കോഴിക്കോട്: നടക്കാവിലെ കൊട്ടാരം റോഡുകാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു, മാടത്ത് തെക്കേപ്പാട്ട് വാസു എന്ന എം ടി വാസുദേവന്‍ നായരെന്ന മഹാ സാഹിത്യകാരന്‍. എവിടെപ്പോയാലും, ഈ നാട്ടുകാര്‍ പറഞ്ഞിരുന്നത്, ഞങ്ങള്‍ എം ടിയുടെ അയല്‍വാസികള്‍ ആയിരുന്നെന്നാണ്. ജന്‍മംകൊണ്ട് പാലക്കാട് കൂടല്ലൂരുകാരനാണെങ്കിലും, കോഴിക്കോട് മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലി തുടങ്ങി, സാഹിത്യത്തിലും സിനിമയിലും പേരെടുത്തതോടെയാമാണ് എം ടി, കൊട്ടാരം റോഡിലെ 'സിതാര'യിലേക്ക് മാറുന്നത്.

മഹാസാഹിത്യകാരന്റെ മരണം അറിഞ്ഞതോടെ, ഇവിടെക്ക്് ജനം ഒഴുകിയെത്തുകയാണ്. ഇതോടെ എം ടിയുടെ വീട് സ്ഥിതി ചെയ്യുന്ന കൊട്ടാരം റോഡ് അടച്ചിരിക്കയാണ്. വൈകിട്ട് വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ല. അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നവര്‍ വാഹനങ്ങള്‍ മറ്റ് ഇടങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം വീട്ടിലേക്ക് എത്തണം എന്നാണ് അറിയിപ്പ്. കഴിഞ്ഞ എത്രയോ വര്‍ഷമായി കൊട്ടാരം റോഡുകാര്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഈ ജനാവലി. മമ്മൂട്ടിയും മോഹന്‍ലാലും കമലഹാസനും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍, മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും തൊട്ട് ദൂര ദിക്കില്‍നിന്ന് അദ്ദേഹത്തെ ഒരു നോക്ക് കാണാനെത്തുന്ന ആരാധകര്‍വരെ. എം ടി സിത്താരയില്‍ ഉള്ളിടത്തോളം കാലം കൊട്ടാരം റോഡില്‍ തിരക്കായിരുന്നു. ആയിരക്കണക്കിന് കത്തുകളായിരുന്നു ഒരു കാലത്ത് ഈ വിലാസത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്.

എന്നാല്‍ ചില സാഹിത്യകാരന്‍മ്മാര്‍ തന്നെ കുപ്രചാരണം നടത്തുന്നതുപോലെ, നാട്ടുകാരോട് ചിരിക്കാത്തവനും, പിശുക്കനുമൊന്നുമായിരുന്നില്ല എം ടി. പൊതുവെ മിതഭാഷിയായിരുന്നു അദ്ദേഹം. അത, ജന്‍മസിദ്ധമായ സ്വഭാവമാണ്. മമ്മൂട്ടി വന്നാലും, ഒരു സാധാരണക്കാരന്‍ വന്നാലും അദ്ദേഹത്തിന് തുല്യ പരിഗണനയാണ്. കോട്ടിയ ചുണ്ടില്‍ ഒരറ്റത്ത് ബീഡിയുമായാണ് ആരോഗ്യമുള്ള പ്രായത്തില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്. പിന്നീട് അദ്ദേഹം ബീഡിവലി പൂര്‍ണ്ണമായും നിര്‍ത്തി.

ബഷീറിനെപ്പോലെ, വീട് തുറന്നിട്ട് അതിഥികളെ സ്വാഗതം ചെയ്യുന്ന സ്വഭാവക്കരനായിരുന്നില്ല എം ടി. സ്വകാര്യത അദ്ദേഹത്തിന് ഏറെ വിലപ്പെട്ടതായിരുന്നു. കൊട്ടാരം റോഡിലെ സിത്താരയിലെ ഗേറ്റ് ഒരിക്കലും തുറന്നിടാറില്ലായിരുന്നു. എം.ടിയുടെ അടുത്തുചെല്ലാന്‍ ആരും മടിക്കും. പക്ഷേ, അടുത്തുപരിചയിച്ചല്ലാതെ, മലയാളിയുടെ ഹൃദയത്തില്‍ ഇത്ര ഉറപ്പോടെ ഇരുന്ന ഏകാകിയുടെ പേരും എം.ടി.വാസുദേവന്‍ നായര്‍ എന്നുതന്നെ.

എന്നാല്‍ നാട്ടുകാരോട് ഒരിക്കലും ബോധപുര്‍വമായ അകല്‍ച്ച അദ്ദേഹം കാട്ടിയിരുന്നില്ല. റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം, പൊന്നാട അണിയിച്ച് ആദരിക്കല്‍ തുടങ്ങിയ പരിപാടികളിലൊന്നും യാതൊരു താല്‍പ്പര്യവും എം ടിക്കില്ലായിരുന്നു. അതിനൊന്നും വന്ന് എം ടിയെ ക്ഷണിക്കാനും ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ പ്രദേശത്തെ സ്‌കൂളുകളുടെ പരിപാടിക്ക് എം ടി സന്തോഷപൂര്‍വം പങ്കെടുത്തു. ഉത്സവങ്ങളും ആഘോഷങ്ങളും അടക്കമുള്ളവക്കെല്ലാം പരിവ്, പത്നി സരസ്വതി ടീച്ചര്‍ കൊടുക്കും. ഒരിക്കല്‍ മരം വീണ് നടക്കാവ് ഭാഗത്ത് മണിക്കൂറുകള്‍ പോയപ്പോള്‍ എം ടിയുടെ ഒരു ഫോണ്‍ കോളാണ് അധികൃതര്‍ക്ക് പോയത്. അപ്പോഴേക്കും എഡിഎം അടക്കമുള്ള ഉദ്യോഗസ്ഥപ്പട ക്ഷമാപണവുമായി നേരിട്ട് എത്തി. എം ടിയുള്ളതുകൊണ്ട് ഈ നാടിന്റെ റോഡിനും കിട്ടി വിഐപി പരിഗണന കിട്ടി. അല്ലെങ്കിലും എന്നും വിഐപികള്‍ വന്നുകൊണ്ടിരുന്ന റോഡായിരുന്നു അത്. ഇലക്ഷന്‍ കാലത്തൊക്കെ എം ടിയുടെ അനുഗ്രഹം വാങ്ങുക എന്നത് സ്ഥാനാര്‍ഥികളുടെ ഒരു ചടങ്ങായി. യുഡിഎഫ്- എല്‍ഡിഎഫ്- ബിജെപി സ്ഥാനാര്‍ത്ഥികളൊക്കെ സിതാരയിലേക്ക് പാഞ്ഞെത്തി. എം ടിക്കാകട്ടെ ഇത്തരം നാട്യങ്ങളോട് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. മൂന്‍കുട്ടി വിളിച്ച് സമ്മതം വാങ്ങാതെ കാണാന്‍ വരുന്നതുപോലും അദ്ദേഹത്തിന് ഇഷ്മായിരുന്നില്ല.

അപ്രീതിയുണ്ടെങ്കില്‍ അത് മറച്ചുവെക്കാന്‍ എം ടിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ മുഖം അത് വിളിച്ചു പറയും. തീരെ ഇഷ്ടമില്ലാത്ത പരിപാടിയാണെങ്കില്‍ ഒന്നും പറയാതെ ഇറങ്ങിപ്പോവും. ഇതായിരുന്നു എം ടിയുടെ രീതി. ഇതെല്ലാം അരസികന്‍മ്മാരോട് മാത്രമായിരുന്നു. നാട്ടുകാരുമായും അയല്‍വാസികളുമായും ഊഷ്മള ബന്ധമായിരുന്നു, ആ കുടുംബത്തിന്. എം ടിയുടെ അഭാവം, പ്രാദേശിക പരിപാടികളില്‍ നികത്തിയിരുന്നത് പത്നി സരസ്വതിടീച്ചറായിരുന്നു.

എം ടി എത്ര സിമ്പിളായിരുന്നുവെന്ന് കോഴിക്കോട് കൊട്ടാരം റോഡിലെ നാട്ടുകാര്‍ക്ക് അറിയാം. പണ്ട് അദ്ദേഹം ഇതുവഴി നടക്കുമ്പോള്‍ സുഹൃത്തിന്റെ മെഡിക്കല്‍ ഷോപ്പില്‍ വിശ്രമിക്കാന്‍ കയറുമായിരുന്നു. സുഹൃത്ത് ഒന്ന് മാറിയാല്‍ മരുന്ന് എടുത്തുകൊടുക്കുന്ന പണിയും എം ടി ചെയ്യും. മഹാനായ എഴുത്തുകാരന്റെ കൈയില്‍നിന്ന് മരുന്ന് കിട്ടാന്‍ വേണ്ടി വെറുതെ ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടാക്കി അവിടെ കാത്തിരുന്ന ആരാധകര്‍ പോലുമുണ്ട്. പ്രസാദംപോലെ അവര്‍ ആ ഗുളികവാങ്ങി പോവുന്നു! പക്ഷേ എം ടി അത് അറിയുന്നപോലും ഉണ്ടായിരുന്നില്ല.

എം ടി വീട്ടിലുള്ള സമയം അദ്ദേഹത്തിന്റെ എഴുത്തിന് ഭംഗമാവേണ്ട എന്ന് കരുതി, ഉച്ചത്തില്‍ പാട്ടുവെക്കാന്‍പോലും നാട്ടുകാര്‍ ശ്രമിച്ചിരുന്നില്ല. മൗനം വാചാലമായതിന്റെ അഗാധമായ ഭംഗിയാണ് എം.ടി.. വലിയ ബഹളങ്ങളില്ലാതെ ആണെങ്കിലും, എം.ടി ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന കൊട്ടാരം റോഡുകാരുടെ ധൈര്യം കൂടിയാണ്, സ്വകാര്യ അഹങ്കാരംകൂടിയാണ് ഇപ്പോള്‍ ഇല്ലാതാവുന്നത്.