- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം സംശയിച്ചത് വി എസ് പക്ഷക്കാരനായിരുന്ന മുൻ എംഎൽഎ പ്രദീപ്കുമാറിനെ; പിന്നെ സംഘാടകൻ ഡോ അബ്ദുൽ ഹക്കീമിനെ; സിപിഎമ്മിലെ ഏതെങ്കിലും വിഭാഗമോ ബാഹ്യ ശക്തികളോ പിന്നിലുണ്ടേവെന്നും സംശയം; എം ടിക്ക് പിന്നാലെ പിണറായിയുടെ രഹസ്യ പൊലീസ് കറങ്ങിയത് നാലുനാൾ
കോഴിക്കോട്: അധികാരികൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ രഹസ്യപ്പൊലീസ് പിന്തുടരുന്ന ഹിറ്റ്ലറിന്റെ കാലമാണോ കേരളത്തിൽ നിലനിൽക്കുന്നത്? കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരവൻ എംടി വാസുദേവൻ നായർ, മുഖ്യമന്ത്രി വേദിയിലിരിക്കെ നടത്തിയ വിമർശനത്തിന്റെ പേരിൽ രഹസ്യപ്പൊലീസ് എംടിക്ക് ചുറ്റം കറങ്ങിനടന്നത് നാലുനാൾ. ഒരു പ്രസംഗത്തിന്റെ പേരിൽ ജ്ഞാനപീഠം ജേതാവായ പ്രശസ്ത സാഹിത്യകാരനെപ്പോലും സംശയത്തിൽ നിർത്തുക എന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. നേരത്തെ മുഖ്യമന്ത്രിയുടെ മൈക്ക് ഹൗൾ ചെയ്ത സമയത്തും അതിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണം നടത്തിയ വൻ വിവാദമായിരുന്നു.
എം ടി സംഭവത്തിൽ കോഴിക്കോട് സിറ്റി സ്പെഷൽ ബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. സിപിഎമ്മിലെ ഏതെങ്കിലും വിഭാഗമോ ബാഹ്യ ശക്തികളോ പ്രസംഗത്തിന് പിന്നിലുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിച്ചത്. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഈ മാസം 11 ന് മുഖ്യാതിഥിയായി സംസാരിച്ച എംടിയുടെ പ്രസംഗത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയ്ക്ക് ആഭ്യന്തര വകുപ്പിൽ നിന്ന് കിട്ടിയ നിർദ്ദേശം. മുഖ്യമന്ത്രിയെ മനഃപൂർവ്വം കരിവാരിത്തേയ്ക്കാനായി ആരെങ്കിലും ആസൂത്രണം ചെയ്ത് പ്രസംഗം രൂപപ്പെടുത്തിയതാണോ എന്ന് അറിയാനായിരുന്നു ഉദ്ദേശ്യം.
ഫെസ്റ്റിവൽ ചെയർമാനും മുൻ കോഴിക്കോട് എംഎൽഎയുമായ എ പ്രദീപ്കുമാറിനെയാണ് പ്രധാനമായും സംശയിച്ചത് എന്നാണ് സപെഷ്യൽ ബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചത്. മുൻ വി എസ് പക്ഷക്കാരനായ പ്രദീപിന് കഴിഞ്ഞ തവണ മത്സരിക്കാൻ സീറ്റ് നൽകിയിരുന്നില്ല. മന്ത്രി പി എ മുഹമ്മദ് റിയാസുമായി സുഖത്തില്ലാത്ത പ്രദീപ്കുമാർ, എംടിയുടെ പ്രസംഗത്തിന്മേൽ മനഃപൂർവ്വം സമ്മർദ്ദം ചെലുത്തിയോ എന്നും പൊലീസ് സംശയിച്ചു. സിപിഎമ്മിൽ നിന്നോ സംഘാടകരായവരിൽ നിന്നോ ആരെങ്കിലുമാവാം പ്രസംഗം തയ്യാറാക്കിയത് എന്നും സംശയിച്ചു.
തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ അതീവ രഹസ്യമായി സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. എംടിയുടെ താമസസ്ഥലത്ത് നിന്ന് അദ്ദേഹത്തിനൊപ്പം വന്നവർ ആരൊക്കെയാണ്, സ്റ്റേജിലേക്ക് ആനയിച്ചത് ആരെല്ലാം, സംഘാടകരായവർ ആരൊക്കെയായിരുന്നു തുടങ്ങിയ വിശദാംശങ്ങളോടെയുള്ള ചോദ്യാവലികളായിരുന്നു ആഭ്യന്തര വകുപ്പിൽ നിന്ന് സ്പെഷൽ ബ്രാഞ്ചിന് ലഭിച്ചത്.
സംഘാടക സമിതിയിൽ ഉൾപ്പെട്ടവരുടെ മുഴുവൻ പേരുവിവരങ്ങളും നൽകാനും ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രസംഗത്തിന് ശേഷം എംടി എവിടേയ്ക്കാണ് പോയത്, ഏത് സമയത്താണ് തിരിച്ചുപോയത്, ഏതെല്ലാം പരിപാടികളിലാണ് 12 ന് പങ്കെടുത്തതെന്നെല്ലാമാണ് ചോദ്യാവലിയിലുണ്ടായത്. വേദിയിൽ കസേരയിൽ ഇരുന്ന് പ്രസംഗിക്കാൻ തയ്യാറായ എംടിയെ മൈക്കിനടുത്തേക്ക് ഒരു സ്ത്രീ ഉൾപ്പെടെയുള്ള ചിലർ നിർബന്ധിച്ച് അയച്ചുവെന്നതാണ് തിരുവനന്തപുരത്ത് നിന്ന് വന്ന രഹസ്യാന്വേഷണ വിഭാഗത്തിന് സംശയം ജനിപ്പിച്ചത്. കെഎൽഎഫിന്റെ പ്രോഗ്രാം കൺവീനർ ആയ ഡോ അബ്ദുൽ ഹക്കീമിന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷണം നടന്നു. പക്ഷേ അദ്ദേഹത്തിനും ക്ലീൻ ചിറ്റാണ് പൊലീസ് നൽകിയത്.
തുടർന്ന് സ്പെഷൽ ബ്രാഞ്ച് എ സി അന്വേഷണം നടത്തുകയും ബാഹ്യഇടപെടലുകളുണ്ടായിട്ടില്ലെന്ന അന്തിമ അന്വേഷണറിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ചയാണ് റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയത്. പ്രാസംഗികൻ തന്നെ പഴയ ലേഖനം ഭേദഗതികളോടെ എഴുതി തയ്യാറാക്കി അവതരിപ്പിച്ചതാണെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഞായറാഴ്ചയായിരുന്നു ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപനം. അധികാര ധാർഷ്ട്യവും വ്യക്തിപൂജയുമാണ് പ്രസംഗത്തിൽ എം ടി യുടെ വിമർശനത്തിന് പാത്രമായത്. സംസ്ഥാന ഇന്റലിജൻസും സിറ്റി സ്പെഷൽ ബ്രാഞ്ചും അന്വേഷിച്ച കാര്യം സ്ഥിരീകരിച്ച് ഐബി യും റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.
എക്കാലത്തും എം ടി അധികാരത്തെക്കുറിച്ച് ഉയർത്തിപ്പിടിച്ച നിലപാടാണ് തെല്ലും മാറ്റമില്ലാതെ കെ.എൽ.എഫ് വേദിയിൽ ആവർത്തിച്ചത് എന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. 'തെരഞ്ഞെടുത്ത ലേഖനങ്ങൾ' എന്ന ലേഖന സമാഹാരത്തിലെ 'ചരിത്രപരമായ ഒരാവശ്യം' എന്ന പേരിൽ 20 വർഷംമുമ്പ് എം ടി എഴുതിയ ലേഖനമാണിത്. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് എം.എൻ കാരശ്ശേരിയാണ് ആമുഖം കുറിച്ചത്.
''ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വർഷം ഞാൻ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വർഷമാണ്. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയുന്നു' ഇങ്ങനെ പറഞ്ഞാണ് എം ടി പ്രസംഗമായി ലേഖനം വായിച്ചത്. 'അധികാരം ചില സമയങ്ങളിൽ ആധിപത്യത്തിനോ സ്വേച്ഛാധിപത്യത്തിനോ വഴിമാറുന്നു. നിയമസഭയിലോ മന്ത്രിസഭയിലോ പാർലമെന്റിലോ ഉള്ള സ്ഥാനം ഇപ്പോൾ മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമായി മാറിയിരിക്കുന്നു.
അധികാരം ജനങ്ങളെ സേവിക്കാനുള്ള മികച്ച അവസരമായി തിരിച്ചറിയുന്ന സിദ്ധാന്തം കുഴിച്ചുമൂടപ്പെട്ടു'' എന്ന എം ടിയുടെ വാക്കുകളാണ് ഏറെ വിവാദമായത്. എന്നാൽ മുഖ്യമന്ത്രിയേയും സർക്കാരിനേയും കടന്നാക്രമിക്കാനാണ് എം ടി പ്രസംഗം തയ്യാറാക്കിയതെന്നാണ് സോഷ്യൽമീഡിയയിലടക്കം പ്രചാരണം വന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ