തിരുവനന്തപുരം: തുടക്കത്തിലെ മെച്ചപ്പെട്ട പ്രവർത്തന രീതിക്കു ശേഷം ഇപ്പോൾ നിരന്തരം പഴി കേൾക്കുകയാണ് പൊതുമരാമത്ത് - ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മരുമകനാണെന്ന ലേബലിൽ മന്ത്രിയായ ആളാണെന്നായിരുന്നു ആദ്യം വിമർശനം. ഇപ്പോൾ റോഡിലെ കുഴിയാണ് റിയാസിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. കുഴി കാരണം പ്രതിച്ഛായ നഷ്ടപ്പെട്ട അവസ്ഥയിലാണ് റിയാസ്. പൊതു സമൂഹത്തിൽ മന്ത്രിയുടെ മുഖം മിനുക്കാൻ പുതിയ പി.ആർ ടീമിനെ വച്ചിരിക്കുകയാണ് ഇപ്പോൾ.

മന്ത്രിയുടെ യാത്ര വേളയിൽ പി.ആർ ടീമിലെ രണ്ടംഗങ്ങൾ അനുഗമിക്കും. മന്ത്രിയുടെ ഫീൽഡ് വിസിറ്റുകൾ ഒപ്പിയെടുക്കാൻ അത്യാധുനിക ക്യാമറ, മൈക്കുകൾ, ഗിംബൽ, സംഭാഷണങ്ങൾ കൃത്യതയോടെ ലഭിക്കാൻ മന്ത്രിയുടെ പോക്കറ്റിൽ വില കൂടിയ മൈക്രോ ഫോണുകൾ എന്നിവയടക്കം പി.ആർ ടീമിനായി ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഉടനടി എഡിറ്റ് ചെയ്ത് സൈബറിടങ്ങളിൽ പ്രചരിപ്പിക്കേണ്ടതും പി ആർ ടീമിന്റെ ഉത്തരവാദിത്വമാണ്.

മുഖ്യധാര ചാനലുകൾ അവഗണിക്കുന്നതു കൊണ്ട് പ്രാദേശിക ചാനലുകളെ പൂർണ്ണമായും ആശ്രയിക്കുക എന്ന തന്ത്രം ആണ് പി.ആർ ടീം പയറ്റുന്നത്. ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥരോടൊപ്പം മന്ത്രി റിയാസ് റോഡിൽ ഫീൽഡ് വിസിറ്റ് നടത്തിയപ്പോൾ ലഭിച്ച വീഡിയോ ദൃശ്യങ്ങൾക്ക് ക്ലാരിറ്റി പോര എന്ന പരാതിയും പി ആർ ടീമിനെതിരെ ഉയർന്നിരുന്നു. ചായക്കടയിൽ ദേശീയ പാത അഥോറിറ്റിക്ക് പഴം പൊരി പരിചയപ്പെടുത്തി കൊടുക്കുന്ന ദൃശ്യങ്ങൾക്കായിരുന്നു ക്ലാരിറ്റി പോര എന്ന പരാതി ഉയർന്നത്.

റോഡിലെ കുഴി കണ്ടാൽ ഉടൻ തന്നെ അനുഗമിക്കുന്ന ഉദ്യോഗസ്ഥരോട് പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ശൈലിയാണ് മന്ത്രി പിന്തുടരുന്നത്. മന്ത്രിയുടെ ലിപ് മുവ്‌മെന്റ് തെറ്റാതെ എടുക്കണമെന്നാണ് കർശന നിർദ്ദേശം. പി.ആർ ടീം തയ്യാറാക്കുന്ന വിഡിയോകൾ റീൽസുകളായും വാട്ട്‌സ് അപ്പ് സ്റ്റാറ്റസുകളായും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് എസ് എഫ് ഐ, ഡി വൈ എഫ് ഐ സംഘടനയിലെ തെരഞ്ഞെടുക്കപ്പെട്ടവരാണ് നേതൃത്വം നൽകുന്നത്.

ആദ്യമായി എം.എൽ എ ആയ റിയാസ് അപ്രതീക്ഷിതമായാണ് മന്ത്രി ആയത്. മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് എന്ന പിൻബലമായിരുന്നു മന്ത്രി കസേരയിൽ കരസ്ഥമാക്കാൻ റിയാസിന് സഹായകരമായത്. നിയമസഭയിൽ ഉൾപ്പെടെ വളരെ പരിതാപകരമായ പ്രകടനമാണ് റിയാസിൽ നിന്നുണ്ടായത്. വകുപ്പിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തണം എന്ന കർശന നിർദ്ദേശം ആണ് മുഖ്യമന്ത്രി റിയാസിന് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ പി ആർ ടിമിനെ മന്ത്രി രംഗത്തിറക്കിയിരിക്കുന്നത്.

മന്ത്രിയുടെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥരും അസ്വസ്ഥരാണ്. ഒരു പി ആർ ടീമും ഇല്ലാതെ കാര്യക്ഷമമായി പൊതുമരാമത്ത് വകുപ്പിന് നയിച്ച ജി.സുധാകരന്റെ ശൈലിയാണ് റിയാസ് സ്വീകരിക്കേണ്ടത് എന്ന വിമർശനമാണ് ഉയരുന്നത്.