- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇമ്രാന്‍ ഖാന്‍ എങ്ങനെ എംഎസ്എഫിന്റെ ഹീറോയായി? ലീഗിനെ ജമാഅത്തെ ഇസ്ലാമി വിഴുങ്ങുന്നു; തീം സോങ്ങിലെ പാക് സാന്നിധ്യം ചര്‍ച്ചയാക്കി എസ്എഫ്‌ഐ; പാട്ടില്‍ ഇമ്രാനില്ലെന്നും വര്‍ഗീയതയും ഇസ്ലാമോഫോബിയയും വളര്‍ത്താനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന മറുപടിയുമായി എംഎസ്എഫ്: വിവാദം ഇങ്ങനെ
ഇമ്രാന്‍ ഖാന്‍ എങ്ങനെ എംഎസ്എഫിന്റെ ഹീറോയായി?

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലെ വിദ്യാര്‍ത്ഥി സംഘടനാ പോര് പാട്ടിലേക്കും പാകിസ്ഥാനിലേക്കും നീങ്ങുന്നു. എംഎസ്എഫ് (MSF) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ തീം സോങ്ങില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന ആരോപണവുമായി എസ്എഫ്‌ഐ (SFI) രംഗത്തെത്തിയതോടെയാണ് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നത്. എന്നാല്‍, ഈ ആരോപണത്തെ പച്ചക്കള്ളമെന്ന് വിളിച്ച് തള്ളിക്കളയുകയാണ് എംഎസ്എഫ് നേതൃത്വം.
വിവാദം ഇങ്ങനെ:
എംഎസ്എഫ് ഔദ്യോഗികമായി പുറത്തിറക്കിയ ഗാനത്തില്‍ തങ്ങളുടെ മുന്‍കാല നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ഇമ്രാന്‍ ഖാന്റെ ചിത്രവും ഉള്‍പ്പെടുത്തിയെന്നാണ് എസ്എഫ്‌ഐയുടെ വാദം. ഈ ചിത്രങ്ങള്‍ പ്രചരിച്ചതോടെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ഫേസ്ബുക്കിലൂടെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.
'മനുഷ്യരെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കിയ പാകിസ്ഥാന്‍ നേതാവിനോട് എംഎസ്എഫിന് എന്ത് ബന്ധം? ഇമ്രാന്‍ ഖാന്‍ ആണോ നിങ്ങളുടെ ഹീറോ?' പി.എസ്. സഞ്ജീവ് (എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി) തന്റെ കുറിപ്പില്‍ ചോദിച്ചു.
ജമാഅത്തെ ഇസ്ലാമി എംഎസ്എഫിനെ പൂര്‍ണ്ണമായും വിഴുങ്ങിക്കഴിഞ്ഞു എന്നും സംഘപരിവാര്‍ അജണ്ടകളെ സഹായിക്കുന്ന നിലപാടാണ് ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന സ്വീകരിക്കുന്നതെന്നും എസ്എഫ്‌ഐ പ്രസിഡന്റ് എം. ശിവപ്രസാദും ആരോപിച്ചു.
എംഎസ്എഫിന്റെ മറുപടി
ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും എസ്എഫ്‌ഐ പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോ ആണെന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ് പ്രതികരിച്ചു. എസ്എഫ്‌ഐ പ്രചരിപ്പിക്കുന്ന ഗാനത്തിന് എംഎസ്എഫിന്റെ ഔദ്യോഗിക തീം സോങ്ങുമായി യാതൊരു ബന്ധവുമില്ല. എംഎസ്എഫിനെതിരെ വര്‍ഗീയതയും ഇസ്ലാമോഫോബിയയും വളര്‍ത്താനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്.
തങ്ങളുടെ പാട്ടില്‍ ഇല്ലാത്ത ഇമ്രാന്‍ ഖാന്‍ എങ്ങനെ വന്നുവെന്ന് പരിശോധിക്കപ്പെടണം. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും.
മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയതിന്റെ അനന്തരഫലമാണ് ഇത്തരം മാറ്റങ്ങളെന്നാണ് എസ്എഫ്‌ഐയുടെ പക്ഷം. എന്നാല്‍, എസ്എഫ്‌ഐയുടെ വ്യാജ പ്രചാരണം വഴി സംഘപരിവാറിന് വളം വെച്ചുകൊടുക്കുകയാണെന്ന് എംഎസ്എഫ് തിരിച്ചടിക്കുന്നു.
പി.എസ്. സഞ്ജീവിന്റെ പോസ്റ്റ്:
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങില്‍ പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ചിത്രം തങ്ങളുടെ പൂര്‍വ്വകാല നേതാക്കളുടെ ചിത്രത്തോടൊപ്പം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്കണ്ടു. മതരാഷ്ട്രവാദം ഉയര്‍ത്തിയും മനുഷ്യരെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്തു ബന്ധമാണുള്ളത്, എന്താണ് എം.എസ്.എഫിന് അദ്ദേഹത്തോടുള്ള പ്രതിബദ്ധത ?
നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആര്‍എസ്എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയില്‍ വളരാന്‍ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാന്‍ ഖാന്‍ ആണോ നവാസിന്റെ ഹീറോ? തങ്ങള്‍ മതനിരപേക്ഷമാണെന്ന് തെളിയിക്കാന്‍ പാടുപെടുന്ന കേരളത്തിലെ എം.എസ്.എഫ് ഇതുവഴി ഇപ്പോള്‍ സംഘപരിവാര്‍ ബോധത്തെ വളര്‍ത്താനുള്ള മണ്ണൊരുക്കുക കൂടിയാണ് ചെയ്യുന്നത്. സംഘികള്‍ ഉടന്‍ ഇറങ്ങും ദേശവിരുദ്ധ ചാപ്പയുമായി, നവാസിനും സംഘത്തിനും ജമാഅത് ഇസ്ലാമിയോടും അതു ഉയര്‍ത്തുന്ന മതരാഷ്ട്രവാദത്തോടും പ്രതിബദ്ധത ഉണ്ടാകും, അവര്‍ സംഘപരിവാറിനെ സഹായിക്കുന്നത് മനസ്സിലാകും, എന്നാല്‍ എം എസ് എഫില്‍ പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷവാദികള്‍ കൂടി ഇതിന്റെ ഇരയാകുന്നു. ഈ ചെയ്തി സംഘികളെയും, ജമാഅത്ത് ഇസ്ലാമിക്കാരെയും ഒരുപാട് സന്തോഷിപ്പിക്കും.എന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഒറ്റുകയുമാണ് പി.കെ നവാസും സംഘവും ചെയ്തത്.
എം.എസ്.എഫിലെ ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയതിന്റെ ഭാഗമായി ഈ ഗാനം മനസ്സിലാമനസ്സോടെ പി കെ നവാസ് പിന്‍വലിച്ചതായി കാണുന്നു എന്നാല്‍ നവാസിന്റെ ലക്ഷ്യം നിര്‍വേറി കഴിഞ്ഞിരിക്കുന്നു, ചിലതൊക്കെ ഇങ്ങനെയാണ് എത്ര മറച്ചു പിടിച്ചാലും തികട്ടി,തികട്ടി വരും.
എം ശിവപ്രസാദിന്റെ പോസ്റ്റ്:
ആരുടെ രാഷ്ട്രീയത്തെയാണ് MSF പിന്തുടരുന്നത്?
കാലം തെളിയിക്കുന്ന ചില സത്യങ്ങള്‍!
കേരളത്തില്‍ ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കാലം വരെ മത രാഷ്ട്രവാദത്തിനെതിരെയും മതരാഷ്ട്ര വാദികളായ ജമാഅത്ത് ഇസ്ലാമിക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പാരമ്പര്യവും ലീഗിനുണ്ട്. എന്നാല്‍ ഇതേ ലീഗാണ് അടുത്ത കാലത്ത് ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത്. ഇത് കേവലം തിരഞ്ഞെടുപ്പ് വേളയിലെ രാഷ്ട്രീയ സഖ്യം മാത്രമാണോ? ലീഗിന്റെ രാഷ്ട്രീയ- ഭൗതീക നേതൃത്വത്തെ ജമാഅത്ത് ഇസ്ലാമി വിഴുങ്ങാന്‍ തയ്യാറെടുക്കുന്ന കാഴ്ചയാണ് എന്നാല്‍ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഇതിന്റെ വേഗത എത്രത്തോളം ആണെന്ന് തെളിയിക്കുന്നതാണ് MSF ന് വരുന്ന മാറ്റമെന്ന് നാം കാണണം.
ലീഗില്‍ അവശേഷിക്കുന്ന മതനിരപേക്ഷ വാദികളോടാണ് ചോദ്യം: സംഘപരിവാരത്തിന്റെ അജണ്ട പ്രോത്സാഹിപ്പിക്കുന്ന ജമാഅത്ത് ഇസ്ലാമി രാഷ്ട്രീയത്തെ കേരളത്തില്‍ പ്രയോഗിക്കുന്ന MSF ശൈലി നമ്മുടെ നാടിന് ഗുണകരമാണോ? ലീഗിന്റെ രാഷ്ട്രീയ ആശയങ്ങള്‍ ഉപേക്ഷിച്ച് മതരാഷ്ട്ര വാദികളുടെ ആശയങ്ങളിലേക്ക് നിങ്ങളുടെ വിദ്യാര്‍ത്ഥി സംഘടന ചേക്കേറുമ്പോള്‍ കൈയും കെട്ടി നോക്കി ഇരിക്കുന്നത് ഈ സമൂഹത്തോട് തന്നെ ചെയ്യുന്ന അനീതി അല്ലെ? നാളെ ലീഗിനെ വിഴുങ്ങാന്‍ അടുത്തു കൂടിയിരിക്കുന്ന ജമാഅത്ത് ഇസ്ലാമി ഇപ്പോള്‍ MSF നെ പൂര്‍ണ്ണമായി വിഴുങ്ങി കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞിട്ടും നിസ്സഹായമായ ഈ മൗനം എന്തു കൊണ്ട്?
ഇന്ന് ഇമ്രന്‍ ഖാന്‍, പിന്നെ മൗദൂദി, അതിന് ശേഷം?
കാലം!


