തിരുവനന്തപുരം : എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പുതുമയില്ലെന്ന് സിപിഎം വിലയിരുത്തലിന് പിന്നിൽ പരസ്യമായി തിരുത്തി പറയില്ലെന്ന എംടിയുടെ ഉറച്ച നിലപാട്. കെ എൽ എഫിലെ പ്രസംഗം രാഷ്ട്രീയ വിമർശനമായതോടെ എംടിയെ കൊണ്ട് പരസ്യമായി തന്നെ പറഞ്ഞത് മുഖ്യമന്ത്രി പിണറായിക്ക് എതിരെയല്ലെന്ന് വരുത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ എംടി തിരുത്തലിനോ വിശദീകരണത്തിനോ തയ്യാറായില്ല. ഇതോടെ അത് നടക്കാതെ പോയി. നേരത്തെ കവി സച്ചിദാനന്ദൻ പിണറായി സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനം ഇന്ത്യൻ എക്സ്‌പ്രസ് അഭിമുഖത്തിൽ നടത്തി. ഇത് വലിയ ചർച്ചയായി. തൊട്ടു പിന്നാലെ സാഹത്യ അക്കാഡമി അധ്യക്ഷനായ സച്ചിദാനന്ദൻ തിരുത്തലിന് തയ്യാറായി. വാക്കുകൾ വളച്ചൊടിച്ചതാണ് സച്ചിദാനന്ദൻ പറഞ്ഞു. ഇതോടെ അത് കെട്ടടങ്ങി. സമാനമായി എംടിയും പരസ്യമായി തന്നെ മാധ്യമ വിർമശനങ്ങളെ തള്ളി പറയുമോ എന്ന ശ്രമമാണ് ചില കേന്ദ്രങ്ങൾ നടത്തിയത്. എന്നാൽ കഥാകാരൻ പറഞ്ഞിടത്ത് തന്നെ ഉറച്ചു നിന്നു.

സിപിഎമ്മിനെ വിമർശിക്കുന്ന സാംസ്‌കാരിക നായകർക്ക് പൊങ്കാല പതിവ് പരിപാടിയാണ്. മുമ്പ് പാർട്ടിയെയും ഭരണത്തെയും വിമർശിച്ചാൽ സൈബർ ആക്രമണം ഭയന്ന് പലരും പ്രതികരിക്കാൻ മടിക്കുന്ന കാര്യമാണ്. സിപിഎം അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് എന്നു പറഞ്ഞ കവി സച്ചിദാനന്ദന് രൂക്ഷ വിമർശനമാണ് അന്ന് നേരിടേണ്ടി വന്നത്. ഇപ്പോൾ എം ടി വാസുദേവൻ നായർ മുഖ്യമന്ത്രിയെ ചില ചരിത്ര വസ്തുതകൾ ഓർമ്മപ്പെടുത്തിയതോടെ അതിനെ പിന്തുണച്ചു സച്ചിദാനന്ദനും രംഗത്തുവന്നു. മൂന്നാം വട്ടവും കേരളത്തിൽ സിപിഎം അധികാരത്തിൽ വന്നാൽ പാർട്ടി നശിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞതാണ് വിവാദമായത്. തുടർച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോൾ പാർട്ടിക്ക് ധാർഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് നയിക്കും. മൂന്ന് തവണ ഒരു പാർട്ടി അധികാരത്തിലെത്തിയാൽ സ്വാഭവികമായും പാർട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും. ബംഗാളിൽ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സച്ചിദാനന്ദൻ പറഞ്ഞിരുന്നു. എന്നാൽ സച്ചിദാനന്ദൻ നടത്തിയ തിരുത്തലിന് എംടിയെ കിട്ടില്ല.

എംടി യാഥാർത്ഥ്യമാണ് പറഞ്ഞതെന്ന് ഇ എൻ സുധീറും ഫെയ്‌സ് ബുക്ക് കുറിപ്പിട്ടു. ഇതും എംടി തള്ളി പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് എംടിയുടെ വിമർശനത്തിൽ സിപിഎം ചർച്ചകളിൽ നിന്നും വിട്ടു നിൽക്കുന്നത്. ഇതേ കാര്യം മുൻപും എംടി എഴുതിയിട്ടുണ്ട്. ഇഎംഎസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനം മാത്രമാണിതെന്നും രണ്ട് പുസ്തകങ്ങളുടെ ഭാഗമാണ് ലേഖനമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. എംടിയുടെ പ്രസംഗത്തിലെ പരാമർശവും ലേഖനവും തമ്മിൽ ഉള്ളടക്കത്തിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. നിലവിൽ ഇതുമായി ബന്ധപ്പെട്ടുയരുന്ന വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമേയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. പഴയ പ്രസംഗത്തിലെ വരികൾ പറഞ്ഞെങ്കിലും അതിനൊപ്പം രണ്ട് വരികൾ കൂട്ടിച്ചേർത്തു. തടുക്കത്തിലും അവസാനത്തുമായിരുന്നു അത്. സന്ദർഭത്തിന് അനുയോജ്യമായ രീതിയിലെ കൂട്ടിച്ചേർക്കാലായിരുന്നു അതെന്ന് പാർട്ടി പത്രമായ ദേശാഭിമാനിക്ക് പോലും വിലയിരുത്തേണ്ടി വന്നു. ഇതോടെ വിഷയം ഏറ്റുപിടിക്കുന്നത് തിരിച്ചടിയാകുമെന്ന് സിപിഎം ഉറപ്പിച്ചു. എംടിക്കെതിരെ സൈബർ ആക്രമണം ഉണ്ടാകരുതെന്നും സൈബർ സഖാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവൻ നായർ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇരിക്കെ അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമർശനമാണ് തൊടുത്തുവിട്ടത്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും പറഞ്ഞു വച്ചു. വ്യക്തിപൂജയ്‌ക്കെതിരേയും നിലപാട് എടുത്തു. ഇതെല്ലാം മുമ്പെഴുതിയ ലേഖത്തിലെ വരികളാണെന്നതാണ് വസ്തുത. എന്നാൽ ഈ വിർശനം ഇപ്പോഴുള്ള അധികാരികൾക്കായി അവതരിപ്പിക്കുകയായിരുന്നു എംടി.

അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു. തെറ്റ് പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് പറഞ്ഞ എം ടി, ഇക്കാര്യത്തിൽ ഇഎംഎസിനെയാണ് ഉദാഹരിച്ചത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞുവച്ചു. ഇത് കേന്ദ്ര സർക്കാരിനെതിരായ വിമർശനമായി പറഞ്ഞു വയ്ക്കാൻ തുടക്കത്തിൽ സിപിഎം ശ്രമിച്ചു. എന്നാൽ അത് വിലയപോയില്ല. ഈ സാഹചര്യത്തിലാണ് സിപിഎം കരുതലോടെ സംവാദം ഒഴിവാക്കുന്നത്.

അധികാരത്തിൽ ഇരിക്കുന്നവർക്കുള്ള ഉപദേശമാണ് എംടി വാസുദേവൻ നായരുടേതെന്ന് സമ്മതിച്ച് ദേശാഭിമാനിയും വാർത്ത നൽകിയിരുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എം ടി വാസുദേവൻ നായർ പറഞ്ഞത് അധികാരത്തെപ്പറ്റി എന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന നിലപാട്. ഇരുപത് വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ അതേവരികളാണ് തെല്ലും വ്യത്യാസമില്ലാതെ എം ടി ചൊവ്വാഴ്‌ച്ച ആവർത്തിച്ചത് എന്നാണ് ദേശാഭിമാനി പറയുന്നത്. ലേഖനത്തിന്റെ ഇമേജ് അടക്കമാണ് ദേശാഭിമാനിയിലെ വാർത്ത. എംടിയുടെ വാക്കുകൾ പിണറായിയെ ലക്ഷ്യമിട്ടല്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് ദേശാഭിമാനി ലക്ഷ്യമിട്ടത്. പക്ഷേ പറഞ്ഞു വന്നപ്പോൾ അത് അധികാരത്തിലുള്ളവർക്കുള്ള ഉപദേശമായി മാറുന്നു.

തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'തെരഞ്ഞെടുത്ത ലേഖനങ്ങൾ' എന്ന എം ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന് 13 വർഷം മുമ്പ് എംടി എഴുതിയ ലേഖനത്തിലെ വരികളാണ് 'മുഖ്യമന്ത്രിക്കെതിരെ എം ടി വാസുദേവൻ നായർ ആഞ്ഞടിച്ചു' എന്ന നുണയാക്കി മാധ്യമങ്ങൾ വാരി വിതറുന്നതെന്നാണ് ദേശാഭിമാനി പറയുന്നത്. എം ടി പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് 'തെരഞ്ഞെടുത്ത ലേഖനങ്ങൾ' എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചരിത്രപരമായ ഒരാവശ്യം എന്ന തലക്കെട്ടിലാണ് ഈ ലേഖനം. എം എൻ കാരശ്ശേരിയാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്-ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.

സന്ദർഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികളാണ് തുടക്കത്തിലും അവസാനവുമായി ലേഖനത്തിന്റെ ഉള്ളടക്കത്തോട് പ്രസംഗത്തിൽ എം ടി കൂട്ടിച്ചേർത്തത്. ''ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വർഷം ഞാൻ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വർഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു' എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. അവസാനിച്ചപ്പോൾ 'ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു' എന്ന വരിയും ഉൾപ്പെടുത്തിയെന്നും ദേശാഭിമാനി പറയുന്നു. ഈ അവസാന വാക്കാണ് സർക്കാരിനെതിരായ വിമർശനമായി മാറുന്നത്.

എംടി പിണറായി വിജയനെ ആക്രമിക്കാൻ തയ്യാറാക്കിയ പ്രസംഗവുമായി വന്നു എന്ന മാധ്യമ പ്രചരണം തീർത്തും അസംബന്ധമെന്ന് വ്യക്തമാകുകയാണെന്ന് വരുത്തുകായണ് ഈ വാർത്തയുടെ ലക്ഷ്യം. എന്നാൽ സന്ദർഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികളാണ് തുടക്കത്തിലും അവസാനവുമായി ലേഖനത്തിന്റെ ഉള്ളടക്കത്തോട് പ്രസംഗത്തിൽ എം ടി കൂട്ടിച്ചേർത്തത് എന്നും ദേശാഭിമാനി തന്നെ പറയുന്നു. അതായത് ഈ കാലത്തും തന്റെ ലേഖനത്തിലെ ചിന്തകൾ അനിവാര്യമാണെന്ന് എംടി പറയുന്നതായി ദേശാഭിമാനിയും സമ്മതിക്കുന്നു. ഇത് തന്നെയാണ് മാധ്യമങ്ങളും എംടിയുടെ വാക്കുകൾ ചർച്ചയാക്കാനുള്ള പ്രധാന കാരണം. ദേശാഭിമാനി ഓൺലൈനിലെ വിശദീകരണം അങ്ങനെ എംടി വിമർശനത്തിന്റെ സാക്ഷ്യമായി മാറുകയാണ്.