- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാന്നൂറ് വീടുള്ളിടത്ത് ഇന്ന് കണ്ടത് തകര്‍ന്ന 30 വീട്; ചെളിയില്‍ അമര്‍ന്ന വീടുകള്‍ക്കുള്ളില്‍ ജീവന്റെ തുടിപ്പുണ്ടാകുമോ? മുണ്ടക്കൈ കണ്ണീര് കാഴ്ച
കല്‍പ്പറ്റ: മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രം. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. ബാക്കിയെല്ലാം അപ്രത്യക്ഷമായി. അവിടെ എത്തിയ രക്ഷാപ്രവര്ത്തികര്ക്ക് ചുറ്റും മണ്ണും കല്ലുമല്ലാതെ ഒന്നുമില്ല. കാലുവച്ചാല്‍ താഴ്ന്നു പോകും. മേല്‍ക്കൂര നീക്കി കോണ്‍ക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ പുറത്തെടുക്കാന്‍. മുണ്ടക്കൈയില്‍ സംയുക്ത സംഘം രാവിലെ മുതലെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ ഹെലികോപ്ടറില്‍ പുറത്തെത്തിക്കും. ജീവന്റെ തുടിപ്പുകളൊന്നും മുണ്ടകൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായിട്ടില്ല.
ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താത്കാലിക പാലം രക്ഷാപ്രവര്‍ത്തനത്തിന് പുതുവേഗം നല്കി. ഇപ്പോള്‍ സൈന്യം അവിടെ ബെയ്ലി പാലം നിര്‍മ്മിക്കുകയാണ്. ഇതോടെ വാഹനങ്ങള്‍ക്കും മുണ്ടക്കൈയിലേക്ക് പോകാനാകും. ജെ സി ബിയെ അടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഉപകരണങ്ങളുടെ അപര്യാപ്തത വെല്ലുവിളി നിറക്കുകയാണ്. അതുകൊണ്ടാണ് ബെയ്ലി പാലം അനിവാര്യമാകുന്നത്. വലിയ വാഹനങ്ങള്‍ പോകാന്‍ ഉതകുന്ന തരത്തിലാകും ബെയ്ലി പാലം നിര്‍മ്മിക്കുക. മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനത്തിന് ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
കോണ്‍ക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കരികിലെത്താന്‍ സാധിക്കുകയുള്ളൂ. അത്യാധുനിക ഉപകരണങ്ങള്‍ അനിവാര്യതയാണ്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയില്‍ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. വീടുകളുടെ മേല്‍ക്കൂരയടക്കം ചെളിയില്‍ അമര്‍ന്നു. ചിലയിടത്ത് വീടുണ്ടായിരുന്നെന്നുപോലും അറിയാന്‍പറ്റാത്തവിധം എല്ലാം തുടച്ചുമാറ്റപ്പെട്ടു. ചെളിയില്‍ പുതഞ്ഞ വീട്ടിനുള്ളില്‍ ആരെങ്കിലും ജീവനുണ്ടോ എന്ന് ആദ്യം പരിശോധിക്കും. അതിന് ശേഷമാകും തുടര്‍ രക്ഷാപ്രവര്‍ത്തനം.
ഒരു ഗ്രാമം അപ്പാടെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയില്‍ കാണാന്‍ സാധിക്കുന്നത്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിര്‍മിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തി. 18 ലോറികള്‍ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാര്‍ഗം വയനാട്ടില്‍ എത്തിക്കും. ബെയിലി പാലം നിര്‍മാണം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കും. പാലത്തിന് വേണ്ടിയുള്ള പ്രാഥമിക പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നുണ്ട്.
ചൂരല്‍മല, മുണ്ടക്കൈ ഭാഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ചാലിയാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ 98 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോള്‍ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തിയിട്ടുണ്ട്.
ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്സ്, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.