ആ നിമിഷങ്ങളെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: ''കെട്ടിടം തകർക്കാനുള്ള സൈറൻ മുഴങ്ങിയപ്പോൾ സ്‌ഫോടന സംഘത്തിലെ ആരും പരസ്പരം മിണ്ടിയില്ല. എല്ലാവരും വളരെയേറെ ആശങ്കയിലായിരുന്നു. ബട്ടൻ അമർത്തിയതിനു പിന്നാലെ വലിയൊരു ശബ്ദം കേട്ടു.

ഞാൻ കെട്ടിടത്തിലേക്കു നോക്കിയപ്പോൾ അവിടെ അതുണ്ടായിരുന്നില്ല; വലിയ പൊടിപടലം മാത്രമാണു കണ്ടത്. പൊടിയടങ്ങുന്നതു വരെ ഞങ്ങൾ കാത്തിരുന്നില്ല. മാസ്‌ക് ധരിച്ച് സൈറ്റിലെത്തി. സ്‌ഫോടനം വിജയകരമായെന്നു മനസ്സിലായി. അതോടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു'' ചേതൻ ദത്ത ദേശീയ മാധ്യമത്തോടു പറഞ്ഞു. എറണാകുളം മരടിലെ ഫ്‌ളാറ്റുകൾ തകർത്ത മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനീയറിങ് കമ്പനി ദത്തയെ സമീപിച്ച് 'ബ്ലാസ്റ്റർ' ആകാമോ എന്നു ചോദിക്കുകയായിരുന്നു.

സ്‌ഫോടത്തിലൂടെ 500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നു സൂപ്പർടെക് കമ്പനി ചെയർമാൻ ആർ.കെ.അറോറ പറഞ്ഞു. ഭൂമിക്കും നിർമ്മാണത്തിനും വിവിധ അനുമതികൾക്കായി ചെലവായ തുകയും ഫ്‌ളാറ്റ് ഉടമകൾക്കു നൽകിയ പണവും ഉൾപ്പെടെയാണിത്. 957 അപ്പാർട്‌മെന്റുകളും 21 വ്യാപാര കേന്ദ്രങ്ങളും സൂപ്പർടെക് ഇരട്ടടവറിൽ ഉണ്ടായിരുന്നു. 3,700 കിലോ സ്‌ഫോടക വസ്തുവാണ് 29 നിലയുള്ള സെയാൻ, 32 നിലയുള്ള അപെക്‌സ് എന്നീ ടവറുകൾ തകർക്കാൻ ഉപയോഗിച്ചത്. നിർമ്മാണച്ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് 9 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലായിരുന്നു ഞായറാഴ്ച ഉച്ചയ്ക്ക് 2.30നു വിധി നടപ്പായത്.

പൊളിച്ചുനീക്കലിന്റെ പശ്ചാത്തലത്തിൽ സമീപത്തു താമസിക്കുന്ന 5000 പേരെ മാറ്റിയിരുന്നു. 3000ത്തോളം വാഹനങ്ങളും 150ലേറെ വളർത്തു മൃഗങ്ങളെയും സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. ഇരട്ട ടവറുകൾ തകർത്തതിനെ തുടർന്നുണ്ടായ കനത്ത പുക ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒതുങ്ങി.

ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിൽ നോയിഡ അതിവേഗ പാതയിലെ ഗതാഗതം ഒന്നര മണിക്കൂറോളം നിയന്ത്രിച്ചു. രാജ്യത്തു നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കിയ ഏറ്റവും ഉയരമുള്ള കെട്ടിടമാണു നോയിഡയിലെ 103 മീറ്റർ ഉയരമുള്ള സൂപ്പർടെക് ഇരട്ട ടവർ. ചരിത്രസ്മാരകമായ കുത്തബ് മിനാറിനു 73 മീറ്ററാണ് ഉയരം.

മരട് നഗരസഭയിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിർമ്മിച്ച 4 ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ 5 ടവറുകൾ 2020 ജനുവരി 11,12 തീയതികളിലാണു തകർത്തത്. 8,689 ദ്വാരങ്ങളിലൂടെ 800 കിലോ സ്‌ഫോടക വസ്തുക്കളാണ് അന്നു നിറച്ചത്. മരടിൽ 2 ദിവസങ്ങളായാണു സ്‌ഫോടനം നടത്തിയതെങ്കിൽ നോയിഡയിൽ ഒറ്റ ദിവസം തന്നെ ടവറുകൾ നിലംപൊത്തി. മരടിലുണ്ടായത് 69,600 ടൺ അവശിഷ്ടങ്ങളാണെങ്കിൽ നോയിഡയിൽ 80,000 ത്തോളം അവശിഷ്ടമാണ് ശേഷിച്ചത്.