തിരുവനന്തപുരം: സഹകരണ കൊള്ളയ്ക്ക് കാരണമെന്ത്? സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തവര്‍ അതുമായി മുങ്ങുന്നതാണ് ഇതിന് കാരണം. കരുവന്നൂരിലും മറ്റും സിപിഎം ബന്ധമുള്ളവര്‍ വായ്പ എടുത്ത് കോടീശ്വരന്മാരായി. ആരും തിരിച്ചടച്ചില്ല. ഇതോടെ പാവങ്ങള്‍ പ്രതിസന്ധിയിലായി. തിരുവനന്തപുരത്തെ കണ്ടലയില്‍ ബാങ്ക് ഭാരവാഹി ഭാസുരാംഗന്‍ തന്നെ പല പേരില്‍ ലോണെടുത്തു. ഇതോടെ നിക്ഷേപകര്‍ക്ക് കൊടുക്കാന്‍ പണമില്ലാതെയായി. ഇതിനൊപ്പം തിരുവനന്തപുരത്ത് മറ്റൊരു സംഭവം ഈ അടുത്ത കാലത്ത് നടന്നു. ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ. സമാനമായി വെള്ളനാട്ടെ കോണ്‍ഗ്രസ് സഹകരണ സംഘത്തിലും പ്രതിസന്ധികളുണ്ടായി. ഇതിനെല്ലാം കാരണം ലോണെടുത്ത് മുങ്ങുന്നവരാണ്. തിരുവിതാകൂര്‍ സഹകരണ സംഘം നല്ല രീതിയില്‍ പ്രവര്‍ത്തിച്ച സഹകരണ പ്രസ്ഥാനമായിരുന്നു. ഇതിനും തകര്‍ച്ച നേരിട്ടു. ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എംഎസ് കുമാറായിരുന്നു ആ ബാങ്കിനെ വളര്‍ച്ചയുടെ പടവില്‍ എത്തിച്ചത്. ഈ സഹകരണ സ്ഥാപനത്തിലെ പ്രശ്‌നവും വാര്‍ത്തകളില്‍ എത്തി. ഒടുവില്‍ തന്റെ സ്ഥാപനത്ത് സംഭവിച്ചത് എന്തെന്ന് ആര്‍ജവത്തോടെ എംഎസ് കുമാര്‍ വെളിപ്പെടുത്തുകയാണ്. ഒപ്പം യഥാര്‍ത്ഥ തട്ടിപ്പുകാരാരെന്ന് പറയുമെന്നും അറിയിക്കുന്നു. ഈ ഫെയ്‌സ് ബുക്ക് പോസ്റ്റിലുള്ളത് സഹകരണ പ്രസ്ഥാനങ്ങളെ ചതിക്കുന്നവരെ കുറിച്ചാണ്. എങ്ങനെയാണ് തന്റെ പ്രസ്ഥാനം തളര്‍ന്നതെന്നും കുമാര്‍ വികാരത്തോടെ പറയുന്നു. തിരുവനന്തപുരത്തെ ബിജെപിക്ക് ഏറെ പ്രതിസന്ധിയായി ഈ പോസ്റ്റ് മാറും. ഇത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുക്കും. അതായത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി ഈ പോസ്റ്റ് മാറുകയാണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെ രഞ്ഞെടുപ്പിന്റെ ഒരു വിളിപ്പാടകലെയാണ് സംസ്ഥാനം. ഗാസയുദ്ധം മുതല്‍ പി എം ശ്രീ പദ്ധതിവരെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്‌തേക്കാം. എന്നാല്‍ തിരുവനന്തപുരം നഗരസഭയിലെങ്കിലും ചര്‍ച്ചയാകാന്‍ പോകുന്നത് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും ആയിരിക്കും. വര്ഷങ്ങളായി ഞാന്‍ അറിയുന്ന അനില്‍ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന യുവാവും മിടുക്കനായ ജനപ്രതിനിധിയും ആണ്. രാഷ്ട്രീയത്തില്‍ ഒരുപാടു ഉയരങ്ങളില്‍ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയില്‍ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയിപോയതുകൊണ്ടാണെന്ന് പറഞ്ഞാണ് തന്റെ സ്ഥാപനത്തിലെ വില്ലന്മാരിലേക്ക് വരുന്നത്. വളരെ ആലോചിച്ച ശേഷം ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഞാന്‍ കൂടി ഉള്ള സംഘത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാര്‍ട്ടിക്കാരാണ്. തിരിച്ചടക്കാത്തവരില്‍ 90% വും അതെ പാര്‍ട്ടിക്കാര്‍ തന്നെ. അതില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന ഭാരവാഹികള്‍ ( സെല്‍ കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ )ഉണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നമ്മുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം എഫ് ബ ിയിലൂടെ വെളിപെടുത്താന്‍ തീരുമാനിക്കുന്നത്. അടുത്ത പോസ്റ്റ് ഈ പേരുകള്‍ വെളിപ്പെടുത്തി കൊണ്ടുള്ളതാകുമെന്ന് എംഎസ് കുമാര്‍ പറയുന്നു.

നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവര്‍ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങള്‍ അറിയട്ടെ. ഇവരെ മുന്‍നിര്‍ത്തി നഗരഭരണം പിടിക്കാന്‍ ഒരുങ്ങുന്ന നേതാക്കള്‍ തിരിച്ചറിയുക. ജനങ്ങള്‍ വിവേകം ഉള്ളവരും കാര്യങ്ങള്‍ തിരിച്ചറിയുന്നവരും ആണ്. അവര്‍ വോട്ടര്‍മാരും ആണ്-ഇതാണ് എംഎസിന്റെ പ്രഖ്യാപനം. ബിജെപിയ്ക്കുള്ള സന്ദേശമായി ഈ പോസ്റ്റിനെ വിലയിരുത്തുന്നവരുണ്ട്. ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു എംഎസ്. തിരുവനന്തപുരത്ത് ഏറെ സ്വാധീനമുള്ള നേതാവ്. ശ്രീകണ്‌ഠേശ്വരം വാര്‍ഡിലെ മുന്‍ കൗണ്‍സിലര്‍. ആര്‍ എസ് പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ എംസ് കുമാര്‍ എംഎ ബേബിക്കൊപ്പം ഇടതു പക്ഷത്ത് വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ തലപ്പത്തുണ്ടായിരുന്നു. 80കളില്‍ ബിജെപിയിലെത്തി. അതിന് ശേഷം തിരുവനന്തപുരത്തെ മുഖമായി. അനന്തപുരം സഹകരണ സംഘം വളര്‍ത്തിയതും എംഎസാണ്. പിന്നീട് ആ സംഘം ആര്‍ എസ് എസ് നേരിട്ട് ഏറ്റെടുത്തു. അതിന് ശേഷമാണ് തിരുവിതാംകൂര്‍ സഹകരണ സംഘം ഉണ്ടാക്കിയതും. അതും വലിയ വിജയമായി മാറി. അടുത്ത കാലത്ത് പക്ഷേ വിവാദത്തിലും പെട്ടു. ഇതിന് കാരണമാണ് എംഎസ് വിശദീകരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനിടെയാണ് തിരുമല അനിലിന്റെ ആത്മഹത്യയിലെ വസ്തുകള്‍ അടക്കം ചര്‍ച്ചയാക്കി എംഎസിന്റെ പോസ്റ്റ്. ഒരു കാലത്ത് ബിജെപിയില്‍ പിപി മുകുന്ദന്റെ അതിവിശ്വസ്തനായിരുന്നു കുമാര്‍. പിപി മുകുന്ദനെ വെട്ടിയൊതുക്കിയവരാണ് കുമാറിനേയും പാര്‍ട്ടിയുടെ മൂലയിലേക്ക് മാറ്റിയത്.

എം എസ് കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെ രഞ്ഞെടുപ്പിന്റെ ഒരു വിളിപ്പാടകലെയാണ് സംസ്ഥാനം. ഗാസയുദ്ധം മുതല്‍ പി എം ശ്രീ പദ്ധതിവരെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്‌തേക്കാം. എന്നാല്‍ തിരുവനന്തപുരം നഗരസഭയിലെങ്കിലും ചര്‍ച്ചയാകാന്‍ പോകുന്നത് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും ആയിരിക്കും. വര്ഷങ്ങളായി ഞാന്‍ അറിയുന്ന അനില്‍ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന യുവാവും മിടുക്കനായ ജനപ്രതിനിധിയും ആണ്. രാഷ്ട്രീയത്തില്‍ ഒരുപാടു ഉയരങ്ങളില്‍ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയില്‍ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയിപോയതുകൊണ്ടാണ്. അവസാന നാളുകളില്‍ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാ വുന്ന മാനസിക സമ്മര്‍ദ്ദം എനിക്ക് ഊഹിക്കാന്‍ കഴിയും.

സമാനസാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പലരും സഹകരണ മേഖലയിലും ഇടപെട്ടുപോകുന്നത് . പെട്ടെന്നാണ് കേരളത്തില്‍ സഹകരണരംഗം തകര്‍ന്നടിയുന്നത്. കരുവന്നൂര്‍, കണ്ടല, ബി എസ് എന്‍ എല്‍ തുടങ്ങിയ സംഘങ്ങളിലെ വാര്‍ത്തകള്‍ പ്രവഹിച്ചതോടെ ചെറിയ സംഘങ്ങളില്‍ പുതിയ നിക്ഷേപങ്ങള്‍ വരാതെയായി. ഞങ്ങളുടെ സംഘത്തിനെതിരെ വ്യക്തിവിരോധം കൊണ്ട് ചിലര്‍ പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്ത മാധ്യമങ്ങളില്‍ കൊടുത്തതും അതിന്റെ സത്യാവസ്ഥകള്‍ മനസിലാക്കാതെ ചില മാധ്യമങ്ങള്‍ അതൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ സംഘം തകര്‍ന്നു എന്ന് പ്രചരിപ്പിച്ചു വായ്പ എടുത്തവര്‍ തിരിച്ചടവ് നിര്‍ത്തി. നിക്ഷേപകര്‍ കൂട്ടത്തോടെ അവരുടെ നിക്ഷേപം പിന്‍വലിക്കാനും എത്തുന്നു. ഈ അവസ്ഥയെ അതിജീവിക്കാന്‍ കൂടെ നില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നവര്‍ സഹകരിക്കാതെ മാറിനില്‍ക്കുന്ന സ്ഥിതി കൂടി വന്നത് കൊണ്ട് കൂടി യാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്. കാശ് കൊടുത്തു സഹായിക്കണ്ട. പക്ഷെ വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു.അതും ചെയ്തില്ല എന്നതാണ് പ്രധാനം. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം.

വളരെ ആലോചിച്ച ശേഷം ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഞാന്‍ കൂടി ഉള്ള സംഘത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാര്‍ട്ടിക്കാരാണ്. തിരിച്ചടക്കാത്തവരില്‍ 90% വും അതെ പാര്‍ട്ടിക്കാര്‍ തന്നെ. അതില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന ഭാരവാഹികള്‍ ( സെല്‍ കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ )ഉണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നമ്മുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം fb യിലൂടെ വെളിപെടുത്താന്‍ തീരുമാനിക്കുന്നത്. അടുത്ത പോസ്റ്റ് ഈ പേരുകള്‍ വെളിപ്പെടുത്തി കൊണ്ടുള്ള താകും.ജീവിതത്തില്‍ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലാത്ത ഞാന്‍ ഇവരെയൊക്കെ സഹായിച്ചുപോയി എന്ന വലിയ തെറ്റിന് ഇന്ന് അനഭിമതനും വെറുക്കപ്പെട്ടവനും,ആയിമാറി. ഒരു ഗുണപാഠം ഇതില്‍നിന്നൊക്കെ പഠിച്ചു. കഴിയുമെങ്കില്‍ ആരെയും സഹായിക്കാതിരിക്കുക. ജീവിത സാ യാ ഹ്നത്തില്‍പുതിയ പാഠം പഠിച്ചിട്ടെന്തു കാര്യം? നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവര്‍ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങള്‍ അറിയട്ടെ. ഇവരെ മുന്‍നിര്‍ത്തി നഗരഭരണം പിടിക്കാന്‍ ഒരുങ്ങുന്ന നേതാക്കള്‍ തിരിച്ചറിയുക. ജനങ്ങള്‍ വിവേകം ഉള്ളവരും കാര്യങ്ങള്‍ തിരിച്ചറിയുന്നവരും ആണ്. അവര്‍ വോട്ടര്‍മാരും ആണ്.