കല്‍പ്പറ്റ: കേരളത്തിന്റെ കണ്ണീരായി ചൂരല്‍മലയും മുണ്ടക്കൈയും. രാവിലെ ചാലിയാറിലും തിരച്ചില്‍ ആരംഭിച്ചു. കൂടുതല്‍ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ തിരച്ചില്‍. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ മുണ്ടക്കൈയില്‍ എത്തിച്ചു.

കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും സജ്ജമാണ്. സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കരുത്താകും. ഈ പാലം മുണ്ടക്കൈയ്ക്കായി സമര്‍പ്പിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. സ്ഥിരം പാലം വരും വരെ ബെയ്‌ലി പാലം അവിടെ തുടരും. പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതിനാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല.

ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനാകുമെന്ന് റെവന്യു മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ കൂടെ ദുരന്തസ്ഥലത്തേക്കെത്തിച്ച് സ്ഥലങ്ങള്‍ സ്പോട്ട് ചെയ്യും. ബെയ്‌ലി പാലം വഴി കൂടുതല്‍ ജെ.സി.ബിയും ഹിറ്റാച്ചിയും അടക്കമുള്ള വാഹനങ്ങള്‍ മുണ്ടക്കൈയിലേക്ക് എത്താന്‍ സാധിക്കും.

രാത്രി വൈകിയും നിര്‍മാണവുമായി മുന്നോട്ട് പോയതിനാലാണ് പാലം നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാനാകുന്നത്. യുദ്ധകാലടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ബെയ്ലി പാലം നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികളും ഉപകരണങ്ങളുമായി ഡല്‍ഹിയില്‍നിന്നുള്ള വ്യോമസേനാ വിമാനം ബുധനാഴ്ച രാവിലെയാണ് കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്.

ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍പ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴവെള്ളം കയറി ഒറ്റപ്പെടുന്നതിനുപുറമേ ഉരുള്‍പൊട്ടല്‍ ഭീഷണികൂടി കണക്കിലെടുത്താണ് ക്യാമ്പുകള്‍ തുടങ്ങിയത്. വയനാട്ടിലെ മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. ഇന്നലെ മുണ്ടക്കൈയില്‍ നിന്ന് പത്ത് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ചാലിയാര്‍ പുഴയില്‍ പനങ്കയം ഭാഗത്തുനിന്ന് ഇതിനകം 80ലേറെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്തവിധം ചിതറിയ നിലയിലാണ് ശരീരങ്ങളേറെയും.

മലമുകളിലെ പുഞ്ചിരിമുട്ടത്ത് നിന്ന് കുലംകുത്തിയൊഴുകിയ മലവെള്ളം പിച്ചിച്ചീന്തിയ മനുഷ്യരുടെ ശേഷിപ്പുകള്‍ നാല്പത് കിലോമീറ്ററിനപ്പുറം ചാലിയാര്‍ പുഴയില്‍ പൊങ്ങുകയായിരുന്നു. നിലമ്പൂരില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ മേപ്പാടിയിലെത്തിച്ചത്.അട്ടമലയില്‍ കുടുങ്ങിയവരെ ചൂരല്‍മലയില്‍ സൈന്യം നിര്‍മ്മിച്ച താത്കാലിക പാലം വഴിയും വടം കെട്ടിയുമാണ് പുറത്തെത്തിച്ചത്. ഇതിനകം ആയിരത്തി അഞ്ഞൂറോളം പേരെ സൈന്യം രക്ഷപ്പെടുത്തി.