- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെര്‍മല്‍ ഇമേജ് റഡാര്‍ സിഗ്നല്‍ കിട്ടിയ ഇടത്ത് മനുഷ്യ സാന്നിധ്യമില്ല; മുണ്ടക്കൈ അങ്ങാടിയിലെ പരിശോധന വിഫലം; ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു
മേപ്പാടി: ദുരന്തഭൂമിയായ മുണ്ടക്കൈയില്‍ നാലാംദിനം രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ മണ്ണിനടിയില്‍ റഡാര്‍ പരിശോധനയില്‍ ടെര്‍മല്‍ സിഗ്നല്‍ കിട്ടിയിടത്ത് മനുഷ്യസാന്നിധ്യമല്ലെന്ന് സ്ഥിരീകരിച്ചു. മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ രണ്ടു തവണ സിഗ്നല്‍ ലഭിച്ചത്. എന്നാല്‍ റഡാര്‍ ഉപയോഗിച്ച് സൈന്യവും എന്‍ഡിആര്‍എഫും നടത്തിയ വിശദമായ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പാമ്പോ തവളയോ പോലുള്ള ജീവികളുടെ സിഗ്നലാകാം ലഭിച്ചതെന്നാണ് നിഗമനം. തുടര്‍ന്ന് മുണ്ടക്കൈ ടോപ്പില്‍ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചതായി സൈന്യം അറിയിച്ചു. ആളുകളോട് മടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടു.
ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്നല്‍ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോണ്‍ക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തിയത്. കടയുടെ താഴെ ഭൂമിക്കടിയില്‍ ഒരു മുറിയുണ്ടായിരുന്നെന്നും അത് ഷോറൂം ആയിരുന്നു എന്നുമാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.
കെട്ടിടാവശിഷ്ടങ്ങള്‍ക്കും മണ്‍കൂമ്പാരത്തിനുമടിയില്‍ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കില്‍ റഡാറില്‍ സിഗ്നല്‍ കാണിക്കും. സിഗ്നല്‍ ലഭിച്ചതോടെ ഹിറ്റാച്ചി ഉപയോഗിച്ച് ഏറെ ശ്രദ്ധയോടെയാണ് മണ്ണ് നീക്കിയത്. 40 ഇഞ്ച് കോണ്‍ക്രീറ്റ് പാളിക്കടിയില്‍ ആളുണ്ടെങ്കില്‍ സിഗ്നല്‍ കാണിക്കും. പ്രദേശത്ത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമുണ്ടായിരുന്നു.
സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ റഡാറിലാണ് സിഗ്നല്‍ ലഭിച്ചത്. കോണ്‍ക്രീറ്റും മണ്ണും നീക്കിയാണ് കുഴിയെടുത്ത് പരിശോധിച്ചത്. അതേസമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെക്കൂടി രക്ഷാപ്രവര്‍ത്തകര്‍ രാവിലെ രക്ഷിച്ചിരുന്നു. മുണ്ടക്കൈ പടവെട്ടിക്കുന്നിലാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ നാലുപേരെ വീട്ടില്‍ കണ്ടെത്തിയത്. ജോണ്‍, ജോമോള്‍ ജോണ്‍, ഏബ്രഹാം ജോണ്‍, ക്രിസ്റ്റീന്‍ ജോണ്‍ എന്നിവര്‍ക്കാണു രക്ഷാപ്രവര്‍ത്തകര്‍ ആശ്വാസമായത്. തിരച്ചിലിനിടെ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ വീട്ടില്‍ കുടുങ്ങുകയായിരുന്നെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
'രാവിലെയാണ് നാലുപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചത്. ഉരുള്‍പൊട്ടിയൊഴുകിയതിന്റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിലായിരുന്നു ഇവര്‍. നിലവില്‍ സുരക്ഷിതരാണെന്ന സ്വയം ബോധ്യത്തില്‍ അവിടെ തുടരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ബന്ധുവീട്ടിലേക്കു മാറാമെന്ന് സമ്മതിച്ചു. ബന്ധുവിന്റെ വാഹനം എത്തിച്ച് പുത്തുമല വഴി എലവയല്‍ എന്ന സ്ഥലത്തേക്ക് അയച്ചു. ഉരുള്‍പൊട്ടല്‍ കാരണമുള്ള പരുക്കൊന്നും ഇവര്‍ക്കില്ല. ഈ മേഖലയില്‍ ഇനി ആരും താമസിക്കുന്നില്ല" രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 319 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ 172 മൃതദേഹങ്ങളാണു കണ്ടെടുത്തത്.