മുംബൈ: 'എത്രയും പെട്ടെന്ന് വേണം, നമ്മൾ ആവണം ആദ്യം ബ്രേക്കിങ് കൊടുക്കുന്നത്', ന്യൂസ് റൂമുകളിൽ പ്രഭാതയോഗത്തിൽ മിക്ക എഡിറ്റർമാരും ആവർത്തിക്കുന്ന വാചകം. കാരണം മാധ്യമ ലോകത്തെ മത്സരം അത്രയ്ക്കാണ്. പറഞ്ഞറിയിക്കാനാവാത്ത സമ്മർദ്ദം. ജോലി സമ്മർദ്ദത്തിനിടെ, എന്തെങ്കിലും ചെറിയ പിഴവ് വന്നാൽ, മെമോ, പുറത്താക്കൽ ഭീഷണി, പ്രമോഷന് വേണ്ടിയുള്ള പെടാപ്പാട് അങ്ങനെ മറ്റുജോലികളിലെ പോലെയോ ഒരുപക്ഷേ അതിനേക്കാളേറെയോ മുൾമുനയിൽ നിന്നാണ് മാധ്യമപ്രവർത്തകർ ഓരോ ദിവസവും പൊരുതി മുന്നോട്ടുപോകുന്നത്. ന്യൂസ് റൂമുകളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന കടുത്ത സമ്മർദ്ദവും അത് വാർത്താ വ്യവസായത്തെ ദോഷകരമായ രീതിയിൽ ബാധിക്കുന്നതും എടുത്തുകാട്ടി കൊണ്ട് മുംബൈ പ്രസ് ക്ലബ്ബ് എഴുതിയ തുറന്ന കത്താണ് ഇപ്പോൾ ചർച്ചയാകുന്നത്.

എഡിറ്റർമാർക്കും മാധ്യമസ്ഥാപനങ്ങൾക്കും അയച്ച കത്തിൽ, ബ്രേക്കിങ്, എക്‌സ്‌ക്ലൂസീവ് സ്‌റ്റോറികൾക്കായി മാധ്യമപ്രവർത്തകർക്ക് നേരേ ചെലുത്തുന്ന ന്യൂസ് റൂമിലെ സമ്മർദ്ദവും പീഡനവുമാണ് ചൂണ്ടികാണിക്കുന്നത്.

ശരിയാണ്, കിട്ടുന്ന വാർത്ത സമയപരിധിക്കുള്ളിൽ പിഴവില്ലാതെ ക്യത്യമായി എത്തിക്കേണ്ടതാണ് മാധ്യമ പ്രവർത്തകരുടെ ജോലി. പക്ഷേ ബ്രേക്കിങ് സ്റ്റോറികളും, എക്‌സ്‌ക്ലൂസീവുകളും നൽകാനുള്ള മത്സരം സാരമായി ബാധിക്കുന്നത് മാധ്യമപ്രവർത്തകരുടെ പ്രൊഫഷണൽ ജീവിതത്തെ മാത്രമല്ല, വ്യക്തി ജീവിതത്തെയും കൂടിയാണ്. ഡിജിറ്റൽ ലോകത്തേക്കുള്ള മാറ്റം കൂടിയായോടെ സമ്മർദ്ദം ഏറിയിരിക്കുകയാണ്.

സ്‌റ്റോറികൾ ഫയൽ ചെയ്യാൻ ചെലുത്തുന്ന സമ്മർദ്ദത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫർമാർ അടക്കം മാധ്യമപ്രവർത്തകർ കടുത്ത ശകാരവും ഏൽക്കേണ്ടി വരുന്നുണ്ട്. മുംബൈയിൽ സമീപകാലത്ത് കടുത്ത സമ്മർദ്ദം താങ്ങാനാവാതെ മുതിർന്ന റിപ്പോർട്ടർ ന്യൂസ് റൂമിൽ കുഴഞ്ഞുവീണ് മരിച്ചതും കത്തിൽ പരാമർശിക്കുന്നു.

വേഗത്തിൽ വാർത്ത കൊടുക്കുന്നതിന്റെ പേരിൽ ഭീതി വിതയ്ക്കാനും, ചീത്ത പറയാനും മുതിരരുത് എന്ന് മുംബൈ പ്രസ് ക്ലബ്ബ് കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ന്യൂസ് റൂമിൽ ധാർമികതയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനൊരു ഉദാഹരണവും കത്തിൽ എടുത്തുപറയുന്നു. ഒരു കോൺഗ്രസ് നേതാവിന്റെ വാർത്താ സമ്മേളനം അലങ്കോലമാക്കാൻ വാർത്താ ചാനലിന്റെ എഡിറ്റർ ആവശ്യപ്പെട്ട സംഭവമാണ് മുംബൈ പ്രസ് ക്ലബ്ബ് ചൂണ്ടിക്കാട്ടുന്നത്. എഡിറ്ററുടെ സമ്മർദ്ദത്തിന് കീഴ്‌പ്പെടാതെ ആ മാധ്യമപ്രവർത്തകൻ രാജി വയ്ക്കുകയാണ് ഉണ്ടായതെന്ന്ും കത്തിൽ പറയുന്നു. ഇത്തരം അനഭിലഷണീയ പ്രവണതകൾ വാർത്തകളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പരസ്യങ്ങൾ സോഷ്യൽ മീഡിയയിലേക്കും, വിവിധ ഡിജിറ്റൽ ഫോർമാറ്റുകളിലേക്കും മാറിയതോടെ മാധ്യമപ്രവർത്തകർ ജോലി നഷ്ടവും, പിരിച്ചുവിടലും, കരാർ പുതുക്കാതിരിക്കലും അടക്കം നിരവധി വെല്ലുവിളികളെ നേരിട്ടുവരികയാണ്. ആവശ്യത്തിന് ജീവനക്കാരോ, മറ്റു സൗകര്യങ്ങളോ ഇല്ലാത്തതും ജോലി സാഹചര്യങ്ങൾ അസഹനീയമാക്കി തീർത്തു. ദൗർഭാഗ്യവശാൽ, ഈ സാഹചര്യങ്ങൾ എല്ലാം അറിയാവുന്ന എഡിറ്റർമാരും ബ്യൂറോ ചീഫുമാരും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണെന്നും കത്തിൽ വിമർശനമുണ്ട്.

ഭീതിയോ, പ്രീതിയോ കൂടാതെ സുരക്ഷിതമായ അന്തരീക്ഷത്തിൽ മാധ്യമപ്രവർത്തകർക്ക് ജോലിയെടുക്കാൻ സാഹചര്യം ഒരുക്കേണ്ടത് മാധ്യമസ്ഥാപനങ്ങളുടെയും എഡിറ്റർമാരുടെയും ചുമതലയാണെന്നും മുംബൈ പ്രസ് ക്ലബ് കത്തിൽ ഓർമ്മിപ്പിക്കുന്നു.