- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫിലെ നിയമസഭാ പ്രമേയം ചര്‍ച്ചയാക്കി മന്ത്രി ജോര്‍ജ് കുര്യന്‍; അധിനിവേശ ഭീഷണിയുളള 28 സ്ഥലങ്ങളുടെയും പട്ടിക പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചും ബിജെപി; പ്രളയ സമയ രക്ഷാദൗത്യ സംഘവും നീതി തേടി സമരപന്തലില്‍; പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയും ഓടിയെത്തി; വര്‍ഗ്ഗീയ ചര്‍ച്ചയുമായി ഗോവിന്ദന്‍; മുനമ്പം അജണ്ടയാകുമ്പോള്‍
കൊച്ചി: മുനമ്പത്ത് രാഷ്ട്രീയ ചര്‍ച്ച സജീവം. വിഷയം കത്തിക്കാനാണ് ബിജെപി ശ്രമം. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പ്രദേശം സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റും മുനമ്പത്ത് പ്രതികരണം നടത്തി. അതിനിടെ ബി.ജെ.പി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചു. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
വഖഫ് ഭൂമി പ്രശ്‌നത്തില്‍ മുനമ്പത്ത് നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം നടത്തി. പ്രളയസമയത്ത് രക്ഷാദൗത്യം നടത്തിയ മത്സ്യത്തൊളിലാളികളാണ് വള്ളവുമായി സമരപന്തലിലെത്തിയത്. മുനമ്പത്ത് തങ്ങളുടെ ഭൂമി കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും അതിനെതിരേയാണ് തങ്ങളുടെ ഐക്യദാര്‍ഢ്യമെന്നും മത്സ്യത്തൊളിലാളികള്‍ പറഞ്ഞു. പ്രളയസമയത്ത് പല സ്ഥലങ്ങളിലും പോയി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഇപ്പോള്‍ തങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്- അവര്‍ ആരോപിച്ചു. പ്രളയകാലത്തെ സേവനത്തിന് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിച്ച ട്രോഫി സമരപന്തലില്‍ വെച്ചായിരുന്നു മത്സ്യത്തൊളിലാളികളുടെ ഐക്യദാര്‍ഢ്യം.
അംഗീകാരമല്ല തങ്ങളുടെ കിടപ്പാടമാണ് വേണ്ടതെന്നതാണ് മത്സ്യത്തൊളിലാളികള്‍ പറഞ്ഞു. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് 29-ാം ദിവസമാണ് മുനമ്പം നിവാസികളുടെ നിരാഹാരസമരം തുടരുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറും സമരത്തിന് ഐക്യദാര്‍ഢ്യവുമായി വേദിയിലെത്തി. വഖഫ് മന്ത്രിയടക്കം ഈ സമരത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമം നടത്തുകയാണെന്നും അതിനെതിരേ ബി.ജെ.പി ഒപ്പമുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ സമരപന്തല്‍ സന്ദര്‍ശിച്ചിരുന്നു.
മുനമ്പം വിഷയം വര്‍ഗീയമാക്കാന്‍ ശ്രമിച്ചത് ഇന്‍ഡി സഖ്യമെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. വര്‍ഗീയ പ്രമേയമാണ് നിയമസഭയില്‍ പാസാക്കിയതെന്ന് അവര്‍ക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ പ്രമേയമാണ് വര്‍ഗീയം. ആദിയില്‍ വചനം ഉണ്ടായി എന്ന് പറയുന്നത് പോലെ ആദിയില്‍ പ്രമേയമുണ്ടായി. അവിടെ നിന്ന് എന്താണുണ്ടായതെന്ന് അവരാണ് പറയേണ്ടത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ എപ്പോഴും ഭരണഘടനയെന്ന് പറഞ്ഞ് നടക്കുന്നവരാണ് ഇന്‍ഡി സഖ്യം. ഇനി മുതല്‍ ഭരണഘടനയെന്ന് പറയുമ്പോള്‍ മുനമ്പത്തെ ഓര്‍ക്കണം. അതാണ് ജനങ്ങളോട് പറയാനുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പത്ത് വര്‍ഗീയ രാഷ്ട്രീയമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും ആരോപിച്ചിരുന്നു. മുനമ്പത്തെ കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വഖ്ഫ് അധിനിവേശത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രതികരിക്കാന്‍ അവകാശമില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുകൂലിച്ച ചരിത്രമില്ല. മുനമ്പത്തെന്നല്ല, കേരളത്തില്‍ എവിടെയായാലും ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. കോടതി ഇടപെടല്‍ ഉള്‍പ്പടെയുള്ള സാങ്കേതിക പ്രശ്നമുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ജമാ അത്തെ ഇസ്ലാമി ബിജെപിയുടെ കൗണ്ടര്‍പാര്‍ട്ടാണ്. രണ്ടും രണ്ടല്ലെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തില്‍ വഖ്ഫ് ബോര്‍ഡിന്റെ അധിനിവേശ ഭീഷണിയുളള 28 സ്ഥലങ്ങളുടെയും പട്ടിക പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുനമ്പത്തുകാരെപ്പോലെ ബാക്കിയുളളവരും ഭീഷണിയിലായതിന് ബിജെപി ഉത്തരവാദിയല്ല. വഖ്ഫിന്റെ ഭീഷണി നേരിടുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് സര്‍ക്കാര്‍ പറയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പം അധിനിവേശം ഒരു സ്ഥലത്ത് മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിലെ വഖ്ഫ് ഭൂമി എവിടെയൊക്കെ ആണെന്ന് നിങ്ങള്‍ക്ക് അറിയാമോയെന്ന് അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. ഇതുവരെ സര്‍ക്കാര്‍ ആ പട്ടിക പുറത്തുവിട്ടിട്ടില്ല. വഖ്ഫ് അധിനിവേശ ഭീഷണി നേരിടുന്ന 28 സ്ഥലങ്ങള്‍ ഉണ്ടെന്ന് മാത്രമാണ് പറഞ്ഞിട്ടുളളത്. അത് ഏതൊക്കെയാണെന്ന് പറയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലും കര്‍ണാടകയിലും ബോബെയിലും ഡല്‍ഹിയിലുമെല്ലാം ഈ വിഷയമുണ്ട്. കല്‍പാത്തിയിലും നൂറണിയിലും ധോണിയിലും ഭീഷണിയുണ്ട്. കല്‍പ്പാത്തിയിലെ ജനങ്ങളും നൂറണിയിലും ധോണിയിലുമുളള ജനങ്ങളും തന്നോട് ആശങ്ക പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ശിവക്ഷേത്രമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ പരിസരത്തും വഖ്ഫ് അധിനിവേശ ഭീഷണിയുണ്ട്. മുനമ്പം പ്രതിഷേധം ശക്തമാക്കാനാണ് ആലോചിക്കുന്നത്. മുനമ്പത്ത് നിന്നും തിരുവനന്തപുരം വരെ വഖ്ഫ് കൈയ്യേറ്റം ബാധിക്കുന്ന പ്രദേശങ്ങളിലൂടെ വലിയ രീതിയിലുളള ബഹുജന പോരാട്ടം നടത്താനാണ് തീരുമാനം. ചേലക്കരയിലെ ഒരു മുസ്ലീം പളളി ഭാരവാഹികള്‍ തന്നെ പളളി വഖ്ഫിന്റെതായതു കൊണ്ട് ആ ഭാഗത്തെ സ്ഥലങ്ങളൊക്കെ പോകുമെന്ന് നേരിട്ട് പറഞ്ഞിട്ടുണ്ട്. വലിയ തരത്തിലുളള അധിനിവേശമാണ് വഖ്ഫ് നടത്തിയിരിക്കുന്നതെന്നും കേരളത്തില്‍ വ്യാപകമായ അശാന്തി പരത്തുന്നതാണ് ഈ അധിനിവേശമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
വഖ്ഫ് വിഷയത്തില്‍ വര്‍ഗീയത കളിക്കുന്നത് ബിജെപിയല്ല, എല്‍ഡിഎഫും യുഡിഎഫുമാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ആവശ്യപ്പെടുന്ന ഒരു വിഷയത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കാതെ എന്തിനാണ് എല്‍ഡിഎഫും യുഡിഎഫും നിയമസഭയില്‍ പ്രമേയം പാസാക്കിയതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.
മുനമ്പം