- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി.എസിന്റെ മകന് അരുണ്‍കുമാറിനെ ഐ എച്ച് ആര് ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തി; ഡയറക്ടര്‍ക്ക് നിശ്ചയിച്ച എഞ്ചിനീയറിംഗ് ബിരുദത്തിന് പകരം അരുണ്‍കുമാറിന് എം സി എ ബിരുദം മാത്രം; ബുധനാഴ്ചത്തെ ഇന്റര്‍വ്യൂ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി
വി.എസിന്റെ മകന് അരുണ്‍കുമാറിനെ ഐ എച്ച് ആര് ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തി
തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ തസ്തികയ്ക്ക് തത്തുല്യമായ ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ യോഗ്യതകളില്‍ ഇളവ് വരുത്തി ഡയറക്ടറെ നിയമിക്കുവാന്‍ ബുധനാഴ്ച തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍ കുമാറിനെ നിയമിക്കുന്നതിനാണ് എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളില്‍ ഇളവ് വരുത്തി തിടുക്കത്തില്‍ സ്പെഷ്യല്‍ റൂള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തത് എന്നാണ് ആരോപണം.
ഐഎച്ച്ആര്‍ഡി നിയമാവലി പ്രകാരം യോഗ്യതകളില്‍ ഭേദഗതി വരുത്താന്‍ ഗവേണിംഗ് ബോഡിക്ക് മാത്രമേ അധികാരമുള്ളൂ എന്നിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യോഗ്യതകളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. എ ഐ സി റ്റി ഇ വ്യവസ്ഥപ്രകാരം എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും, 15 കൊല്ലത്തെ അധ്യാപന പരിചയവും, പിഎച്ച്ഡി ഗൈഡ് ഷിപ്പും, രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയവും, യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളപ്പോഴാണ്, പകരമായി ഏഴു വര്‍ഷത്തെ അഡിഷണല്‍ ഡയറക്ടര്‍ പരിചയം കൂടി ഡയറക്ടര്‍ നിയമനത്തിനുള്ള പുതിയ യോഗ്യതയായി കൂട്ടി ചേര്‍ത്തത്. ഡയറക്ടര്‍ക്ക് നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയറിംഗ് ബിരുദത്തിന് പകരം അരുണ്‍കുമാറിന് എം സി എ ബിരുദമാണുള്ളത് .
1997ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ചട്ടവിരുദ്ധമായി അസിസ്റ്റന്റ് ഡയറക്ടറായി ഐഎച് ആര് ഡിയില്‍ നേരിട്ട് നിയമനം ലഭിച്ച അരുണ്‍ കുമാറിന് '99 മുതല്‍ 2001 വരെ കയര്‍ഫെഡിന്റെ എംഡിയായും തുടര്‍ന്ന് 2008 ല്‍ ഐഎച് ആര് ഡി യില്‍ ജോയിന്റ് ഡയറക്ടറായും നിയമനം നല്കി. 2010 ല്‍ അച്യുതാനന്ദന് ഗവണ്മെന്റ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ഐ.സി.ടി അക്കാദമി പുതുതായി രൂപീകരിച്ച് മുഖ്യമന്ത്രി തന്നെ മകനെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത് വലിയ വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
2016 ല്‍ പിണറായി സര്‍ക്കാര്‍ സീനിയര്‍ പ്രിന്‍സിപ്പലായിരുന്ന ഡോ: പി.സുരേഷ് കുമാറിന് ഐഎച്ച്ആര്‍ഡി ഡയറക്ടറായും അരുണ്‍ കുമാറിന് അഡിഷണല്‍ ഡയറക്ടറായും നിയമനം നല്‍കിയിരുന്നു. ഡയറക്ടര്‍ തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ഡോ:സുരേഷ് കുമാറിനെ മെയ് 2023ല്‍, സി ആപ്റ്റിന്റെ ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ നിയമിച്ച ശേഷം അരുണ്‍ കുമാറിന് ഡയറക്ടറുടെ ചുമതല നല്‍കുകയായിരുന്നു
ഡയറക്ടറുടെ താല്‍ക്കാലിക ചുമതല 3-6-2023 മുതല്‍ ലഭിച്ച അരുണ്‍കുമാര്‍ ഐ എച് ആര് ഡി യുടെ ജനറല്‍ ബോഡിയുടെ അനുമതി കൂടാതെ യോഗ്യതകളില്‍ തനിക്ക് അനുസൃതമായി ഇളവ് വരുത്തി 20-11-2023 ല്‍ സര്‍ക്കാരിന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തിയത് ഗുരുതരമായ വീഴ്ചയാണ്. ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറിയ്ക്ക് പകരം അഡിഷണല്‍ സെക്രട്ടറി ഒപ്പ് വച്ചാണ് '23 ഡിസംബറില്‍ ഉത്തരവ് ഇറക്കിയത്.
ബുധനാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവില്‍ എ.ഐ സി. ടി. ഇ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന യോഗ്യതയുള്ള 9 സീനിയര്‍ പ്രിന്‍സിപ്പല്‍മാരോടൊപ്പം യോഗ്യതകളില്‍ ഇളവ് ലഭിച്ച അരുണ്‍ കുമാറും പങ്കെടുക്കുന്നുണ്ട്. സ്പെഷ്യല്‍ റൂളില്‍ വരുത്തിയ ഭേദഗതിയും, അരുണ്‍കുമാറിന് നല്കിയ ഡയറക്ടറുടെ ചുമതലയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജ്ജി ഹൈക്കോടതിയുടെ പരിഗണയിലിരിക്കുമ്പോണ് തിരക്കിട്ടുള്ള നാളത്തെ ഇന്റര്‍വ്യൂ. അടുത്തകാലത്ത് അന്തരിച്ച ഒരു ഉന്നതനായ സിപിഎം നേതാവിന്റെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് വി.എസ്. അച്യുതാനന്ദന്റെ മകന് ഐ എച്ച് ആര് ഡി ഡയറക്ടര്‍ നിയമനം നല്കാന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് ഒന്‍പത് എന്‍ജിനീയറിങ് കോളേജുകളും, എട്ട് പോളികളും, 45 അപ്ലയ്ഡ് സയന്‍സ് കോളേജുകളും, 15 ഹയര്‍ സെക്കന്ററി സ്കൂളുകളും, മോഡല്‍ ഫിനിഷിങ് സ്കൂളും പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡി യുടെ തലപ്പത്ത് എഐസിടിഇ/യൂ ജിസി നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ അവഗണിച്ച് ഡയറക്ര് നിയമനം നടത്തരുതെന്നും, ബുധനാഴ്ച (ഒക്ടോബര്‍ 9) നടത്താന്‍ നിശ്ച യിച്ചിട്ടുള്ള ഇന്റര്‍വ്യൂ മാറ്റിവയ്ക്കണമെന്നും, യോഗ്യതകളില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്കി.