തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പ്രതിസന്ധിയായി തുടരും. മുനമ്പത്തെ സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത് അതിനിര്‍ണ്ണായകമാണ്. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച നടക്കുക. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സമരക്കാര്‍ വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്.

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തില്‍ പരിഹാരം കാണാനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനമായത്.ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് കമ്മീഷന്‍. മൂന്നു മാസത്തിനുള്ളില്‍ കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. എന്നാല്‍ മൂന്ന് മാസമൊന്നും പോരെന്ന് കമ്മീഷന്‍ അറിയിച്ചു കഴിഞ്ഞു. ഇതോടെ അന്തിമ റിപ്പോര്‍ട്ട് ഏറെ വൈകുമെന്നും ഉറപ്പായി. ഇതാണ് മുനമ്പത്തെ ആശയക്കുഴപ്പം ഇരട്ടിയാക്കുന്നത്.

ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമിയില്‍ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സര്‍ക്കാര്‍ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജ്യുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനം മറിച്ചാകുമോ എന്ന ഭയം മുനമ്പത്തുകാര്‍ക്കുണ്ട്.

ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിനെതിരേ മുനമ്പം സമരസമിതി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടത്തുന്നത് പ്രശ്നപരിഹാരം വൈകിപ്പിക്കുമെന്നും റവന്യൂ അധികാരമടക്കമുള്ള അവകാശങ്ങള്‍ തിരിച്ചുകിട്ടാന്‍ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉയരും.

ജ്യുഡിഷ്യല്‍ കമ്മിഷനെ നിയാേഗിച്ച് മുനമ്പം പ്രശ്‌ന പരിഹാരം നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ സന്ധ്യയ്ക്ക്‌നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.ഫാറൂക്ക് കോളേജില്‍നിന്ന് തീറുവാങ്ങി 35 വര്‍ഷം കരമടച്ച ഭൂമി വഖഫ് ഭൂമിയാക്കിയത് തങ്ങളറിയാതെയാണെന്ന് സമരസമിതി കണ്‍വീനര്‍ജോസഫ് ബെന്നി പറഞ്ഞു.

ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കുന്നത് വലിയ തട്ടിപ്പിനും അഴിമതിക്കും വേണ്ടിയാണെന്ന് ബെന്നി ആരോപിച്ചു. മുനമ്പം ഭൂമിയുടെ പേരില്‍ വഖഫ് ബോര്‍ഡിന് പകരം 400 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന് പറഞ്ഞു.ഭൂസംരക്ഷണ സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി, ചെയര്‍മാന്‍ ജോസഫ് റോക്കി, റോയി കുരിശിങ്കല്‍, സിബി ജിന്‍സണ്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.