ഗുരുവായൂർ: ഇഷ്ടദൈവങ്ങളെക്കണ്ട് അനുഗ്രഹം തേടി മുകേഷ് അംബാനി.രാവിലെയോടെ തിരുപ്പതി ക്ഷേത്രം സന്ദർശിച്ച അദ്ദേഹം വൈകീട്ടോടെ ഗുരുവായൂരിലുമെത്തി ഭഗവാനെ തൊഴുതു.മകൻ ആനന്ദിന്റെ ഭാവിവധു രാധിക മർച്ചന്റും റിലയൻസ് റീട്ടെയ്ൽ ലിമിറ്റഡ് ഡയറക്ടർ മനോജ് മോദിയും ഉൾ്രപ്പെടുന്ന സംഘത്തിനൊപ്പമായിരുന്നു മുകേഷിന്റെ സന്ദർശനം.

രാവിലെയാണ് മുകേഷ് അംബാനി ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചത്. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഒന്നരക്കോടി രൂപ മുകേഷ് അംബാനി കാണിക്കയായി നൽകി. രാധിക മർച്ചന്റിനൊപ്പം ക്ഷേത്രദർശനം നടത്തുന്ന മുകേഷ് അംബാനിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ഇരുവരും ക്ഷേത്രപരിസരത്തുള്ള ആനയെ ഊട്ടുന്നതും അതിന്റെ അനുഗ്രഹം വാങ്ങുന്നതും വീഡിയോയിലുണ്ട്.

വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹം തേടിയാണ് താൻ ക്ഷേത്രദർശനത്തിനെത്തിയതെന്ന് മുകേഷ് അംബാനി പ്രതികരിച്ചു. ഓരോ കൊല്ലവും ക്ഷേത്രം കൂടുതൽ മെച്ചപ്പെട്ടതാകുന്നതായും വെങ്കിടേശ്വക്ഷേത്രം ഇന്ത്യക്കാർക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ വൈകീട്ടോടെയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.തെക്കേ നടപ്പന്തലിന് മുന്നിൽ വെച്ച് ദേവസ്വം അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു.ക്ഷേത്രത്തിലെത്തിയ അംബാനി നമസ്‌കാരമണ്ഡപത്തിനു സമീപത്തെ വിളക്കിൽ നെയ്യർപ്പിച്ച ശേഷം ഗുരുവായൂരപ്പനെ തൊഴുതു.

ക്ഷേത്രകാര്യങ്ങൾ എല്ലാം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയനോട് ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി.'കുറച്ചു കാലമായി ഇവിടെ വന്നിട്ട്. ഇപ്പോൾ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി' മുകേഷ് അംബാനി പറഞ്ഞു.

20 മിനിട്ടോളമാണ് അംബാനിയും സംഘവും ക്ഷേത്രത്തിൽ ചെലവഴിച്ചത്. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുരകവാടത്തിന് മുന്നിൽ വെച്ച് വി.കെ. വിജയൻ ദേവസ്വത്തിന്റെ ഉപഹാരവും സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത്.