തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് മോഹന കുമാരന്റെ ആത്മഹത്യാക്കുറിപ്പില്‍ സിപിഎം നേതാവിന്റെ പേര്. സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെയാണ് പരാമര്‍ശം.

ബാങ്കിനെതിരെ ശശി ഉള്‍പ്പെടെയുള്ളവര്‍ തെറ്റിദ്ധാരണ പരത്തിയെന്നും ജനങ്ങളെ ഇളക്കിവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു. ഇതാണ് പ്രതിസന്ധിക്കു ഇടയാക്കിയതെന്നു ആത്മഹത്യ കുറിപ്പില്‍ ഉണ്ടെന്നു മോഹനന്റെ സഹോദരന്‍ ശശിധരന്‍ നായര്‍ പറഞ്ഞു. ബാങ്ക് ക്രമക്കേട് പുറത്തു വന്നതിനു പിന്നാലെ മോഹനന്‍ ഒളിവില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് മോഹനനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സംഘം സെക്രട്ടറിയും പൊലീസും സഹകരണവകുപ്പും നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ നവംബര്‍ 5ന് അകം നിക്ഷേപകരുടെ തുകകള്‍ മുന്‍ഗണന ക്രമത്തില്‍ മടക്കി നല്‍കാന്‍ ധാരണയായിരുന്നു. നിരവധി നിക്ഷേപകരാണ് നെടുമങ്ങാട് അസിസ്റ്റന്റ് റജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നത്. സംഘം പ്രസിഡന്റായിരുന്ന എം.മോഹനകുമാരന്‍ വസ്തുക്കള്‍ ഈടായി ഗഹാന്‍ റജിസ്റ്റര്‍ ചെയ്ത് വിവിധ ആള്‍ക്കാരുടെ പേരില്‍ 32 വായ്പകളിലായി 1.68 കോടി രൂപ ഈടാക്കിയെന്നതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കാട്ടാക്കട അസിസ്റ്റന്റ് റജിസ്ട്രാര്‍ എല്‍.ബിനില്‍ കുമാര്‍, ഓഫിസ് ഇന്‍സ്പെക്ടര്‍ കെ.അജയകുമാര്‍ എന്നിവരടങ്ങുന്ന സംഘം കണ്ടെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരണസമിതി പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ്. മോഹനകുമാരന്റെ ബെനാമികളും ബന്ധുക്കളും സംഘത്തിലെ ചില ജീവനക്കാരും സമാനരീതിയില്‍ ബന്ധുക്കളുടെയും വിവിധ ആള്‍ക്കാരുടെ പേരില്‍ കോടികളും ലക്ഷങ്ങളും വായ്പ എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. മോഹനകുമാരന്‍, സംഘം സെക്രട്ടറി വി.എസ്.രാഖി, ജീവനക്കാരായ വി.എസ്.ദിനു ചന്ദ്രന്‍, എസ്.ചിഞ്ചു, എ.എസ്.സുനില്‍ കുമാര്‍, എസ്.ബിജുകുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട വായ്പകളില്‍ യഥാര്‍ഥ ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 9.86 കോടി രൂപയുടെ മൂലധനശോഷണം ബാങ്കില്‍ നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കണ്ടലയ്ക്കും നേമത്തിനും ശേഷം തിരുവനന്തപുരം ജില്ലയില്‍ നടന്ന വലിയ അഴിമതിയെന്ന ആരോപണം നേരിടുന്നതാണ് മുണ്ടേല സഹകരണസംഘം. മുണ്ടേല മോഹനനെ കേന്ദ്രീകരിച്ചാണ് ആരോപണങ്ങളത്രയും ഉയര്‍ന്നത് . വെള്ളറടയ്ക്ക് സമീപം കൊണ്ടകെട്ടി മലയോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച റിസോര്‍ട്ടിലെത്തിയ മോഹനനെ രാവിലെ ജീവനക്കാരാണ് മേല്‍ക്കൂരയിലെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് സഹകരണസംഘം ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. പണം കിട്ടാതെ വന്നതോടെ ഇവിടെ നിക്ഷേപകര്‍ പ്രതിഷേധത്തിലാണ്. മരിച്ച റിസോര്‍ട്ട് മുണ്ടേല മോഹനന്റേതാണെന്നാണ് ഏവരും പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് എഫ് ഐ ആര്‍ പ്രകാരം അത് അനുജന്‍ ജയചന്ദ്രന്റേതാണ്. ഈ റിസോര്‍ട്ട് അടക്കം ബിനാമി സമ്പാദ്യമാണെന്ന സൂചനകളാണ് ഇത് നല്‍കുന്നത്.

സഹകരണ വകുപ്പിന്റെ അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 34 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ വിവരം ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ബോര്‍ഡ് പിരിച്ച് വിട്ടു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ഈ മാസം 11നകം അറസ്റ്റ് ചെയ്യുവാനുള്ള നടപടികള്‍ എടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി സമരക്കാരെ അറിയിച്ചുവെങ്കിലും ഇതു വരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ഇതുവരെ 168 പരാതികളാണ് അരുവിക്കര പൊലീസിന് ലഭിച്ചത്. കഴിഞ്ഞദിവസം പണം നിക്ഷേപിച്ചിരുന്ന ഭിന്നശേഷിക്കാരായവര്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. രാത്രി വൈകിയായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്.