- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നടന്‍ ദിലീപിനെ വെറുതെ വിട്ടത് തന്റെ പൂജകളുടെ ഫലം; ഷിരൂര്‍ ദുരന്തവും ഓയൂര്‍ കിഡ്നാപ്പിംഗും വിറ്റ് കാശാക്കി; ബാധയൊഴിപ്പിക്കാന്‍ സത്രീകള്‍ തനിച്ച് മുറിയില്‍ വരണമെന്ന് നിര്‍ബന്ധിക്കും; ആ പെണ്‍കുട്ടി ബഹളം വെച്ചില്ലായിരുന്നെങ്കില്‍ മുരാരി തന്ത്രി ഇന്നും 'പുണ്യാളന്'! ഡാന്‍സ്, പാട്ട് റീലുകളിലൂടെ ഇരകളെ വീഴത്തിയ 'രാജന്‍ ബാബു'വിന്റെ ജ്യോതിഷാലയത്തില്‍ ദുരൂഹപൂജകളും
നടന്‍ ദിലീപിനെ വെറുതെ വിട്ടത് തന്റെ പൂജകളുടെ ഫലം

കൊല്ലം: സോഷ്യല്‍ മീഡിയയിലെ തിളങ്ങുന്ന റീല്‍സുകള്‍, ആഡംബര ജീവിതം, സിനിമാ താരങ്ങളെ വെല്ലുന്ന പബ്ലിസിറ്റി സ്റ്റണ്ടുകള്‍... ഒടുവില്‍ നിയമത്തിന്റെ വലയില്‍ കുടുങ്ങുമ്പോള്‍ പുറത്തുവരുന്നത് മുരാരി തന്ത്രിയെന്ന രാജന്‍ ബാബുവിന്റെ ഞെട്ടിക്കുന്ന തട്ടിപ്പ് കഥകള്‍. 16 വയസ്സുകാരിയെ ബാധയൊഴിപ്പിക്കാനെന്ന പേരില്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് പുത്തൂരിലെ ഈ 'സോഷ്യല്‍ മീഡിയ സിംഹം' ഇപ്പോള്‍ അഴിക്കുള്ളിലായിരിക്കുന്നത്.
ആരാണ് ഈ മുരാരി തന്ത്രി?
സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറില്‍ നിന്നാണ് രാജന്‍ ബാബുവിന്റെ വളര്‍ച്ച തുടങ്ങുന്നത്. കുറച്ചു കാലം കൊണ്ട് 'മുരാരി തന്ത്രി' എന്ന പേര് സ്വീകരിച്ച് ജ്യോതിഷത്തിലേക്കും ആഭിചാര ക്രിയകളിലേക്കും ഇയാള്‍ കളംമാറ്റി. കൊല്ലം വെണ്ടാറിലെ ഇയാളുടെ 'മുരാരി ജ്യോതിഷാലയം' വെറുമൊരു ഓഫീസ് ആയിരുന്നില്ല; മറിച്ച് ആഡംബരവും ദുരൂഹതയും നിറഞ്ഞ ഒരു കേന്ദ്രമായിരുന്നു.
സോഷ്യല്‍ മീഡിയയിലെ 'തള്ളല്‍' വീരന്‍!
യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും റീല്‍സുകള്‍ വഴിയാണ് ഇയാള്‍ ആളുകളെ വലയിലാക്കിയിരുന്നത്. തന്റെ പൂജകളുടെ ഫലമായാണ് 'നടന്‍ ദിലീപിനെ വെറുതെ വിട്ടതെന്ന് ഇയാള്‍ വിശ്വസിപ്പിച്ചു. ഇത് മാത്രമല്ല ഇയാളുടെ അവകാശവാദങ്ങള്‍: ഷിരൂര്‍ ദുരന്തത്തില്‍ അര്‍ജുന്റെ ലോറി കിടക്കുന്ന ദിശ കൃത്യമായി പ്രവചിച്ചു, ഓയൂര്‍ തട്ടിക്കൊണ്ടുപോകലില്‍ ആറു വയസ്സുകാരിയെ കണ്ടെത്തുന്ന സമയം കൃത്യമായി പറഞ്ഞു തുടങ്ങിയ കാര്യങ്ങളും വീമ്പടിച്ചു.
ആത്മീയ വേഷത്തിനിടയിലും സിനിമാ പാട്ടുകള്‍ക്ക് നൃത്തം ചെയ്ത് റീല്‍സുകളിലൂടെ യുവതലമുറയെ ആകര്‍ഷിച്ചു.
കുടുങ്ങിയത് ബാധയൊഴിപ്പിക്കലിന്റെ പേരില്‍
കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിനിയായ 16-കാരിയും അമ്മയും ഇയാളുടെ അടുത്തെത്തിയത്. കുട്ടിയുടെ ബാധയൊഴിപ്പിക്കണമെന്ന വ്യാജേന അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ ഇയാള്‍ തന്റെ പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കുട്ടിയെ കടന്നുപിടിക്കാനും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ പിടിവിട്ട തന്ത്രി, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളഞ്ഞു.
നാടകീയമായ അറസ്റ്റ്
സംഭവത്തിന് പിന്നാലെ പുത്തൂര്‍ പോലീസ് വലവിരിച്ചെങ്കിലും പ്രതി ഒളിവില്‍ പോയി. രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഭരണിക്കാവിലെ ഒരു ലോഡ്ജില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചു. പോലീസ് എത്തുമ്പോള്‍ ആഡംബര ജീവിതത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉപേക്ഷിച്ച് ഭയന്നോടാന്‍ ശ്രമിച്ച രാജന്‍ ബാബുവിനെ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.
നാട്ടുകാര്‍ക്ക് പറയാനുള്ളത്...
'പഴയ ഓട്ടോക്കാരന്‍ പെട്ടെന്ന് കോടീശ്വരനായത് കണ്ട് ഞങ്ങള്‍ അമ്പരന്നിട്ടുണ്ട്. ഇയാളുടെ വളര്‍ച്ചയില്‍ വലിയ ദുരൂഹതയുണ്ട്.' - പ്രദേശവാസികള്‍ പറയുന്നു. ബാധയൊഴിപ്പിക്കലിന് എത്തുന്ന സ്ത്രീകളെ ഇയാള്‍ മുന്‍പും ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് ഓട്ടോ ഓടിച്ച് നടന്നിരുന്ന രാജന്‍ ബാബു പെട്ടെന്ന് തന്നെ കളം മാറ്റി ചവിട്ടുകയായിരുന്നു. ജ്യോതിഷത്തിന്റെ മറവില്‍ പണം വാരുന്ന വിദ്യ പഠിച്ചെടുത്ത ഇയാള്‍, വെണ്ടാറിലെ ജ്യോതിഷാലയം നിര്‍മ്മിച്ചത് കോടികള്‍ ചിലവിട്ടാണെന്ന് പറയപ്പെടുന്നു ആഡംബര കാറുകളില്‍ ഇയാളുടെ അടുത്തെത്തിയിരുന്ന വിഐപികള്‍ ആരൊക്കെയാണെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ ഈ ജ്യോതിഷാലയത്തില്‍ ദുരൂഹമായ പൂജകളും സദ്യകളും നടന്നിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
'റീല്‍സ്' കണ്ട് വീഴുന്ന ഇരകള്‍
മുരാരി തന്ത്രിയുടെ പ്രധാന ആയുധം ഇയാളുടെ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് ചാനലുകള്‍ ആയിരുന്നു. പ്രമുഖ നടന്‍മാരുടെയും രാഷ്ട്രീയക്കാരുടെയും പേരുകള്‍ വലിച്ചിഴച്ച് തനിക്ക് വലിയ സ്വാധീനമുണ്ടെന്ന് വരുത്തി തീര്‍ക്കും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്തുന്ന സ്ത്രീകളെ 'നിങ്ങളുടെ കൂടെ ഒരു ബാധയുണ്ട്, ഇത് മാറ്റാതിരുന്നാല്‍ മക്കള്‍ക്ക് ആപത്താണ്' എന്ന് പറഞ്ഞ് ഭയപ്പെടുത്തും. ബാധയൊഴിപ്പിക്കാന്‍ തനിച്ച് മുറിയില്‍ വരണമെന്ന് നിര്‍ബന്ധിക്കുന്നത് ഇയാളുടെ സ്ഥിരം ശൈലിയായിരുന്നു. പത്താം ക്ലാസ്സുകാരി കാണിച്ച ധൈര്യമാണ് ഇയാളുടെ ഇത്രയും കാലത്തെ ക്രൂരതകള്‍ വെളിച്ചത്ത് കൊണ്ടുവന്നത്.
ഇനിയും പ്രതികള്‍ ഉണ്ടാകുമോ?
ഭരണിക്കാവിലെ ലോഡ്ജില്‍ ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയത് ആരാണ് എന്നതിനെക്കുറിച്ച് പുത്തൂര്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.ഇയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ പല പ്രമുഖരുടെയും പേരുകള്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്. നിലവില്‍ സെക്ഷന്‍ 354 (സ്ത്രീത്വത്തെ അപമാനിക്കല്‍), പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുമ്പ് ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചവര്‍ ആരെങ്കിലും ഭയം മൂലം പരാതി നല്‍കാതിരിക്കുന്നുണ്ടോ എന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു.


