തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. രണ്ടാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് അതിജീവിത നല്‍കിയ പരാതി ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ പതിനേഴാം തീയതി രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഈ മാസം 17-ാം തീയതി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ബെംഗളൂരു സ്വദേശിനിയായ അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പരാതി നല്‍കി. രാഹുല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ലെന്നും എസ്ഐടിക്ക് നല്‍കിയ പരാതിയില്‍ അതിജീവിത പറഞ്ഞിരുന്നു.

കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ അതിജീവിതയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുത് എന്ന് കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. ഈ വ്യവസ്ഥ രാഹുല്‍ ലംഘിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പൊലീസിന്റെ അപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. ഈ മാസം തന്നെ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.

കേസിന്റെ പശ്ചാത്തലം

ബെംഗളൂരു സ്വദേശിനിയായ 23-കാരി നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 10-നായിരുന്നു ഈ കേസില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ഫെബ്രുവരി 17ന് രാഹുല്‍ തന്നെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെന്നാണ് അതിജീവിതയുടെ ആരോപണം. ഫെബ്രുവരി 23ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു.

യുവതിയുടെ പരാതി പ്രകാരം, രാഹുല്‍ വിളിച്ചപ്പോള്‍ താന്‍ ഫോണ്‍ എടുത്തിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരാതിയുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യം റദ്ദാക്കാനുള്ള നീക്കം ശക്തമാക്കിയത്.