- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കൈയ്ക്കും മുണ്ടേരി മലയ്ക്കും ഇടയില്‍ ആറു കി.മീ. വിസ്തൃതിയില്‍ ദുരന്തം; ചാലിയാറില്‍ മൃതദേഹങ്ങള്‍; അട്ടമല ഒറ്റപ്പെട്ടു; മരണം ഉയരും
കല്‍പ്പറ്റ: മുണ്ടക്കൈയ്ക്കും മുണ്ടേരി മലയ്ക്കും ഇടയ്ക്കുള്ള പ്രദേശത്ത് ഉണ്ടായത് വന്‍ ദുരന്തം. മരണ സംഖ്യ പോലും വലിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്. ചാലിയാറിലും പോത്തുകല്ലിലും മൃതദേഹങ്ങള്‍ പൊങ്ങുന്നുണ്ട്. സ്കൂള്‍ റോഡിനോട് ചേര്‍ന്ന് ആറേഴു കിലോ മീറ്റര്‍ അകലത്തില്‍ ദുരന്തം വ്യാപിക്കാനാണ് സാധ്യത. അട്ടമലയും മുണ്ടകൈയും ഒറ്റപ്പെട്ടു. ഹാരിസണ്‍ മലയാളം എസ്റ്റേറ്റ് ലയത്തിലുള്ളവര്ക്ക എന്തു സംഭവിച്ചെന്നതും ആശങ്ക കൂട്ടുന്നു. പ്രവചനാതീതമാണ് സാഹചര്യം. മലവെള്ളപാച്ചിലില്‍ മൃതദേഹം ഒഴുകി നിലമ്പൂരിലേക്ക് എത്തുകയാണ്. മഴയും അതിശക്തം. ഹെലികോപ്ടര്‍ എത്തിയാലും രക്ഷാ ദൗത്യം നടക്കുമോ എന്ന് ആര്‍ക്കും ഉറപ്പില്ല.
വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍ ആണുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. ഇതില്‍ ഒരാള്‍ വിദേശിയെന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ നിരവധി ഹോം സ്റ്റേകളുണ്ട്. അതുകൊണ്ട് തന്നെ വിദേശികള്‍ അടക്കം നിരവധി വിനോദ സഞ്ചാരികളും അപകടത്തില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും വലിയ പ്രതിസന്ധിയിലാണ് വയനാട്.
നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. കേരളം ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയില്‍ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്.
ഉരുള്‍ പൊട്ടല്‍ സ്ഥലത്ത് നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര് അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം.
മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തുകളിലും ഉരുള്‍പൊട്ടല്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. മലപ്പുറം പോത്തുകല്ലില്‍ പുഴയില്‍ മൃതദേഹം കണ്ടെത്തി. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നാണ് നിഗമനം. മൃതദേഹം വയനാട്ടില്‍ നിന്ന് ഒലിച്ചുവന്നതാകാമെന്നാണ് കരുതുന്നത്.
വാണിയമ്പുഴയില്‍ മൃതദേഹം ഒഴുകി വന്നതായി ഫോറെസ്റ്റ് ഒഫീഷ്യല്‍സില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പുഴയില്‍ ഗ്യാസ് സിലിണ്ടര്‍ ഒഴുകി നടക്കുന്നുവെന്നും പറയുന്നു. പോത്തുകല്ല് വില്ലേജ് പരിധിയില്‍ വെള്ളിലമാട് ഒരു ബോഡി കൂടി കരക്കടിഞ്ഞതായും നാട്ടുകാര്‍ പറയുന്നു.