തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ 64 ആം പിറന്നാൾ ദിനമാണ് ഇന്ന്.പിറന്നാൾ ദിനത്തിൽ സോഷ്യൽമീഡിയയിൽ കൂടി തങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ നേരുകയാണ് ആരാധകരും സഹപ്രവർത്തകരും.മാഷപ്പ് വീഡിയോകളും ആശംസാ വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.ഇതിനിടെയിൽ പിറന്നാൾ ദിനത്തിൽ 'ലാലേട്ടന് വേറിട്ട രീതിയിൽ ഒരു പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.

മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ തന്നെ സുപ്രധാനമായ ലൊക്കേഷൻ ഇനി വിനോദസഞ്ചാര കേന്ദ്രം.താരത്തിന് പിറന്നാൾ സമ്മാനമായി 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.നെൽപ്പാടങ്ങൾക്ക് നടുവിലെ ചെമ്മൺ പാതയിൽ മോഹൻലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപൂവിന്റെ കവിളിൽ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി കുറിച്ചു.പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലാലേട്ടന് ഒരുപിറന്നാൾ സമ്മാനം..

'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെൽപ്പാടങ്ങൾക്ക് നടുവിലെ ചെമ്മൺ പാതയിൽ മോഹൻലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപൂവിന്റെ കവിളിൽ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.

മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു.

കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിൽ ആണ്.പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം.വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു.ഇത്തരത്തിൽ വിനോദസഞ്ചാരത്തിന് നല്ല സാധ്യതകൾ ഉള്ള പ്രദേശം കൂടിയാണ് ഇത്.2021 ലാണ് കേരളത്തിൽ സിനിമാ ടൂറിസം എന്ന തരത്തിൽ ഒരു പദ്ധതി ആരംഭിക്കുമെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.

സിനിമകളിലൂടെ ശ്രദ്ധേയമായ സ്ഥലങ്ങളിലേക്കും ശ്രദ്ധനേടിയ സിനിമകൾ ചിത്രീകരിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികളെ ആകർഷിക്കുന്നതാണ് പദ്ധതി.കാലം എത്ര കഴിഞ്ഞാലും മനസിൽ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്.നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങൾ.നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓർമകൾക്ക് നിറം പകരുന്ന പുതിയ പദ്ധതിയാണ് ടൂറിസം വകുപ്പ് നടപ്പിലാക്കുന്നത്

കിരീടം പാലത്തിന് പുറമെ ബോംബെ സിനിമയിൽ 'ഉയിരെ...' എന്ന ഗാനം ചിത്രീകരിച്ച ബേക്കൽ കോട്ട തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഒരുവട്ടമെങ്കിലും എത്താൻ സഞ്ചാരികളെ ആകർഷിക്കുന്നതാണ് പദ്ധതി.സിനിമാ താരങ്ങളെ കൂടി ഉൾപ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.സമീപകാലത്ത് ഏറെ ശ്രദ്ധനേടിയ മറ്റൊരു സിനിമ ലൊക്കേഷനാണ് ആലുവയിലെ 'പ്രേമം പാലം'. ആലുവ തോട്ടക്കാട്ടുകര ഭാഗത്തെ അക്വഡേറ്റ് പാലം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു. ഓർഡിനറി എന്ന ചിത്രത്തിലൂടെ പത്തനംതിട്ടയിലെ ഗവി, ദുൽഖർ സൽമാന്റെ ചാർലി എന്ന ചിത്രത്തിലൂടെ മീശപ്പുലിമല, കുമ്പളങ്ങി നൈറ്റ്സിലൂടെ എറണാകുളത്തെ കുമ്പളങ്ങി തുടങ്ങിയ ലൊക്കേഷനുകൾ ഏറെ ശ്രദ്ധേയമായിരുന്നു.

സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്.കഴിഞ്ഞ ലോക ടൂറിസം ദിനത്തിൽ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി ശിവൻ കുട്ടിയും കിരീടം പാലം പദ്ധതി സംബന്ധിച്ച് സമൂഹമാധ്യമത്തിൽ ുകുറിപ്പ് പങ്കുവെച്ചിരുന്നു.