- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
800 കോടിയും ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയില്‍ നാല് പ്ലോട്ടുകളും ദയാനിധി മാരന്! എന്തിനും ഏതിനും കരുണാനിധി കൂടെ കൊണ്ടു പോയ സഹോദരിയുടെ മകന്; കസിന്റെ മക്കളുടെ ഓഹരി തമ്മിലടിയില്‍ സ്റ്റാലിന് ഇടപെട്ടു; വീരമണിയും എന്‍ റാമും മധ്യസ്ഥരായി; സണ്‍ ടിവിയിലെ അടി തീര്‍ന്നു; മാരന് കുടുംബത്തില്‍ ഒത്തുതീര്‍പ്പ്
ചെന്നൈ: മാരന്‍ സഹോദരന്മാരുടെ തര്‍ക്കംതീര്‍ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ബന്ധുവുമായ എം.കെ. സ്റ്റാലിന്റെ ഇടപെടല്‍. സ്റ്റാലിനെ കൂടാതെ, ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി, ഹിന്ദു ഗ്രൂപ്പിന്റെ എന്‍. റാം എന്നിവരും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളികളായെന്നാണ് ദി ഇന്ത്യന്‍ എസ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മധ്യസ്ഥത കരാര്‍ പ്രകാരം ഡിഎംകെ എപി കൂടിയായ ദയാനിധി മാരന് 800 കോടി പണവും, ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയില്‍ നാല് പ്ലോട്ടുകളും നല്‍കും. തനിക്ക് 1,500 കോടി കിട്ടണമെന്നായിരുന്നു ദയാനിധിയുടെ ആവശ്യം. എന്നാല്‍ കലാനിധി നല്‍കാന്‍ തയ്യാറായിരുന്നത് 500 കോടിയായിരുന്നു. ബന്ധുമുറ അനുസരിച്ച് മാരന്‍ സഹോദരങ്ങളുടെ അമ്മാവനാണ് സ്റ്റാലിന്‍.
സര്‍ക്കാരിനെ നയിക്കുന്ന ഡിഎംകെയെയും ബാധിക്കുന്ന പ്രശ്നമായതിനാല്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ മാരന്‍ സഹോദരന്മാരുടെ തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു. എന്നാല്‍ ആദ്യത്തെ മധ്യസ്ഥശ്രമം പരാജയപ്പെട്ടു. ഇതിനുശേഷമാണ് വീരമണിയും റാമും ഈ തര്‍ക്കത്തില്‍ ഇടനിലക്കാരായി കൂട്ടുചേരുന്നത്. പുതിയ മധ്യസ്ഥരും വന്നശേഷം മൂന്നു റൗണ്ട് ഇടനില ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതില്‍ രണ്ടെണ്ണം നേരിട്ടും, ഒരെണ്ണം വീഡിയോ കോണ്‍ഫറന്‍സ് വഴിയുമായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിഎംകെ എംപി ദയാനിധി മാരനും അദ്ദേഹത്തിന്റെ മൂത്ത സഹോദരനും സണ്‍ ടിവി നെറ്റ്വര്‍ക് ചെയര്‍മാനുമായ കലാനിധി മാരനും തമ്മിലുള്ള തര്‍ക്കത്തിലാണ് സ്റ്റാലിന്‍ സജീവമായി ഇടപെട്ടത്. സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ ഓഹരികള്‍ സംബന്ധിച്ചാണ് സഹോദരന്മാര്‍ക്കിടയിലെ തര്‍ക്കം. കുടുംബത്തിന്റെ താത്പര്യങ്ങള്‍മാനിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സ്റ്റാലിന്‍ സഹോദരങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. 2003ല്‍ നടന്ന സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ ഓഹരി ഇടപാടുകളെ എതിര്‍ത്ത് ദയാനിധി തന്റെ മൂത്ത സഹോദരന്‍ കലാനിധി മാരനും ഭാര്യ കാവേരിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
അടുത്ത വര്‍ഷം തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടക്കുകയാണ്. മാരന്‍ കുടുംബ പ്രശ്നം പാര്‍ട്ടിക്ക് ഭീഷണിയാകുമെന്ന് സ്റ്റാലിന് ആശങ്കപ്പെട്ടിരുന്നു. അതോടെയാണ് സ്റ്റാലിന്‍ വീരമണിയെ സമീപിക്കുന്നത്. ഈ ഡിസംബറില്‍ 92 വയസ് തികയുന്ന വീരമണി തമിഴ്നാട് രാഷ്ട്രീയത്തിലെ ആദരണീയനായ രാഷ്ട്രതന്ത്രജ്ഞനാണ്. ദ്രാവിഡ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം പരിഗണിച്ചാണ് വീരമണിയെ സ്റ്റാലിന്‍ നിയോഗിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദുവിന്റെ മുന്‍ ചീഫ് എഡിറ്ററുമായ എന്‍ റാം, മാരന്‍ കുടുംബത്തിലെ അകന്ന ബന്ധു കൂടിയാണ്.വീരമണിയാണ് ആദ്യം മാരന്‍ കുടുംബത്തിലേക്ക് ഫോണ്‍ ചെയ്യുന്നത്. അതിനുശേഷമാണ് മറ്റ് രണ്ടു പേരും പങ്കാളികളാകുന്നത്. ജൂണ്‍ അവസാനവാരത്തിലും ജൂലൈ ആദ്യവാരത്തിലുമായി മൂന്നു റൗണ്ട് ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകളുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ചോരരുതെന്നും സ്റ്റാലിന് നിര്‍ബന്ധമുണ്ടായിരുന്നു.
തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മുരശൊലി മാരന്റെ മക്കളായ കലാനിധി മാരനും ലോക്‌സഭ എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ദയാനിധി മാരനും തമ്മിലെ കുടുംബപ്പോര് തമിഴക രാഷ്ട്രീയത്തെ പോലും സ്വാധീനിച്ചേക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. കലാനിധി മാരനാണ് സണ്‍ നെറ്റ് വര്‍ക്കിന്റെ ചെയര്‍മാന്‍. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത ബന്ധുക്കളാണ് മാരന്‍ സഹോദരന്മാര്‍. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക നേതാവും സ്റ്റാലിന്റെ അച്ഛനായ മുത്തുവേല്‍ കരുണാനിധിയുടെ സഹോദരിയുടെ മകനാണ് മുരശലിമാരന്‍. സണ്‍ നെറ്റ് വര്‍ക്കിന്റെ ഓഹരികള്‍ അനധികൃത വഴികളിലൂടെ കലാനിധി മാരന്‍ സ്വന്തമാക്കിയെന്നാണ് സഹോദരനും ഡിഎംകെ എംപിയുമായ ദയാനിധി മാരന്റെ പരാതി. കലാനിധി മാരനും സണ്‍ ടിവിയിലെ പ്രധാന തസ്തികയിലുള്ളവര്‍ക്കുമെതിരേ മുന്‍ കേന്ദ്രമന്ത്രി കൂടിയായ ദയാനിധി മാരന്‍ ലീഗല്‍ നോട്ടീസ് അയച്ചു. വിവാദം വാര്‍ത്തയായതോടെ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഓഹരിവിലകളിലും പ്രതിഫലിക്കപ്പെട്ടു.
1993ല്‍ കലാനിധി മാരനാണ് സണ്‍ ടിവി നെറ്റ് വര്‍ക്കിന് തുടക്കമിടുന്നത്. മാരന്‍ കുടുംബത്തിനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ കുടുംബത്തിനും ഓഹരി പങ്കാളിത്തമുള്ള കമ്പനിയായിട്ടായിരുന്നു തുടക്കം. 2006ല്‍ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഈ കമ്പനിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ കരുണാനിധി കുടുംബത്തിന് എന്തെങ്കിലും താല്‍പ്പര്യമുണ്ടോ എന്നും വ്യക്തമായിട്ടില്ല. 23,000 കോടിയിലധികം വിപണി മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയാണ് സണ്‍ ടിവി നെറ്റ് വര്‍ക്ക്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 941 കോടി രൂപയായിരുന്നു വരുമാനം. ലാഭം മുന്‍ പാദത്തെ 415 കോടി രൂപയില്‍ നിന്ന് 372 കോടിയായി കുറഞ്ഞിരുന്നു. 2024-25 സാമ്പത്തിവര്‍ഷം വരുമാനം 4,015 കോടി രൂപയും ലാഭം 1,704 കോടി രൂപയുമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തിലും ലാഭത്തിലും കുറവുണ്ടായി. വിവാദത്തെത്തുടര്‍ന്ന് ഓഹരികളില്‍ മൂന്ന് ശതമാനത്തിലധികം കുറവുണ്ടായി.
മുരശലിമാരന്‍ 36 വര്‍ഷം എംപിയായിരുന്നു. വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ നഗരവികസനകാര്യ വകുപ്പ് മന്ത്രിയായും ഐ.കെ. ഗുജ്റാള്‍, എച്ച്.ഡി. ദേവഗൗഡ മന്ത്രിസഭകളില്‍ വ്യവസായ വകുപ്പ് മന്ത്രിയായും എ.ബി. വാജ്പേയ് മന്ത്രിസഭയില്‍ വാണിജ്യ - വ്യവസായ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. മുപ്പതോളം തമിഴ് ചലച്ചിത്രങ്ങള്‍ക്കും മുരസൊലി മാരന്‍ തിരക്കഥകള്‍ രചിച്ചിട്ടുണ്ട്. 1934 ഓഗസ്റ്റ് 17 - ന് എം. കരുണാനിധിയുടെ സഹോദരിയായ ഷണ്‍മുഖസുന്ദരിയുടേയും, ഷണ്‍മുഖസുന്ദരന്റേയും മകനായി തമിഴ്നാട്ടിലെ തിരുവാരൂരിലുള്ള തിരുക്കുവളൈ എന്ന ഗ്രാമത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം മദ്രാസിലെ പച്ചൈയപ്പാ ലോ കോളേജില്‍ ബിരുദാനന്തരബിരുദ പഠനത്തിനായി ചേര്‍ന്നു. രാഷ്ട്രീയമേഖലയിലേക്ക് കടന്നുവരുന്നതിനു മുന്‍പ് മാരന്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്തു തന്നെ ദ്രാവിഡ മുന്നേറ്റ കഴകവുമായി മാരന്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. 1963 സെപ്റ്റംബര്‍ 15 - ന് മല്ലികയെ വിവാഹം ചെയ്തു. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. മല്ലികയും കരുണാനിധിയുടെ അകന്ന ബന്ധുവാണ്.
മൂത്ത മകനായ ദയാനിധി മാരന്‍ മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റംഗവുമാണ്. ഇളയ മകനായ കലാനിധി മാരന്‍, സണ്‍ നെറ്റ്വര്‍ക്കിന്റെയും സണ്‍ പിക്ചേഴ്സ് എന്ന ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനത്തിന്റേയും ഉടമയാണ്. മകളായ അന്‍പുക്കരശി മാരന്‍, ഹൃദ്രോഗവിദഗ്ദ്ധയാണ്. ഒരു കാലത്ത് കരുണാനിധിയുടെ ഏറ്റവും വലിയ വിശ്വസ്തനായിരുന്നു മുരശൊലി മാരന്‍. സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഉടമസ്ഥതയില്‍ ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ സൂര്യ ടിവി സണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. ടിവി ചാനലുകള്‍ക്ക് പുറമെ പത്രം, റേഡിയോ, സിനിമ നിര്‍മ്മാണം, ഡിടിഎച്ച്, എയര്‍ലൈന്‍സ്, ഐപിഎല്‍ ക്രിക്കറ്റ് ടീമായ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമായുണ്ട്. മുരശലിമാരന്റെ രണ്ടും മക്കളും വിദേശത്ത് പഠിച്ചവരാണ്.
ദയാനിധി ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍
കലാനിധി മാരനെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് സഹോദരന്‍ ദയാനിധി ഉന്നയിച്ചത്. ചതിയിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും കലാനിധി മാരന്‍ കമ്പിനി തട്ടിയെടുത്തെന്നും, 2003-ലെ ഓഹരി ഘടന പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് പ്രശ്നം വഷളാകുന്നത്. പിതാവ് മുരശൊലി മാരന്റെ രോഗാവസ്ഥയിലാണ് സ്വത്ത് തട്ടിയെടുക്കാന്‍ കൃത്രിമ രേഖകള്‍ ചമച്ചതെന്ന് ദയാനിധിയുടെ വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. ഇരുകൂട്ടരും കുടുംബപ്പോരിനെക്കുറിച്ച് പരസ്യമായ പ്രതികരണം നടത്തിയിട്ടില്ല. 2024 ഒക്ടോബറിന് ശേഷം ഇത് രണ്ടാം തവണയാണ് ദയാനിധി മാരന്‍ സഹോദരന് ലീഗല്‍ നോട്ടീസ് അയക്കുന്നത്. കലാനിധി മാരന്‍, ഭാര്യ കാവേരി മാരന്‍ എന്നിവരുള്‍പ്പെടെ ഡയറക്ടര്‍ ബോര്‍ഡിലെ എട്ടുപേര്‍ക്കെതിരെയാണ് ജൂണ്‍ 10-ന് അയച്ച നോട്ടീസില്‍ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
കൃത്രിമ രേഖകള്‍ ചമച്ച് കമ്പനി ഓഹരികള്‍ തട്ടിയെടുത്തുവെന്നാണ് ദയാനിധിയുടെ പ്രധാന ആരോപണം. 2003 സെപ്റ്റംബര്‍ 15ന് സണ്‍ ടിവിയിലെ 10 രൂപ മുഖവിലയുള്ള 12 ലക്ഷം ഓഹരികള്‍ കലാനിധി മാരന്റെയും ഭാര്യ കാവേരിയുടെയും പേരിലേക്ക് മാറ്റിയെന്നാണ് ദയാനിധിയുടെ പരാതി. ഡയറക്ടര്‍ ബോര്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ നീക്കമെന്നും നോട്ടീസില്‍ പറയുന്നു. ദയാനിധിയുടെയും കലാനിധിയുടെ പിതാവായ മുരശൊലി മാരന്റെ മരണവും ഈ സമയത്തായിരുന്നു. പിതാവിന്റെ മരണപത്രം പോലുമില്ലാതെയാണ് ഓഹരികള്‍ കലാനിധി മാറ്റിയതെന്നും ദയാനിധി ആരോപിക്കുന്നു. കമ്പനിയില്‍ ഒരൊറ്റ രൂപയുടെ പോലും ഓഹരിയില്ലാതിരുന്ന കലാനിധി ചുരുങ്ങിയ കാലം കൊണ്ട് 60 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ ശക്തമാക്കാനാണ് ആലോചന. 2023 വരെയുള്ള കാലയളവില്‍ ഡിവിഡന്റായി 5,926 കോടി രൂപ കലാനിധി സ്വന്തമാക്കിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 455 കോടി രൂപയും കലാനിധി കുടുംബത്തിന് ലഭിച്ചുവെന്നാണ് ആരോപണം.
2003 സെപ്റ്റംബര്‍ 15-ന്, ഒരു ഓഹരിക്ക് 2,500-3,000 രൂപ വിലയുണ്ടായിരുന്ന സമയത്ത്, കലാനിധി മാരന്‍ വെറും 10 രൂപ നിരക്കില്‍ 12 ലക്ഷം ഓഹരികള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു എന്നാണ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത് .ഇതിലൂടെ കമ്പനിയുടെ ഭീരിഭാഗം ഓഹരിയും ഉടമസ്ഥാവകാശവും കൈക്കലാക്കി. ഈ നീക്കത്തോടെ, അതുവരെ ഓഹരികളൊന്നുമില്ലാതിരുന്ന കലാനിധി മാരന്‍ 60% ഓഹരികളുമായി കമ്പനിയുടെ ഉടമയായി മാറി. യഥാര്‍ത്ഥ സ്ഥാപക കുടുംബങ്ങളുടെ ഓഹരി പങ്കാളിത്തം 50 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞുവെന്നും നോട്ടീസില്‍ പറയുന്നു. കമ്പനിയുടെ ഓഹരി ഘടന 2003-ലെ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്നും അന്നു മുതല്‍ നിയമവിരുദ്ധമായി നേടിയ എല്ലാ സാമ്പത്തിക നേട്ടങ്ങളും ഡിവിഡന്റുകളും ആസ്തികളും തിരികെ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.