കൊച്ചി: വ്യത്യസ്ത മതത്തില്‍ പെട്ടവരായതിനാല്‍ കുടുംബങ്ങളുടെ ഭീഷണിയെത്തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ നിന്ന് ഒളിച്ചോടി കേരളത്തില്‍ അഭയം തേടിയെത്തിയ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കേരള പൊലീസിനോട് കേരള ഹൈക്കോടതി. നിലവില്‍ ആലപ്പുഴയിലെ കായംകുളത്ത് താമസിക്കുന്ന ആശാ വര്‍മ്മയും മുഹമ്മദ് ഗാലിബും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ജാര്‍ഖണ്ഡ് പൊലീസിനൊപ്പം അവരുടെ കുടുംബവും കേരളത്തില്‍ എത്തി ഭീഷണിപ്പെടുത്തിയതായി ദമ്പതികള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്. ഹര്‍ജിക്കാരെ നിര്‍ബന്ധിച്ച് സ്വന്തം സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനും ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ചിതാര്‍പൂരില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. 10 വര്‍ഷമായി പ്രണയത്തിലാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

ദുരഭിമാനക്കൊല ഭയന്ന് ഫെബ്രുവരി 2 ന് കേരളത്തിലേക്ക് താമസം മാറിയെന്നും ഫെബ്രുവരി 11ന് ആചാരപ്രകാരം വിവാഹിതരായെന്നും ഇരുവരും കോടതിയെ അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍ കേസെടുക്ക് ആശയെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ കേരളത്തില്‍ തുടരുകയാണ് ജാര്‍ഖണ്ഡ് പൊലീസ്. കേരളാ പൊലീസ് തടസ്സം അറിയിച്ചിട്ടും ജാര്‍ഖണ്ഡ് പൊലീസ് കായംകുളക്ക് തുടരുകയാണ്. ജാര്‍ഖണ്ഡ് ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കേരളത്തില്‍ എത്തി വിവാഹിതരായത്. ഒരാള്‍ ഇസ്ലാം മത വിശ്വാസിയും മറ്റൊരാള്‍ ഹിന്ദുവുമായതിനാല്‍ നാടും കുടുംബവും ബന്ധത്തിനെതിര് നിന്നു.

45 വയസോളം പ്രായമുള്ളരാളെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാന്‍ പിതാവ് തീരുമാനിച്ചതോടെ വിദേശത്തുള്ള മുഹമ്മദിനെ ആശ വിവരം അറിയിച്ചു. എന്നാല്‍ ഇതരമതസ്ഥരായതിനാല്‍ ഇരുകൂട്ടരുടെയും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനിടെ വിഷയം ജാര്‍ഖണ്ഡില്‍ ലൗ ജിഹാദ് എന്ന ആരോപണമായി ഉയര്‍ന്നു.

ഇതിന്റെ ഭാഗമായി പ്രദേശത്ത് സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്ന സംഭവങ്ങള്‍ ഉണ്ടായി. പിന്നീട് മുഹമ്മദ് ഗാലിബിനൊപ്പം ജോലി ചെയ്യുന്ന ഗള്‍ഫിലെ തന്റെ കൂട്ടുകാരനായ കായംകുളം സ്വദേശിയാണ് കേരളത്തിലേക്ക് എത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഇരുവര്‍ കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫെബ്രുവരി 9നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. 11ന് ഇരുവരും ഇസ്ലാം മത വിശ്വാസ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം തന്റെ ബന്ധുക്കളെന്ന പേരില്‍ ആലപ്പുഴയില്‍ എത്തിയവര്‍ ഗുണ്ടകളാണെന്ന് ആശവര്‍മ്മ പറയുന്നു. ആശ വര്‍മയെ മുഹമ്മദ് ഗാലിബ് തട്ടിക്കൊണ്ടു പോയി എന്ന പരാതിയില്‍ ചിത്തപൂര്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് അന്വേഷിച്ചാണ് ജാര്‍ഖണ്ഡ് പോലീസും കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കുകയാണ് ഉണ്ടായത്.