ലോറൻസ്‌വില്ലെ: ജോർജിയ-ഗ്വിനെറ്റ് കൗണ്ടിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ അലമാരയിൽ ഒളിച്ചിരിക്കുകയായിരുന്നു. കുട്ടികളാണ് പോലീസിനെ സഹായത്തിന് വിളിച്ചത്.സംഭവത്തിൽ യുവതിയുടെ ഭർത്താവായ വിജയ്കുമാർ (51) അറസ്റ്റിലായി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ലോറൻസ്‌വില്ലെയിലെ വീട്ടിലാണ് സംഭവം നടന്നത്.

പ്രതിയായ വിജയ്കുമാറിൻ്റെ ഭാര്യ മീമു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉൾപ്പെടുന്നു. കുട്ടികൾക്ക് പരിക്കുകളില്ലെന്നും ബന്ധുക്കൾ അവരെ കൂട്ടിക്കൊണ്ടുപോയെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഏകദേശം 2:30-ഓടെയാണ് ബ്രൂക്ക് ഐവി കോർട്ടിലെ 1000 ബ്ലോക്കിൽ വെടിയൊച്ച കേട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വീട്ടിൽ മുമ്പും സമാനമായ തർക്കങ്ങളെ തുടർന്ന് പോലീസ് എത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

വെടിവെപ്പ് തുടങ്ങിയപ്പോൾ തന്നെ വീട്ടിലുണ്ടായിരുന്ന മൂന്ന് ചെറിയ കുട്ടികൾ സ്വയം രക്ഷക്കായി ഒരു അലമാരയിൽ ഒളിച്ചു. ഇതിൽ ഒരു കുട്ടി 911-ൽ വിളിച്ച് വിവരം നൽകിയതിനെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ പോലീസ് സ്ഥലത്തെത്തി. പരിക്കേൽക്കാതെ രക്ഷപ്പെട്ട കുട്ടികളെ പിന്നീട് ബന്ധുക്കൾക്കൊപ്പം അയച്ചു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ പ്രതിയുടെ വാഹനം വീടിന്റെ മുറ്റത്തുണ്ടായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ, അടുത്തുള്ള വനമേഖലയിൽ നിന്ന് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

അറ്റ്‌ലാന്റയിലെ വീട്ടിൽ വെച്ച് വിജയ് കുമാറും ഭാര്യ മീമു ഡോഗ്രയും തമ്മിലുണ്ടായ തർക്കമാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് ഇവർ തങ്ങളുടെ 12 വയസ്സുള്ള കുട്ടിയുമായി ബന്ധുക്കളുടെ ലോറൻസ്‌വില്ലിലെ വീട്ടിലെത്തി. അവിടെ വെച്ചുണ്ടായ വെടിവെപ്പിൽ ബന്ധുക്കളായ മൂന്ന് പേരും വിജയ് കുമാറിന്റെ ഭാര്യയും കൊല്ലപ്പെടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്.

സംഭവത്തിൽ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. "കുടുംബ തർക്കവുമായി ബന്ധപ്പെട്ട് നടന്ന ദാരുണമായ വെടിവെപ്പിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. ഇതിൽ ഒരു ഇന്ത്യൻ പൗരയും കൊല്ലപ്പെട്ടു. പ്രതിയാണെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്റ്റിലായിട്ടുണ്ട്, ദുഃഖിതരായ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്," ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.