കൊച്ചി മുനമ്പത്തെ തര്‍ക്കഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്ക് എതിരെ കേരള വഖഫ് സംരക്ഷണ സമിതിയും ടി.എം. അബ്ദുള്‍ സലാമും സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഭൂമി വിഷയത്തിലെ തര്‍ക്കം നിലവില്‍ ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള സാഹചര്യത്തില്‍ ഹൈക്കോടതിക്ക് വിധി പുറപ്പെടുവിക്കാന്‍ അധികാരപരിധിയുണ്ടോ എന്ന വിഷയമാണ് സുപ്രീം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

1950ലെ ആധാരപ്രകാരം ഭൂമി ഫറൂഖ് കോളേജിന് ദാനമായി നല്‍കിയതാണെന്നും, ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ നിലവില്‍ വന്നതോടെ അത് വഖഫ് സ്വത്തല്ലാതായെന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. എന്നാല്‍, ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കെ ഹൈക്കോടതിയുടെ ഇടപെടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.

അഭിഭാഷകന്‍ അബ്ദുളള നസീഹാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെയും കേരള വഖഫ് ബോര്‍ഡിനെയും എതിര്‍ കക്ഷികളാക്കിയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീം കോടതി ഈ അപ്പീല്‍ എപ്പോള്‍ പരിഗണിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണായകമാകും.

നേരത്തെ, കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും വഖഫ് നിയമം അനുസരിച്ചുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ സാധിക്കൂ എന്നും നിലപാടെടുത്തിരുന്നു. എന്നാല്‍, പിന്നീട് ഡിവിഷന്‍ ബെഞ്ച് ഈ വിധി തിരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

മുനമ്പത്തെ ഈ ഭൂമി തര്‍ക്കം രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ ജനശ്രദ്ധ നേടുന്നുണ്ട്. ക്രൈസ്തവ സഭകളുടെ പിന്തുണയോടെ 615 കുടുംബങ്ങള്‍ 390 ദിവസമായി നിരാഹാര സമരം തുടരുകയാണ്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പിന് വോട്ടിലൂടെ മറുപടി പറയാനാണ് മുനമ്പത്തുക്കാരുടെ തീരുമാനം.