തിരുവനന്തപുരം: തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്നു. രാവിലെ കാട്ടാക്കടയ്ക്ക് അടുത്ത് അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മോഹനന്റെ ഉടമസ്ഥതയില്‍ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. ഈ റിസോര്‍ട്ടില്‍ ഇയാള്‍ ഒളിവിലായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. വെള്ളറട പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. പ്രശ്‌നത്തിലുള്ള പല സഹകരണ ബാങ്കുകള്‍ക്ക് സമാനമായി മുണ്ടേല വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ബാങ്കിലും ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു.

പല കേസുകളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. നിക്ഷേപകര്‍ പണം ചോദിച്ചിട്ടും കൊടുക്കുന്നില്ലെന്ന പരാതിയുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ സമരം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് ഒളിവില്‍ പോയത്. സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടത്തിന്റെ തെളിവുകള്‍ കൈരളി ന്യൂസ് പുറത്തു വിട്ടിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വി.മുരളീധരന് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദേശമായിരുന്നു വിവാദത്തിന് കാരണം. ഒരു തവണകൂടി മോദി ഭരണം വരട്ടെയെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്ന ഫോണ്‍ സംഭാഷണം ചര്‍ച്ചയായി. ഈ വിവാദത്തില്‍ കുടുങ്ങിയതും മുണ്ടേല മോഹനനായിരുന്നു.

എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന നേതാവും കോണ്‍ഗ്രസിന്റെ രണ്ടു സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാണ് മുണ്ടേല മോഹനന്‍. മാത്രമല്ല ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിശ്വസ്തന്‍. പാര്‍ട്ടി പുനസംഘനടയില്‍ പാലോട് രവി ഡിസിസി ട്രഷറായി നിര്‍ദേശിച്ചതും മുണ്ടേല മോഹനനെയായിരുന്നു. ഇതിനു പിന്നാലെയാണ് മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം വിവാദത്തില്‍ കുടുങ്ങിയത്.

മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ 24 കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു. ഗ്രാമീണ മേഖലയായ അരുവിക്കര പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരണസമിതി തട്ടിയെടുത്തെന്നാണ് പരാതി. 2004ല്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണുള്ളത്.

13 അംഗഭരണസമിതിയാണ് സംഘത്തിലുണ്ടായിരുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പണം നഷ്ടമായ നിക്ഷേപകര്‍ പലരും പൊലീസില്‍ പരാതി നല്‍കി. സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചെങ്കിലും ആരും ഹാജരായിരുന്നില്ല.