- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി മുഹമ്മദ് റിയാസിന് പ്രത്യേക ട്രാഫിക് നിയമമുണ്ടോ? വൺവേ തെറ്റിച്ച് മന്ത്രിയുടെ വാഹനത്തിന്റെ വരവ്; എതിരെ ബസും മറ്റു വാഹനങ്ങളും എത്തിയതോടെ ട്രാഫിക് കുരുക്കും; മന്ത്രിയുടെ നിയമലംഘനം രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന വഴിയിൽ; ഒടുവിൽ വഴിയൊരുക്കിയത് നാട്ടുകാർ ഇടപെട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വിഐപി വാഹനങ്ങൾ നിയമം പാലിക്കുന്നതിൽ ഒട്ടും ശ്രദ്ധയില്ലാത്തവരാണ്. മന്ത്രിമാരുടെ നിയമ ലംഘനങ്ങൾ പതിവായി മാറുന്നത് പതിവു കാഴ്‌ച്ചയാണ്. പൊലീസ് അകമ്പടി മന്ത്രി വാഹനങ്ങൾ ചീറിപ്പായുന്നതും നിയമനങ്ങളൊന്നും വകവെക്കാതെയാണ്. ഇത്തരം സംഭവങ്ങൾ പതിവായിരിക്കവേയാണ് മന്ത്രി മുഹമ്മദ് റിയാസും പരസ്യമായി നിയമലംഘനം നടത്തിയത്. റൺവേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. കോഴിക്കോടാണ് സംഭവം.
മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ വാഹനമാണ് വൺവേ തെറ്റിച്ചത്. വൈകിട്ട് നാലരയോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലാണ് സംഭവം. മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം തെറ്റിച്ച് ചീറിപ്പാഞ്ഞെത്തിയത്. വളയത്ത് സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു അദ്ദേഹം. അവിടെനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പൊലീസ് അകമ്പടി ഇല്ലാതെയായിരുന്നു മന്ത്രിയുടെ വരവ്. എതിരെ വന്ന വാഹനങ്ങൾക്ക് മുന്നോട്ടു പോകാനാകാതെ വന്നതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന റോഡിൽ, എതിരെ ബസ് വന്നതോടെ മന്ത്രിയുടെ വാഹനം കുടുങ്ങി. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് മന്ത്രിയുടെ വാഹനത്തിന് മുന്നോട്ടു പോകാൻ സൗകര്യമൊരുക്കിയത്. അതേസമയം സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 എഐ ക്യാമറകളിലൂടെ ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയെങ്കിലും പ്രമുഖർ ക്യാമറയിൽ പെടില്ല.
എന്നാൽ, മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ ക്യാമറയിൽ കുടുങ്ങിയാലും പിഴ അടക്കേണ്ടിവരില്ല. പ്രമുഖരെ ഒഴിവാക്കാനാണ് തീരുമാനം. പലപ്പോഴും വേഗ നിയന്ത്രണം കാറ്റിൽ പറത്തി നിരത്തുകളിലൂടെ പായുന്നത് മന്ത്രിമാരുൾപ്പെടെയുള്ളവരാണ്. നിയമം കർക്കശമാക്കിയാൽ ഏറ്റവും കൂടുതൽ പിഴ ഒടുക്കേണ്ടിവരുന്നതും ഇവരായിരിക്കും. ഈ സാഹചര്യത്തിലാണ് പ്രമുഖർക്ക് 'ഇളവ്' അനുവദിക്കുന്നത്.
726 എഐ ക്യാമറകളിൽ 625 എണ്ണം ഹെൽമറ്റ്, സീറ്റ്‌ബെൽറ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളിൽ മൂന്നുപേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്താൻ മാത്രമുള്ളതാണ്. രാത്രിയാത്രയിൽ പോലും കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്രയെങ്കിൽ കണ്ടുപിടിക്കാൻ ക്യാമറകൾക്കു ശേഷിയുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വ്യക്തമാകുന്നതടക്കം ഒരേസമയം ഒന്നിലധികം ഫോട്ടോകളാണ് എടുക്കുക. ഓപ്പറേറ്റർ തലത്തിലും ഇൻസ്‌പെക്ടർ തലത്തിലും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണു ശിക്ഷാനടപടികളിലേക്കു കടക്കുക. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റം തുടർ യാത്രയിൽ അടുത്ത ക്യാമറയിലും പതിഞ്ഞാൽ വീണ്ടും പിഴയൊടുക്കേണ്ടി വരുമെന്നും ആർടിഒ പറഞ്ഞു. ഒന്നിലധികം കുറ്റങ്ങൾ ചെയ്താൽ അത്രയും തവണ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ചുള്ള വിശദീകരണം.
അതേസമയം സംസ്ഥാനത്ത് വി.ഐ.പികളുടെ വാഹനങ്ങളും റോഡ് നിയമങ്ങൾ പാലിക്കുന്നില്ലെന്ന് നേരത്തെയും വിവരം പുറത്തുവന്നിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിയമലംഘനങ്ങളുടെ പേരിൽ മുഖ്യമന്ത്രിയുടെ വാഹനങങൾ അടക്കം കുടുങ്ങിയിരുന്നു. രാഷ്ട്രീയക്കാരുടെ വാഹനങ്ങളും ട്രാഫിക് നിയമം ലംഘിക്കുന്നത് പതിവാണ്.
മറുനാടന് ഡെസ്ക്