- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തെ 'കൈലാസ'മാക്കി മൃദംഗനാദം ഭരതനാട്യം ഗിന്നസ് ലോക റെക്കോഡിലെത്തി; സര്‍ട്ടിഫിക്കറ്റും വാങ്ങി നിഘോഷ് കുമാറും ഒളിവില്‍ പോയി; കൊച്ചിയിലെ വില്ലന്മാര് വയനാട്ടിലെ മൃദംഗ വിഷന്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍; പ്രതികളെ തപ്പി പോലീസ് ഇറങ്ങുമ്പോള്‍
കൊച്ചി : ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗനാഥം' പരിപാടി സംഘാടകരായ മൃദംഗവിഷന്റെ പ്രധാനികളെല്ലാം ഒളിവില്‍. വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയത് അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയാതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്. ഗുരുതര സുരക്ഷാ വീഴ്ചകള്‍ ഉണ്ടായി എന്നും വിലയിരുത്തലുണ്ട്. അതിനിടെ എല്ലാത്തിനും ഉത്തരവാദി പരിപാടിയുടെ കരാറെടുത്ത ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണെന്ന വാദം മൃദംഗ വിഷന്റെ പി ആര്‍ ഏജന്‍സികള്‍ വിശദീകരിക്കുന്നുണ്ട്. കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജ് പി.ഡബ്ലൂ.ഡിയെക്കൊണ്ട് പരിശോധിപ്പിക്കും. പോലീസിന് ശാസ്ത്രീയമായ റിപ്പോര്‍ട്ടിന് വേണ്ടിയാണിത്. പരിപാടിയുടെ സംഘാടകര്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കൃഷ്ണകുമാര്‍ എന്ന സംഘാടകരില്‍ ഒരാളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇയാള്‍ ജീവനക്കാരന്‍ മാത്രമാണെന്നാണ് സൂചന.
സംഘാടകരായ മൃദംഗവിഷന്‍ ഭാരാവാഹികളെ ഉടന്‍തന്നെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനിടെയാണ് ഒളിവില്‍ പോയത്. വയനാട്ടുകാരാണ് പ്രധാന ഭാരവാഹികള്‍. ഇവരുടെ അക്കൗണ്ട് അടക്കം പരിശോധിക്കേണ്ട സാഹചര്യമുണ്ട്. ഇവര്‍ക്കെതിരേ കൂടുതല്‍ തെളിവുകളാണ് പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ജി.സി.ഡി.എ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി)യുടെ പിന്തുണയോടെ നടന്ന പരിപാടി കോര്‍പ്പറേഷന്‍ അനുമതിയില്ലാതെയാണ് നടന്നതെന്നാണ് വിവരം. ടിക്കറ്റ് വെച്ച് നടുത്തുന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ അനുമതി ആവശ്യമാണ്. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകള്‍ വിറ്റിരുന്നു. കുട്ടികളില്‍ നിന്നും നാലായിരം രൂപ മുതല്‍ രജിസ്‌ട്രേഷന്‍ ഫീസും വാങ്ങി. ഈ കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നു പോലും പ്രവേശനത്തിന് ടിക്കറ്റ് നിരക്ക് ഈടാക്കായിരുന്നു. വന്‍ ലാഭം ഇതിലൂടെ കിട്ടി. ഇവര്‍ക്കെതിരെ പലാരിവട്ടം പോലീസില്‍ 25ന് തന്നെ പരാതി കിട്ടിയിരുന്നു. എന്നാല്‍ നടപടികളൊന്നും എടുത്തില്ല. നിലവിലും ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗുരുതര വീഴ്ചയാണ് പരിപാടിക്കിടെ ഉണ്ടായത്. ജി.സി.ഡി.എ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള അറിയിച്ചിരുന്നു. കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോള്‍ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ജനുവരിയിലാണ് ഈ പരിപാടി പ്രഖ്യാപിച്ചത്. പന്ത്രണ്ടായിരം ഭരതനാട്യ നര്‍ത്തകരെ അണിനിരത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഒരുങ്ങി കൊച്ചി എന്നായിരുന്നു ജനുവരിയിലെ പ്രഖ്യാപനം. കലാരംഗത്തെ പ്രമുഖ മാഗസിന്‍ ഗ്രൂപ്പായ മൃദംഗ വിഷനും നാദം ഓര്‍ഗനൈസേഷന്‍ ചേര്‍ന്നാണ് ''മൃദംഗനാദം'' എന്ന പേരില്‍ അപൂര്‍വമായ ഗിന്നസ് റെക്കോര്‍ഡിന് അരങ്ങൊരുക്കുന്നതെന്നായിരുന്നു അന്ന് പറഞ്ഞത്. മേയില്‍ നടക്കുമെന്നും വിശദീകരിച്ചു. എന്നാല്‍ അത് നടക്കാതെ പോയി. അതാണ് കഴിഞ്ഞ ദിവസം ദിവ്യാ ഉണ്ണിയെ മുന്നില്‍ നിര്‍ത്തി സംഘടിപ്പിച്ചത്.
മൃദംഗവിഷന്‍ മാനേജിങ് ഡയറക്ടര്‍ നിഘോഷ് കുമാര്‍ പരിപാടിയുടെ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. നിഘോഷ് കുമാറും ഒളിവില്‍ പോയി എന്നാണ് സൂചന.
കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തെ 'കൈലാസ'മാക്കി മൃദംഗവിഷന്റെ മൃദംഗനാദം ഭരതനാട്യം ഗിന്നസ് ലോക റെക്കോഡിലെത്തിയെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് സംഘാടകര്‍ ഒളിവില്‍ പോയത്. നേരത്തേ ഉണ്ടായിരുന്ന 10,176 നര്‍ത്തകരുടെ റെക്കോഡ് തകര്‍ത്തായിരുന്നു 11,600 പേരുടെ ഭരതനാട്യം. വേദിയില്‍ വെച്ച് റെക്കോഡ് സര്‍ട്ടിഫിക്കറ്റ് ഗിന്നസ് അധികൃതര്‍ കൈമാറി. അതിന് ശേഷമായിരുന്നു സംഘാടകര്‍ മുങ്ങിയത്. പരിപാടി തുടങ്ങും മുമ്പ് തന്നെ ഉമാ തോമസിന് പരിക്കേറ്റു. എന്നാല്‍ അതൊന്നും അറിയാത്ത മട്ടില്‍ പരിപാടിയുമായി മുമ്പോട്ട് പോയി.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു നൃത്തം. ചലച്ചിത്ര-സീരിയല്‍ താരങ്ങളായ ദേവിചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരീസ് ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖരും നടനമാടി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ഭരതനാട്യം അവതരിപ്പിച്ചത്. ഏഴു വയസ്സുള്ള കുട്ടികള്‍ മുതലുള്ളവര്‍ മെഗാ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിനു പുറമേ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും നര്‍ത്തകര്‍ ഭരതനാട്യത്തില്‍ പങ്കെടുത്തു.
എട്ടുമിനിറ്റ് നീണ്ടുനിന്ന റെക്കോഡ് ഭരതനാട്യം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം.പി., എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ജോയ് ആലുക്കാസ്, ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രകാശ് പട്ടാഭിരാമന്‍, സിജോയ് വര്‍ഗീസ്, നിഘോഷ് കുമാര്‍, ഷമീര്‍ അബ്ദുല്‍ റഹീം, മിനി നിഘോഷ്, പൂര്‍ണിമ, അനൂപ് എന്നിവര്‍ പങ്കെടുത്തു. ഗോകുല്‍ ഗോപകുമാറും സംഘവും ഗാനങ്ങള്‍ അവതരിപ്പിച്ചു. മൃദംഗവിഷന്‍ പ്രീമിയം ആര്‍ട്ട് മാഗസിനും ചടങ്ങില്‍ പ്രകാശനം ചെയ്തിരുന്നു.
കല്യാണ്‍ സില്‍ക്‌സിന്റെ നെയ്ത്ത് ഗ്രാമങ്ങളില്‍ ഡിസൈന്‍ ചെയ്ത സാരി അണിഞ്ഞാണ് നര്‍ത്തകിമാര്‍ ചുവടുവെച്ചത്. നൃത്തരംഗത്തിന് സംഭാവനകള്‍ നല്‍കിയ കലാമണ്ഡലം, കലാക്ഷേത്ര, ആര്‍.എല്‍.വി., ലാസ്യ തുടങ്ങിയ ഇടങ്ങളിലെ ഗുരുക്കന്മാരെ സ്വര്‍ണനാണയം സമ്മാനിച്ച് ജോയ് ആലുക്കാസ് ആദരിച്ചു. 550 നൃത്താധ്യാപകര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.