- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30കൊല്ലം മുമ്പ് ദേവസ്വം ഗാര്‍ഡ്! അറസ്റ്റു ചെയ്യാനെത്തിയ പ്രത്യേക അന്വേഷണ സംഘം കണ്ടത് പെരുന്നയിലെ തേക്ക് കൊട്ടാരം; 2019ന് ശേഷമുള്ള വീടു പണിക്ക് മാത്രം ചെലവാക്കിയത് രണ്ടു കോടി; സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നാലെയുള്ള മാറ്റം ചര്‍ച്ചയില്‍; ക്ഷേത്ര പണിക്കെന്ന് പറഞ്ഞ് തേക്ക് വാങ്ങിയത് എന്തിന്?
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസിലെ പ്രതി മുരാരി ബാബുവിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം. മുരാരി ബാബുവിന്റെ അഴിമതിയില്‍ വിശദ അന്വേഷണം നടത്തും. ആന കൊള്ള അടക്കം പരിശോധിക്കും. ബിനാമി സ്വത്തുക്കളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ പെരുന്നയില്‍ വീടു നിര്‍മിച്ചതിന്റെ സാമ്പത്തികസ്രോതസ്സ് സംബന്ധിച്ചും അന്വേഷണം നടത്തും. പെരുന്നയില്‍ 2 നിലകളുള്ള വലിയ വീട് 2019നു ശേഷമാണ് പണിതത്. ഒന്നരവര്‍ഷം കൊണ്ടു പണിതീര്‍ത്തു. ഇതേ കാലയളവിലാണ് സ്വര്‍ണ്ണ കൊള്ള നടന്നത്.
ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇന്നലെ പെരുന്നയിലെ വീട്ടില്‍ പരിശോധന നടത്തി. പെരുന്നയിലെ വീട്ടിലെ തേക്കു കണ്ട് അന്വേഷണ സംഘം ഞെട്ടി. ക്ഷത്രാവശ്യങ്ങള്‍ക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് വീടുപണിക്കുള്ള തേക്കുതടികള്‍ വാങ്ങിയതെന്നും സംശയമുണ്ട്. തിരുനക്കര, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികള്‍ക്കായി തേക്കുതടികള്‍ ആദ്യം ആവശ്യപ്പെട്ടത് വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണെന്ന് കണ്ടെത്തി. അവിടെ സ്റ്റോക്കില്ലെന്നു പറഞ്ഞതോടെ പരിചയക്കാരന്റെ ഡിപ്പോയില്‍നിന്ന് ഏര്‍പ്പാടാക്കാന്‍ മുരാരി ബാബു ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് ഈ ഡിപ്പോയില്‍നിന്നു തടി കിട്ടി. ശബരിമലയില്‍ ഗാര്‍ഡായി മുരാരി ബാബു സര്‍വ്വീസില്‍ കയറുന്നത്. 30 കൊല്ലം മുമ്പാണ് ശബരിമലയില്‍ എത്തുന്നത്. പിന്നീട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വരെയായി മാറി.
തിരുനക്കരയിലും ഏറ്റുമാനൂരിലും ഇത്രയധികം തടിപ്പണികള്‍ നടന്നിട്ടില്ലെന്നാണ് സൂചന. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറേനടയിലെ കട്ടിള മാറാനായി പാഴ്ത്തടിയാണ് എത്തിച്ചത്. ഉപദേശകസമിതി എതിര്‍ത്തതിനാല്‍ പണി നടത്തിയില്ല. അതുകൊണ്ട് തന്നെ ഈ തടി എവിടെ പോയി എന്നത് നിര്‍ണ്ണായകമാണ്. വീടിനു മാത്രം 2 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. മുന്തിയ തടി ഉരുപ്പടികള്‍ ഈ വീട്ടിലുണ്ട്. ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രണ്ടു കോടിയുടെ തേക്ക് സൗധം തീര്‍ത്തത് അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് എന്‍ എസ് എസില്‍ അടക്കം സജീവമായത്. എന്‍ എസ് എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. സ്വര്‍ണ്ണ കൊള്ള വിവാദത്തെ തുടര്‍ന്ന് ഈ പദവി മുരാരിയ്ക്ക് നഷ്ടമായി.
ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകളാണ് 2019-ല്‍ സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ വിജിലന്‍സ് കണ്ടെത്തിയത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും കത്തുകള്‍, റിപ്പോര്‍ട്ടുകള്‍, മഹസറുകള്‍ എന്നിവയില്‍ ചെമ്പുപാളി എന്ന് എഴുതി. ഉണ്ണിക്കൃഷ്ണന്‍ പോറ്റി പാളികള്‍ കൊണ്ടുപോയിട്ടും 39 ദിവസത്തിനുശേഷമാണ് ചെന്നൈയിലെത്തിച്ചത്. ഇത് വൈകിയത് എന്തുകൊണ്ടെന്ന് തിരക്കിയില്ല. പോറ്റി തിരികെക്കൊണ്ടുവന്ന പാളികള്‍ തൂക്കം നോക്കുന്നതിലും വീഴ്ചവന്നിരുന്നു. പാളികള്‍ ക്ഷേത്രസന്നിധിയില്‍ നവീകരിക്കാമായിരുന്നു. അതുണ്ടായില്ല. പകരം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ പണി ഏല്‍പ്പിക്കുന്നു എന്ന് പോറ്റി അറിയിച്ചിട്ട് എതിര്‍ത്തില്ല. തന്ത്രി പുറത്തു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇത് മുരാരി മറച്ചുവെച്ചാണ് പുറം പണിക്ക് ഒത്താശ ചെയ്തത്.
ബോര്‍ഡിന്റെ ഉത്തരവുകളിലും തെറ്റിദ്ധാരണ വരുത്തുംവിധം മാറ്റങ്ങള്‍ വരുത്തുന്നതിനും ഇദ്ദേഹം ബോധപൂര്‍വം ശ്രമിച്ചു. എസ്ഐടിയും മുരാരിക്കെതിരേ ഈ വീഴ്ചകള്‍ നിരത്തിയിട്ടുണ്ട്. ഇപ്പോള്‍ ഹരിപ്പാട് ദേവസ്വത്തില്‍ ജോലിചെയ്യുന്ന മുരാരിയെ ബോര്‍ഡ് വിവാദങ്ങളെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സ്വര്‍ണംനഷ്ടപ്പെട്ട ചെമ്പുപാളിയാണ് പണിക്ക് നല്‍കിയതെന്നാണ് മുരാരിയുടെ വിശദീകരണം. പക്ഷേ, സ്വര്‍ണ നിര്‍മാണരംഗത്തെ വിദഗ്ധര്‍ ഇത് തള്ളിപ്പറഞ്ഞിരുന്നു. ഇതിനിടെയാണ് മുരാരി ബാബുവിനെ ബുധനാഴ്ച രാത്രി 10-ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുന്നത്. പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. മുരാരി ബാബുവിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു പ്രതിയെ റിമാന്‍ഡ് ചെയ്തത്.
തുടര്‍ന്ന് തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലേക്കു മാറ്റി. മഹസറുകളില്‍ തിരിമറി നടത്തി മുരാരിബാബു മനഃപൂര്‍വം സ്വര്‍ണപ്പാളി എന്നതു ചെമ്പുപാളിയാക്കിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീകോവിലില്‍നിന്നുതന്നെ മുതല്‍ മോഷ്ടിക്കാന്‍ ഗൂഢാലോചന നടത്തി, ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തി, ക്ഷേത്ര സമ്പത്ത് ദുരുപയോഗം ചെയ്യാന്‍ ഒത്താശ ചെയ്തു, ശബരിമലയുടെ പ്രശസ്തിക്കു കോട്ടം തട്ടാനിടയാക്കി എന്നീ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 1998 ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ സമയത്തു തന്നെ പാളികളിലെ സ്വര്‍ണം സംബന്ധിച്ച് മുരാരിബാബുവിന് അറിവുണ്ടായിരുന്നു. പ്രതിയെ 29 മുതല്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.




