- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12500 സാരികള്‍ ആണ് നര്‍ത്തകര്‍ക്ക് വേണ്ടി കല്യാണ്‍ നെയ്തെന്ന് ദിവ്യാ ഉണ്ണി; പക്ഷേ സാരി ഫ്രീയായി കിട്ടിയത് നടിക്ക് മാത്രം; ഓരോ നര്‍ത്തകരില്‍ നിന്നും ഇവന്റ് മാനേജ്മെന്റുകാര്‍ പിരിച്ചത് 5000 മുതല്‍ 8500 രൂപ വരെ; റിക്കോര്‍ഡിട്ട പരിപാടിയിലൂടെ രജിസ്‌ട്രേഷന്‍ ഇനത്തില്‍ മാത്രം ഉണ്ടാക്കിയത് ആറ് കോടി; മൃദംഗനാദം 'സാമ്പത്തിക തട്ടിപ്പോ?' ഉമാ തോമസ് വീണിട്ടും ആഘോഷം തുടര്‍ന്നത് ക്രൂരത
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയ്ക്ക് പിന്നില്‍ സാമ്പത്തിക ലാഭം. ഒരു സുരക്ഷയും ഉറപ്പാക്കാതെ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയുണ്ടാക്കിയത് കോടികളാണ്. ഈ പരിപാടിയില്‍ പങ്കെടുത്തത് 5100 രൂപ നല്‍കിയാണെന്ന് നര്‍ത്തകി വെളിപ്പെടുത്തി. രജിസ്‌ട്രേഷന്‍ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നല്‍കി. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടണ്‍ സാരിയാണ്. ഇങ്ങനെ പല തട്ടിപ്പും നടന്നു. ഈ നര്‍ത്തകിയ്ക്ക് പുറമേ 8000 രൂപ വരെ കൊടുത്ത് പങ്കെടുത്തവരുമുണ്ട്. ജോയ് ആലുക്കാസായിരുന്നു പ്രധാന സ്‌പോണ്‍സര്‍. കല്യാണ്‍ സില്‍ക്‌സും പരസ്യം നല്‍കി. ഈ പരസ്യങ്ങളിലൂടെയും ലക്ഷങ്ങള്‍ സംഘാടകര്‍ക്ക് കിട്ടി. ജോയ് ആലുക്കാസ് വേദിയിലും ഉണ്ടായിരുന്നു. ഇതിന് പുറമേയാണ് നര്‍ത്തകികളില്‍ നിന്നും പണം പിരിച്ചത്. അയ്യായിരം രൂപ വച്ച് 12000 പേരില്‍ നിന്നും പിരിച്ചാല്‍ സംഘാടകര്‍ക്ക് ആറു കോടി കിട്ടും. എന്നാല്‍ ഇത് എട്ടായിരം വരെ പിരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടാകുമ്പോള്‍ ആ റിക്കോര്‍ഡ് പ്രകടനത്തിലൂടെ സംഘാടകര്‍ വന്‍ ലാഭം കൊയ്തുവെന്നതാണ് വസ്തുത.
ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്താണ് ചെയ്തത് എന്ന നര്‍ത്തകര്‍ പറയുന്നു. ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരുക്കേറ്റപ്പോഴാണെന്ന് പറഞ്ഞ നര്‍ത്തകി, പിന്നീട് പരിപാടിയില്‍ പങ്കെടുത്തില്ലെന്നും പറഞ്ഞു. അതായത് പന്ത്രണ്ടായിരത്തില്‍ ഒന്നു കുറവായിരുന്നു പങ്കാളിത്തം. ദിവ്യാ ഉണ്ണിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചെറുതും വലതുമായ നിരവധി സ്‌പോണ്‍സര്‍മാരുണ്ടായിരുന്നു. വലിയ സംഗീത നിശയും നടത്തി. ഉമാ തോമസിന് ഗുരുതര പരിക്കേറ്റിട്ടും പരിപാടികളിലൊന്നും മാറ്റം വന്നില്ല. ആവേശം തെല്ലും കുറഞ്ഞതുമില്ല. പ്രമുഖ വസ്ത്ര ശാല പാര്‍ട്ണറാണെന്നും അതുകൊണ്ട് തന്നെ മുന്തിയ ഇനം സാരി കിട്ടുമെന്നും നര്‍ത്തകരെ സംഘാടകര്‍ പറഞ്ഞു പറ്റിച്ചു. ഇങ്ങനെ കോടികളുണ്ടാക്കുന്ന തട്ടിപ്പ് ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ കേരളത്തില്‍ സജീവമാണ്. നര്‍ത്തകര്‍ക്ക് കോട്ടണ്‍ സാരി വിറ്റത് വസ്ത്രശാല പണം വാങ്ങിയാണോ എന്നത് ഇനിയും വ്യക്തമല്ല.
താന്‍ മുന്‍പും റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. സംഗീതജ്ഞനായ ഭര്‍ത്താവ് പങ്കെടുത്ത പരിപാടികളിലും ഈ നിലയില്‍ പണം ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് പണം കൊടുത്തത്. എന്നാല്‍ ഇന്നലെ നടന്ന പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റി. ഇതിലേക്ക് കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകര്‍ക്ക് ഗോള്‍ഡ് കോയിന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. നൃത്താധ്യാപകര്‍ കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചത് ഇങ്ങനെയാണെന്നും അവര്‍ പറഞ്ഞു. മൃദംഗനാദം എന്ന പേരില്‍ പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നടക്കം നര്‍ത്തകര്‍ പങ്കെടുത്തിരുന്നു.
മൃദംഗനാദത്തില്‍ പങ്കാളികളായ ഗുരുക്കന്മാരുടെ കീഴില്‍ ഭരതനാട്യം അഭ്യസിച്ച് വന്ന 12000 നര്‍ത്തകരാണ് നൃത്തം ചെയ്തത്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഇന്നലെ പരിപാടിയില്‍ നര്‍ത്തകര്‍ പങ്കെടുത്തത്. ചലച്ചിത്ര, സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തില്‍ പങ്കാളികളായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് എട്ട് മിനിറ്റ് നീണ്ട നൃത്ത പരിപാടിയുടെ ഗാനം രചിച്ചത്. ദീപാങ്കുരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം അനൂപ് ശങ്കറാണ് ആലപിച്ചത്. ദിവ്യ ഉണ്ണിയായിരുന്നു കൊറിയോഗ്രഫി. ലീഡ് നര്‍ത്തകിയും ദിവ്യ ഉണ്ണി തന്നെയായിരുന്നു. തന്റെ ഏറെനാളത്തെ സ്വപ്നം ആയിരുന്നു ഇതെന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്.
മന്ത്രി സജി ചെറിയാനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 10,176 നര്‍ത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ഇന്നലെ ഉമ തോമസിന് പരുക്കേറ്റിട്ടും പരിപാടി മുന്നോട്ട് പോയി. ഒടുവില്‍ ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. മന്ത്രി സജി ചെറിയാനും എംഎല്‍എയ്ക്ക് പരിക്കേറ്റത് അറിഞ്ഞിട്ടും വേദിയില്‍ തുടര്‍ന്നു.
ആ സാരിയെ കുറിച്ച് ദിവ്യാ ഉണ്ണി പറഞ്ഞത്
12500 സാരികള്‍ ആണ് കല്യാണ്‍ ഈ നൃത്ത വിരുന്നിനു വേണ്ടി നെയ്ത് എടുത്തത് എന്ന് ദിവ്യാ ഉണ്ണി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മൃദംഗ നാദം 2024 വലിയ ഒരു സ്വപ്നമായിരുന്നു. നമ്മള്‍ ഏറെ നാളായി കാത്തിരുന്ന നിമിഷം. ഈ ഗാനം ഇതിനുവേണ്ടി എഴുതിയതാണ്. ഞങ്ങളുടെ കോസ്‌റ്യൂം പാര്‍ട്ണറും മെയിന്‍ സ്‌പോണ്‍സറും കല്യാണ്‍ ആയിരുന്നു. 12500 സാരികള്‍ ആണ് നര്‍ത്തകര്‍ക്ക് വേണ്ടി കല്യാണ്‍ നെയ്തത്. പരിപാടിയുടെ ലോഗോ ഒക്കെ വച്ചാണ് ഇതിന്റെ നിര്‍മ്മാണം. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇതൊരു ഓര്‍മ്മയാണ്. ഈ ഇവന്റ് കഴിഞ്ഞാലും ഞങ്ങള്‍ക്ക് മാത്രം ഓര്‍ക്കാവുന്ന ഞങ്ങള്‍ക്ക് മാത്രം കിട്ടിയ ഭാഗ്യമാണ്.
ഇത് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടില്ല.,ഇതിനുവേണ്ടി പ്രത്യേകമായി സൃഷ്ടിച്ചെടുത്തതാണ്. കൊറിയോഗ്രാഫി ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഇതിന്റെ ഗാനം ഭഗവന്‍ ശിവന്റെ താണ്ഡവത്തെ വര്‍ണ്ണിക്കുന്ന ഒരു ഗാനം ആണ്. അതുകൊണ്ടാണ് കൈലാസത്തിന്റെ നിറങ്ങള്‍ വച്ചുകൊണ്ടുള്ള വേഷവും തെരെഞ്ഞെടുത്തത്- ദിവ്യ ഉണ്ണി പറയുന്നു. ദിവ്യാ ഉണ്ണിയുടെ ഈ വാക്കുകള്‍ക്കൊപ്പം അതില്‍ പങ്കെടുത്ത മറ്റുള്ളവരുടെ പ്രതികരണം കൂടി കണക്കിലെടുത്താല്‍ ദിവ്യാ ഉണ്ണിയ്ക്ക മാത്രം സാരി വെറുതെ കിട്ടിയെന്ന് വേണം വിലയിരുത്താന്‍. ബാക്കിയെല്ലാവരും സാരിയ്ക്ക് പണം കൊടുത്തവരാണ് എന്നാണ് വ്യക്തമാകുന്നത്.