- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പെരിയാറിൽ വീണ്ടും തമിഴ്‌നാട് സമ്മർദ്ദം വിജയിച്ചു
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ വീണ്ടും തമിഴ്‌നാട് സർക്കാറിന്റെ സമ്മർദ്ദം വിജയിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി തേടിയെ കേരളത്തിന്റെ നിലപാടിന്റെ കടയ്ക്കൽ കത്തിവെച്ചുള്ള ഇടപെടലാണ് തമിഴ്‌നാട് സർക്കാർ നടത്തിയത്. പുതിയ അണക്കെട്ടി നിർമ്മിക്കാൻ പാരിസ്ഥിതിക അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചതോടെ, ചൊവ്വാഴ്ച ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റി യോഗം മാറ്റിവെച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് യോഗം മാറ്റിവെച്ചതായി അറിയിപ്പുലഭിച്ചത്. എന്നാൽ, ഇതറിയാതെ യോഗത്തിൽ പങ്കെടുക്കാൻ കേരള സർക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലെ രൂപകല്പന, ഗവേഷണ വിഭാഗം ചീഫ് എൻജിനിയർ പ്രിയേഷ്, ഡയറക്ടർ ശ്രീദേവി എന്നിവർ ഡൽഹിയിലെത്തി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ ഏത് നീക്കവും അനുവദിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് സുപ്രീംകോടതി വിധിക്കെതിരാവുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അത് മറികടന്ന് തീരുമാനമെടുത്താൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. ഇതോടെയാണ് അടിയന്തരമായി യോഗം മാറ്റിവെക്കാൻ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന. മുല്ലപ്പെരിയാറിൽ നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധസമിതികൾ സുപ്രീംകോടതി മുമ്പാകെ ബോധ്യപ്പെടുത്തിയതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
ഇതിന് വിരുദ്ധമായി പുതിയ ഡാം പണിയാനുള്ള കേരള സർക്കാരിന്റെ നീക്കം സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയ്‌ക്കെതിരാവും. ഡാം നിർമ്മാണത്തിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചു കിട്ടാനായി കേരളം വീണ്ടും ശ്രമം നടത്തിയപ്പോൾ തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തിലുള്ള ഏത് നടപടിയുമായി മുന്നോട്ടു പോകണമെങ്കിലും സുപ്രീംകോടതിയുടെ അനുമതി തേടിയേ ആകാവൂ എന്നും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
എന്നാൽ, 2015-ൽ പരിസ്ഥിതി ആഘാത പഠനത്തിനാവശ്യമായ നടപടികൾക്ക് സുപ്രീംകോടതിയുടെ അനുവാദം കിട്ടിയതാണെന്നാണ് കേരളത്തിന്റെ വാദം. ഡാം നിർമ്മാണം ആരംഭിക്കുന്ന വേളയിൽ മാത്രമാണ് തമിഴ്‌നാടിന്റെ ആശങ്കകൾ പരിശോധിക്കപ്പെടേണ്ടതെന്നാണ് സുപ്രീംകോടതി അന്ന് ചൂണ്ടിക്കാട്ടിയത്. ഇതിപ്പോൾ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കാൻ മാത്രമായാണ് യോഗം ചേരുന്നത് എന്നിരിക്കെ, ഇതിനെ തമിഴ്‌നാട് വളച്ചൊടിക്കുകയാണെന്നാണ് കേരളത്തിന്റെ വാദം.
അതിനിടെ തമിഴ്‌നാടിന് കാര്യമായ സാമ്പത്തിക നഷ്ടം വരാത്ത വിധം പാട്ടക്കരാർ പുതുക്കി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നിർദ്ദേശവുമായി കേന്ദ്ര ജലവിഭവ വകുപ്പ് രംഗത്തുവന്നു. എന്നാൽ ഇക്കാര്യത്തിൽ കേരളവും തമിഴ്‌നാടും തമ്മിൽ ചർച്ച നടത്തേണ്ടത് ആവശ്യമാണ്. ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ സംഭവിക്കാവുന്ന ദുരന്തം മുന്നിൽകണ്ട് ഇരു സംസ്ഥാനങ്ങളും വിട്ടുവീഴ്‌ച്ചയ്ക്കു തയാറായാൽ കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നിർദ്ദേശമാണു കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
എണ്ണായിരത്തിൽ അധികം ഏക്കർ വരുന്ന മുല്ലപ്പെരിയാർ ജലസംഭരണി മേഖലയ്ക്ക് ഏക്കറിന് 30 രൂപ വീതമാണു പാട്ടം ലഭിക്കുന്നത്. മുല്ലപ്പെരിയാർ ജലമുപയോഗിച്ച് ലോവർ ക്യാമ്പിൽ തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കിലോവാട്ടിന് വർഷത്തിൽ 12 രൂപയാണു ലഭിക്കുക. പാട്ടമായ രണ്ടര ലക്ഷം രൂപയും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ റോയൽറ്റിയായ ഏഴരലക്ഷം രൂപയും ചേർത്ത് പ്രതിവർഷം ഏകദേശം പത്തുലക്ഷം രൂപമാത്രമാണു കേരളത്തിനു ലഭിക്കുന്നത്.
പുതിയ അണക്കെട്ട് വന്നാൽ ഈ വ്യവസ്ഥയ്ക്കു കാര്യമായ മാറ്റം ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. എന്നാൽ തമിഴ്‌നാട് ഇതിന് ഒരുക്കമല്ല. അതിനാലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഒരു തുക പാട്ടം ഇനത്തിൽ നിശ്ചയിക്കാനുള്ള അവസരം കേന്ദ്രം ഒരുക്കുന്നത്.
അണക്കെട്ടിൽനിന്ന് ഒരു വർഷം ശരാശരി 60 ടി.എം.സി. ജലം വീതം ഇതുവരെ 7000 ടി.എം.സിയിൽ അധികം ജലം തമിഴ്‌നാട്ടിൽ എത്തിയിട്ടുണ്ട്.
1886 ഒക്ടോബർ 29ന് തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളും ബ്രിട്ടീഷ് ഭരണകൂടവും ഒപ്പിട്ട പാട്ടക്കരാർ പ്രകാരം എക്കർ ഒന്നിന് അഞ്ചു രൂപ വീതം കേരളത്തിനു പാട്ടം നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇതിൻ പ്രകാരം 1954 വരെ കേരളത്തിന് ലഭിച്ചിരുന്നത് കേവലം 40,000 രൂപമാത്രം. തുടർന്ന് 1958 നവംബറിൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസും 1960 ജൂലൈയിൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയും 1969-ൽ വീണ്ടും മുഖ്യമന്ത്രി ഇ.എം.എസും നടത്തിയ ചർച്ചകൾ ഫലം കണ്ടില്ല.
ഒടുവിൽ 1970 മെയ് 29നു മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് കരാർ പുതുക്കി. 1954 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ കരാറനുസരിച്ച് പാട്ടത്തുക ഏക്കറിനു മുപ്പതു രൂപയായി ഉയർത്തി. കൂടാതെ ഓരോ 30 വർഷം കൂടുമ്പോഴും പാട്ടകരാർ പുതുക്കാനും വ്യവസ്ഥയുണ്ടായി. ഇതിൻ പ്രകാരം 2000-ൽ കരാർ പുതുക്കേണ്ടതായിരുന്നു. പക്ഷേ നടന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന പാട്ടക്കരാറിൽ കേരളത്തിന്റെ താൽപ്പര്യങ്ങൾക്കു വിരുദ്ധമായ ചില വ്യവസ്തകൾ കടന്നുകൂടിയിട്ടുണ്ടെന്ന കാര്യം ജലവിഭവ വകുപ്പും സമ്മതിക്കുന്നുണ്ട്. അക്കാലത്തെ എല്ലാ പാട്ടക്കരാറുകളും 99 വർഷത്തേക്കായിരുന്നു. എന്നാൽ മുല്ലപ്പെരിയാർ പാട്ടക്കരാർ 999 വർഷമായി മാറി എന്നതാണു ദുരൂഹത ഉയത്തുന്ന ചോദ്യം.