തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറിന് ക്രമസമാധാന ചുമതല നൽകി ഉത്തരവിറങ്ങി. വിജയ് സാഖറെ ദേശീയ അന്വേഷണ ഏജൻസിയിലേക്ക് (എൻഐഎ) പോകുന്ന ഒഴിവിലാണ് നിയമനം. നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്തായ ഇടനിലക്കാരൻ ഷാജ് കിരണുമായുള്ള അജിത് കുമാറിന്റെ ബന്ധം വിവാദമായിരുന്നു. ഇതേത്തടുർന്ന് സർക്കാർ അദ്ദേഹത്തെ വിജിലൻസ് തലപ്പത്തുനിന്ന് മാറ്റിയിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തെ സുപ്രധാന ചുമതല നൽകിയിരിക്കുകയാണ് ഇടതു സർക്കാർ.

നേരത്തെ വിജിലൻസ് ഡയറക്ടറായിരുന്ന അജിത്ത് കുമാറിനെ നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ആ പദവിയിൽ നിന്നും മാറ്റിയത്. ആദ്യം മനുഷ്യാവകാശ കമ്മീഷനിൽ നിയമിച്ച അദ്ദേഹത്തെ പിന്നീട് ബറ്റാലിയൻ എഡിജിപിയായി മാറ്റി നിയമിച്ചിരുന്നു.

രഹസ്യമൊഴി പിൻവലിപ്പിക്കാനെത്തിയ ഷാജ് കിരണിന്റെ വാട്സാപ്പിൽ വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാർ ഒട്ടേറെത്തവണ വിളിച്ചുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന ആരോപിച്ചിരുന്നു. അജിത്കുമാർ ഷാജ് കിരണിനെ വിളിച്ചിട്ടുണ്ടെന്നും ഇത്തരം ഒരു വ്യക്തിയുമായി അദ്ദേഹത്തിനു ബന്ധമുണ്ടെന്നും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെയാണ് അദ്ദേഹത്തെ വിജിലൻസ് തലപ്പത്ത് നിന്ന് മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതെന്നാണ് വിവരം. ബറ്റാലിയൻ എഡിജിപി പദവിയോടൊപ്പമായിരിക്കും പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ചുമതലയും കൂടി അദ്ദേഹം കൈകാര്യം ചെയ്യുക.

സംസ്ഥാനത്തെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപി വിജയ് സാക്കറെയും ഐജി അശോക് യാദവുമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. വിജയ സാക്കറെക്ക് ദേശീയ അന്വേഷണ ഏജൻസിയിലേക്കാണ് നിയമനം.

അഞ്ചു വർഷത്തേക്കാണ് അദ്ദേഹത്തിന് എൻഐഎയിൽ നിയമനം നൽകിയിരിക്കുന്നത്. എൻ.ഐ.എയിൽ ഐ.ജിയായാണ് അദ്ദേഹത്തിന്റെ നിയമനം. നേരത്തെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷൻ ചോദിച്ചതെങ്കിലും എൻ.ഐ.എയിലേക്ക് നൽകുകയായിരുന്നു.ഇടതുസർക്കാറിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥരിൽ ഒരാളാണ് വിജയ് സാഖറെ. സമീപകാലത്ത് വിവാദ വിഷയങ്ങളിലും കേസുകളിലും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഉദ്യോഗസ്ഥനാണ് സാഖറെ.

ഈ സാഹചര്യത്തിൽ വിജയ് സാക്കറെയെ സംസ്ഥാന സർവ്വീസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇന്റലിലൻസ് ഐജി അശോക് യാദവിന് ബി.എസ്.എഫിലേക്കാണ് ഡെപ്യൂട്ടേഷനിൽ നിയമനം ലഭിച്ചിരിക്കുന്നത്. അശോക് യാദവ് സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തിൽ ഐജി ഹർഷിത അട്ടല്ലൂരിക്ക് കോഴിക്കോടിന്റെ അധിക ചുമതല നൽകി.