പാലക്കാട്: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം സ്വദേശിയായ മുഹമ്മദലിയെ മര്‍ദ്ദിച്ച് അവശനാക്കിയ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് എന്ന് വിവരം. കൊട്ടേഷന്‍ സംഘത്തിന്റെ മുന്നില്‍വച്ച് മുഹമ്മദലി മകന് അയച്ച ഓഡിയോ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. കൊട്ടേഷന്‍ നല്‍കിയത് ഉന്നത രാഷ്ട്രീയ നേതാവ് എന്ന് സൂചനയുണ്ട്. കൊട്ടേഷന്‍ ഏറ്റെടുത്തത് കര്‍ണാടക കേന്ദ്രീകരിച്ചുള്ള മലയാളികള്‍ അടങ്ങിയ ഗുണ്ടാ സംഘമാണെന്നാണ് വിലയിരുത്തല്‍. സംഭവം ദുരൂഹമായി തുടരുകയാണ്. പ്രതികള്‍ക്ക് ഒത്താശ ചെയ്തതിന്റെ പേരില്‍ പനമണ്ണ സ്വദേശി അഭിജിത്തിനെ (26) അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മൂന്ന്ു പേര്‍ കൂടി അകത്തായി. കേസില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ കീഴടങ്ങാന്‍ എത്തിയ 3 പേരെ പൊലീസ് കോടതിവളപ്പില്‍ നിന്നു പിടികൂടിയിരുന്നു. പനമണ്ണ ആറുപുഴ ഷാഹിന്‍ (24), അനങ്ങനടി ഓവിങ്കല്‍ നജീബുദ്ദീന്‍ (36), പനമണ്ണ ഇയംമടക്കല്‍ ഫൈസല്‍ ബാബു (36) എന്നിവരാണു പൊലീസിന്റെ കസ്റ്റഡിയിലായത്.

ചാലിശ്ശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. വ്യവസായിയുടെ ബന്ധുക്കളെ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തിരുന്നു. മുഹമ്മദലിയുടെ യാത്രാവിവരം അറിയുന്നവരെയും അത് ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയവരെയും കുറിച്ചാണ് അന്വേഷിക്കുന്നത്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പാലക്കാട്, മലപ്പുറം ജില്ലകളിലായി വ്യാപക അന്വേഷണം തുടരുന്നുണ്ടെങ്കിലും ഒളിത്താവളങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇതിനിടെയാണ് നാടകീയ കീഴടങ്ങല്‍. കേരളത്തിലും വിദേശത്തും ആശുപത്രി ശൃംഖലകളുടെ ഉടമയും ഇന്റര്‍നാഷനല്‍ സ്‌കൂളുകളുടെ ചെയര്‍മാനുമായ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി.പി. മുഹമ്മദലിയെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വൈകീട്ട് ആറരക്ക് ആറങ്ങോട്ടുകര കൊഴിക്കാട്ടിരി പാലത്തിനു സമീപം വാഹനം തടഞ്ഞ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. പൊലീസിനെ കുത്തിയ കേസിലെ പ്രതിയുള്‍പ്പെടെ ക്വട്ടേഷന്‍ സംഘത്തിലുണ്ടെന്നാണ് വിവരം. കുടുംബസമേതം സൗദിയില്‍ സ്ഥിരതാമസക്കാരനാണ് മുഹമ്മദലി. സംഭവത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

ക്വട്ടേഷന്‍ സംഘത്തിന്റെ പിടിയിലായശേഷം വിദേശത്തുള്ള നമ്പറിലേക്ക് 70 കോടി നല്‍കണമെന്ന രീതിയില്‍ മുഹമ്മദലി ശബ്ദസന്ദേശം അയച്ചിരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വി.പി. മുഹമ്മദലിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദ നാഷനല്‍ ആശുപത്രി, റയാന്‍ മെഡിക്കല്‍ ഗ്രൂപ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വി.പി. മുഹമ്മദലി. ജിദ്ദയിലേക്ക് പോകുന്നതിനായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യവെയാണ് തട്ടികൊണ്ടുപോയത്. ശനിയാഴ്ച്ച വൈകീട്ട് ആറരയോടെ മലപ്പുറം-പാലക്കാട് ജില്ല അതിര്‍ത്തിയായ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപത്തു വെച്ചാണ് നാടകീയമായ സംഭവം അരങ്ങേറിയത്. വാഹനത്തെ പിന്തുടര്‍ന്നെത്തിയ ഇന്നോവ കാറിലുണ്ടായിരുന്ന അജ്ഞാതസംഘം വാഹനം തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വി.പി. മുഹമ്മദലിയെ സ്വന്തം കാറില്‍നിന്ന് ബലമായി ഇറക്കി അവരുടെ വാഹനത്തില്‍ കയറ്റി അതിവേഗം കടന്നുകളയുകയായിരുന്നു.

പാലക്കാട് ജില്ലയിലെ കോതകുറിശ്ശിയിലുള്ള ഒരു വീട്ടില്‍ കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കവെയാണ് രക്ഷപ്പെട്ടത്. സംഘം ഉറക്കത്തിലായ സമയം നോക്കി ഞായറാഴ്ച്ച പുലര്‍ച്ചെയോടെ അദ്ദേഹം ഇറങ്ങിയോടി സാഹസികമായി രക്ഷപ്പെട്ടു. സമീപത്തെ പള്ളിയിലാണ് അഭയം തേടിയത്.