തിരുവനന്തപുരം: പ്രവാസി യുവാവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ അറസ്റ്റിലായ കാമുകി ഇൻഷക്ക് തട്ടിക്കൊണ്ടു പോകലിൽ പങ്കില്ലെന്നും സൂത്രധാരൻ ഡ്രൈവർ രാജേഷും സംഘവുമാണെന്നും തമിഴ്‌നാട് തക്കല സ്വദേശിയായ പ്രവാസി യുവാവ് മുഹൈദീൻ അബ്ദുൾ ഖാദർ വെളിപ്പെടുത്തി.

തമിഴ്‌നാട് തക്കല സ്വദേശിയായ മുഹൈദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കാമുകി ഇൻഷ, സഹോദരൻ ഷഫീഖ് എന്നിവരുൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇഷയുടെയും സഹോദരന്റെയും സുഹൃത്തുക്കളായ രാജേഷ്, ഷാജാസ്, അഷിഖ്, അൻസിൽ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻഷയാണ് ഒന്നാം പ്രതി. മുഹൈദിനും ഇൻഷയും ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

എന്നാൽ ഇൻഷയ്ക്ക് തട്ടിക്കൊണ്ടുപോകലിൽ പങ്കില്ലെന്നാണ് മുഹൈദിൻ വെളിപ്പെടുത്തിയത്. ഒരു കോടി രൂപയാണ് രാജേഷ് കുമാർ ആവശ്യപ്പെട്ടത്. തന്റെ അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കളും അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതായും മുഹൈദിൻ പറഞ്ഞു.

ഇൻഷയാണ് ഇതിലെ മുഖ്യസൂത്രധാരിയെന്ന് പൊലീസ് പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോൾ ഇൻഷ അത്തരത്തിലുള്ള ഒരു പെണ്ണല്ല എന്നായിരുന്നു മുഹൈദിൻ പ്രതികരിച്ചത്. 'രാജേഷ് കുമാറാണ് പ്രധാന സൂത്രധാരൻ. തന്നെ മർദിച്ചത് ഇൻഷ കണ്ടിട്ടില്ല' മുഹൈദിൻ വ്യക്തമാക്കി.

പ്രണയ കലഹത്തെ തുടർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കവർച്ച നടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും തട്ടിയെടുത്തത്. ഇക്കഴിഞ്ഞ 22-ന് മുഹൈദിനെ കാറിൽ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ട് ദിവസം കെട്ടിയിട്ട ശേഷമായിരുന്നു പണം തട്ടിയത്.

യുവാവ് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയതിന് പിന്നാലെ 15 ലക്ഷത്തി 70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്. ഒപ്പം മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയതായി പരാതിയുണ്ട്. തുടർന്ന് പ്രവാസിയെ സ്‌കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ശംഖുമുഖം അസി. കമ്മീഷണറുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം.