- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ ഏറ്റവും വിലയേറിയ വില്ല സ്വന്തമാക്കി മുകേഷ് അംബാനി; പാം ജുമൈറയിൽ പുതിയ വില്ല സ്വന്തമാക്കിയത് 1350 കോടി രൂപ മുടക്കി; രണ്ടാം വീടെന്ന നിലയിൽ വിദേശത്തു ഒന്നിലേറെ സ്വത്തുകൾ സ്വന്തമാക്കി അംബാനി; യുകെയിൽ ആഡംബര ബംഗ്ലാവു വാങ്ങിയതും അടുത്തിടെ
ദുബായ്: ദുബായിലെ അതിസമ്പന്നരുടെ താമസ കേന്ദ്രമായ പാം ജുമൈറയിൽ മറ്റൊരു ആഡംബര വില്ല കൂടി സ്വന്തമാക്കി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനി. ദുബായ് റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും വലിയ തുകയ്ക്കാണു വില്ല വാങ്ങിയതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുംബൈയിലെ ആന്റീലിയ വീടിന് പുറമേ മറ്റ് പല രാജ്യങ്ങളിലും അംബാനി തന്റെ രണ്ടാം വീട് തിരഞ്ഞെടുക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഒടുവിലത്തേതാണ് പാം ജുമൈറയിലെ ആഡംബര വില്ല.
ഏകദേശം 163 മില്യൺ ഡോളറിനാ(1350 കോടി രൂപ)ണു പാം ജുമൈറ മാൻഷൻ കഴിഞ്ഞയാഴ്ച മുകേഷ് അംബാനി വാങ്ങിയതെന്നാണു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. പാം ജുമൈറയിൽ നേരത്തെ മറ്റൊരു വില്ല ഈ വർഷമാദ്യം മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു. അതിന്റെ ഇരട്ടിയിലേറെ തുകയ്ക്കാണു പുതിയ വില്ല വാങ്ങിയിരിക്കുന്നത്. കുവൈറ്റ് വ്യവസായി മുഹമ്മദ് അൽഷായയുടെ കുടുംബത്തിൽനിന്നാണു പുതിയ വില്ല മുകേഷ് അംബാനി വാങ്ങിയത്. പരസ്യമായി സംസാരിക്കാൻ തങ്ങൾക്ക് അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്തരുതെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
ഈ ആഴ്ച ആദ്യം പാം ജുമൈറയിൽ 163 മില്യൺ ഡോളറിന്റെ പ്രോപ്പർട്ടി ഇടപാട് നടന്നതായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് ചെയ്തിരുന്നു. വാങ്ങുന്നയാൾ ആരാണെന്നു വെളിപ്പെടുത്താതെയായിരുന്നു ഇത്. ഇടപാടിനെക്കുറിച്ച് പ്രതികരിക്കാൻ റിലയൻസിന്റെ വക്താവ് വിസമ്മതിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. അഭിപ്രായം തേടിയുള്ള അഭ്യർത്ഥനയോട് അൽഷായ പ്രതിനിധികൾ പ്രതികരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്റ്റാർബക്ക്സ്, എച്ച് ആൻഡ് എം, വിക്ടോറിയ സീക്രട്ട് എന്നിവയുൾപ്പെടെയുള്ള റീട്ടെയിൽ ബ്രാൻഡുകളുടെ പ്രാദേശിക ഫ്രാഞ്ചൈസികൾ അൽഷയയുടെ കൂട്ടായ്മയുടെ ഉടമസ്ഥതയിലുണ്ട്. 80 മില്യൺ ഡോളറി (ഇന്നത്തെ നിരക്കിൽ 644 കോടി രൂപ)നാണ് ആദ്യ വില്ല മുകേഷ് അംബാനി പാം ജുമൈറയിൽ വാങ്ങിയിരുന്നത്. മറ്റൊരു വില്ല 82.4 മില്യൺ ഡോളറിനു വിറ്റുപോകുന്നതുവരെ ദുബായിലെ ഏറ്റവും വില കൂടിയ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ഇടപാടായിരുന്നു ഇത്.
രണ്ടാം വീടെന്ന നിലയിൽ വിദേശത്തു ഒന്നിലേറെ സ്വത്തുകൾ സ്വന്തമാക്കിയിരിക്കുകയാണു മുകേഷ് അംബാനി. യുകെ കൺട്രി ക്ലബ് സ്റ്റോക്ക് പാർക്ക് വാങ്ങാൻ റിലയൻസ് കഴിഞ്ഞ വർഷം 79 മില്യൺ ഡോളർ ചെലവഴിച്ചിരുന്നു. വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായ മുകേഷ് അംബാനിക്കു 8400 കോടി ഡോളറിന്റെ ആസ്തിയുണ്ട്.
ആന്റിലിയ എന്ന കൊട്ടാരം
ലോകത്തിലെ ഏറ്റവും വിലയേറിയ ഭവനം എന്നറിയപ്പെടുന്ന ആന്റിലിയയിലാണ് അംബാനിയും കുടുംബവും ഇതുവരെ താമസിച്ചിരുന്നത്. മുംബൈയിലെ ആൾട്ടമൗണ്ട് റോഡിലാണ് ആന്റിലിയ സ്ഥിതി ചെയ്യുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നതിനെ കുറിച്ച് അംബാനി കുടുംബം ചിന്തിച്ചതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് ഗുജറാത്തിലെ ജാംനഗറിലായിരുന്നു ശതകോടീശ്വരനും കുടുംബവും താമസിച്ചിരുന്നത്. റിലയൻസിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജാംനഗർ.
കഴിഞ്ഞ ഇത്തവണ അംബാനിയുടെ ദീപാവലി ആഘോഷവും സ്റ്റോക് പാർക്കിലെ ബംഗ്ലാവിലിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് അംബാനി ദീപാവലി രാജ്യത്തിന് പുറത്ത് ആഘോഷിക്കുന്നത്. യുകെയിലെ വീട്ടിൽ ക്ഷേത്രം ഒരുക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള ശിൽപ്പിക്കാണ് ഇതിന്റെ ചുമതല. ബ്രിട്ടനിലെ പ്രധാനപ്പെട്ട കൺട്രി ക്ലബുകളിൽ ഒന്നാണ് അംബാനി സ്വന്തമാക്കിയ ബക്കിങ്ഹാം ഷെയർ കൊട്ടാരം. സെലിബ്രിറ്റികൾ അടക്കം ഒത്തുകൂടുന്ന പഞ്ചനക്ഷത്ര ഹോട്ടലും ഗോൾഫ് കോഴ്സും ഇതിലുണ്ട്.
ജയിംസ് ബോണ്ടിന്റെ ഏറ്റവും വലിയ ഹോളിവുഡ് വിജയങ്ങളിലൊന്നായ ഗോൾഡ് ഫിംഗറും നെറ്റ്ഫ്ളിക്സിൽ തരംഗമായ ദ ക്രൗൺ സീരിസും ഉൾപ്പെടെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.പ്രധാന കെട്ടിടത്തിൽ 49 കിടപ്പുമുറികളുണ്ട്. നിലവിൽ 300 ഏക്കർ വസ്തുവിൽ തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുകയാണ് കുടുംബം. സ്വകാര്യ വസതിയായിരുന്ന മാൻഷൻ 1908ന് ശേഷമാണ് കൺട്രി ക്ലബ്ബാക്കി മാറ്റുന്നത്.
മറുനാടന് ഡെസ്ക്