തിരുവനന്തപുരം: താൻ കുറ്റം ചെയ്തിട്ടില്ലെന്നും ഇത് പൊലീസ് തന്റെ തലയിൽ കെട്ടിവച്ചതാണെന്നും മ്യൂസിയം ലൈംഗികാതിക്രമകേസിലെ പ്രതി സന്തോഷ് കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയെന്ന കേസിലെയും പ്രതിയാണ് ഇയാൾ. പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു ഇയാളുടെ പ്രതികരണം. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും സന്തോഷ് പറഞ്ഞു. തെളിവെടുപ്പിനായി കുറവൻകോണത്തെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു സന്തോഷിന്റെ പ്രതികരണം.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സന്തോഷമുമായി പൊലീസ് സംഘം കുറവൻകോണത്ത് തെളിവെടുപ്പിന് എത്തിയത്. ''ഒത്തിരി പറയാനുണ്ട്. ഞാനല്ല ഇതൊന്നും ചെയ്തത്. എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പലതും സമ്മതിപ്പിച്ചു. ഒത്തിരി തെളിവുകൾ എന്റെ പേരിലാക്കുന്നുണ്ട്. ഞാൻ കുറ്റം ചെയ്തിട്ടില്ല.'' - സന്തോഷ് പറഞ്ഞു.ദേഷ്യം വരുമ്പോൾ വാഹനം നിർത്തിയിട്ട് മണിക്കൂറുകൾ നടക്കുന്ന ശീലം തനിക്കുണ്ടെന്നും ഇയാൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് അറസ്റ്റിലായ സന്തോഷ്. മന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്ന പിഎസ് ആയിരുന്ന ഗോപകുമാരൻ നായരുടെ ഡ്രൈവർ. സിപിഎം പിന്തുണയിൽ മന്ത്രിയുടെ ഓഫീസിലെത്തിയ സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനാ നേതാവാണ് ഗോപകുമാരൻ നായർ. ഇയാളുടെ ഡ്രൈവറാണ് മ്യൂസിയത്തെ പീഡനത്തിൽ കുടുങ്ങുന്നത്.

സന്തോഷ് പിടിയിലാകുമെന്ന സൂചന കിട്ടിയതോടെ സിസിടിവിയിലെ ആളിനെ തിരിച്ചറിയാതിരിക്കാൻ തന്ത്രവുമൊരുക്കി. ഇയാളുടെ തല മൊട്ടയടിച്ചു. എന്നിട്ടും സന്തോഷിനെ പൊലീസ് പിടികൂടി. മലയിൻകീഴുകാരനായ പ്രതി നാട്ടിൽ അത്ര പ്രശ്നകാരനല്ല. കഴിഞ്ഞ ഇടതു സർക്കാരിലും ഡ്രൈവറുടെ റോളിൽ സെക്രട്ടറിയേറ്റിലുണ്ടായിരുന്നു സന്തോഷ്. അന്ന് മുതൽ സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനാ നേതാവായ ഗോപകുമാരൻ നായരുമായി അടുത്ത ബന്ധം പുലർത്തി. അങ്ങനെയാണ് റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് അവസരമൊരുങ്ങിയത്. അത് കാർ ദുരുപയോഗവും പീഡനവും മോഷണവുമായി മാറി.

മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നും എല്ലായ്‌പ്പോഴും മന്ത്രിമാരുടെ വിശ്വസ്തരാകുകയാണ് പതിവ്. എന്നാൽ തുടർഭരണം കിട്ടിയ സിപിഎം സിപിഐ ഒഴികെയുള്ള എല്ലാ ഘടകക്ഷി മന്ത്രിമാരുടെ മന്ത്രിമാരുടേയും പ്രൈവറ്റ് സെക്രട്ടറിമാർ സിപിഎം ബന്ധമുള്ളവരാകണമെന്ന് തീരുമാനിച്ചു. ഈ അനൗദ്യോഗിക തീരുമാനം കേരളാ കോൺഗ്രസ് നേതാവായ റോഷി അഗസ്റ്റിനും അംഗീകരിക്കേണ്ടി വന്നു. അങ്ങനെ മനസ്സിലാ മനസ്സില്ലാതെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനെ പ്രൈവറ്റ് സെക്രട്ടറിയാക്കി. പ്രൈവറ്റ് സെക്രട്ടറിമാർക്ക് സർക്കാർ കാർ ഉപയോഗിക്കാം. എന്നാൽ രാത്രിയിൽ കാർ പാർക്ക് ചെയ്യേണ്ടത് സെക്രട്ടറിയേറ്റിലോ ടൂറിസം വകുപ്പിന്റെ ഷെഡിലോ ആകണം. ഇതൊന്നും ഗോപകുമാരൻ നായരുടെ ഡ്രൈവർ ചെയ്തില്ല.

താൽകാലിക ജീവനക്കാരനായിരുന്നു മലയിൻകീഴുകാരനായ സന്തോഷ്. ഗോപകുമാരൻ നായരുടെ അതിവിശ്വസ്തൻ. സെക്രട്ടറിയേറ്റിലെ ജോലിക്കിടെ പലപ്പോഴും വില്ലനായ വ്യക്തികൂടിയാണ് ഗോപകുമാരൻ നായർ. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ അതിപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമ ഗോപകുമാരൻ നായർക്കെതിരെ പരാതിയുമായി എത്തിയിരുന്നു. സിപിഎം സംഘടനയിലെ പ്രധാനിയായ ഗോപകുമാരൻ നായർക്കെതിരെ പരാതി കിട്ടിയത് സെക്രട്ടറിയേറ്റിലെ കോൺഗ്രസ് സംഘടനയ്ക്കായിരുന്നു. വ്യക്തിപരമായ പ്രശ്നം അതിന് അപ്പുറത്തേക്ക് ചർച്ചയാക്കാൻ പരാതിക്കാരനും താൽപ്പര്യമില്ലായിരുന്നു. അന്ന് കോൺഗ്രസ് സംഘടനാ നേതാവ് ഗോപകുമാരൻ നായരെ താക്കീത് ചെയ്തിരുന്നു. ഇത് സെക്രട്ടറിയേറ്റിൽ പാട്ടാണ്.

സെക്രട്ടറിയേറ്റിൽ പണ്ട് ജോലിക്കെത്തുമ്പോൾ പെപ്സി നിറച്ച കുപ്പിയുമായാണ് ഗോപകുമാരൻ നായർ വന്നു പോയിരുന്നത്. ഇതും സഹജീവനക്കാർക്ക് എന്നും കൗതുകവും ചർച്ചയുമായിരുന്നു. കുപ്പിക്ക് അകത്ത് പെപ്സിയായിരിക്കുമെന്ന് ഏവരും കരുതുകയും ചെയ്തു. ഇത്തരത്തിലൊരാളാണ് സിപിഎം പിന്തുണയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലെത്തിയത്. ഈ ആഡീഷണൽ സെക്രട്ടറി റാങ്കിലെ ഡ്രൈവറുടെ അനാസ്ഥ സർക്കാർ കാറിനെ പീഡന-മോഷണ കേസിലെ തൊണ്ടു മുതലുമാക്കി. ഈ കാറാണ് സിസിടിവിൽ പതിഞ്ഞതും പ്രതിയിലേക്ക് അന്വേഷണമെത്തിയതും. യുവതിയുടെ പരാതിയിൽ ആദ്യം പൊലീസ് വേണ്ടത്ര ഗൗരവം കൊടുത്തില്ല. ഇതിന് കാരണം ചില ഇടപെടലാണെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. ഇതൊന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിഞ്ഞിരുന്നില്ല.

കുറുവൻകോണം കേസിൽ പിടിയിലായ സന്തോഷാണ് തന്നെയും ആക്രമിച്ചതെന്ന് മ്യൂസിയം കേസിലെ പരാതിക്കാരിയായ വനിതാ ഡോക്ടർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബുധനാഴ്ച നടന്ന തിരിച്ചറിയൽ പരേഡിലാണ് യുവതി പ്രതിയെ തിരിച്ചറിഞ്ഞത്. കുറുവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാൽ പൊലീസ് പരാതിക്കാരിയെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തുകയായിരുന്നു.

ഒക്ടോബർ 26ന് പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടർക്കുനേരേയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. അന്നു പുലർച്ചെ കുറവൻകോണത്തെ വീട്ടിലാണ് ഇയാൾ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവൻകോണത്തെ വീട്ടിലെത്തി വാതിൽ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ സഞ്ചരിച്ച ഇന്നോവ കാറിന്റെ നമ്പർ കണ്ടെത്താനായതാണ് കേസിൽ വഴിത്തിരിവായത്. ഇതു സർക്കാർ കാറായിരുന്നു.

കരാർ ജീവനക്കാരനായ സന്തോഷിനെ പുറത്താക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് നിർദ്ദേശം നൽകി. തന്റെ ഓഫീസിലെ ഒരാൾ ഇത്തരമൊരു കേസിൽപ്പെട്ടത് മന്ത്രിക്കും ഓഫീസിനും നാണക്കേടായി മാറിയ സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്ന നിലയിൽ സന്തോഷിനെ പിരിച്ചുവിടാൻ മന്ത്രി നിർദ്ദേശിച്ചത്. അഡീഷണൽ സെക്രട്ടറിയായ ഗോപകുമാരൻ നായരേയും മന്ത്രി ഓഫീസിൽ നിന്ന് മാറ്റണമെന്ന് മന്ത്രിക്ക് ആഗ്രഹമുണ്ട്.

പക്ഷേ അതിന് സിപിഎം അനുവദിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. കാർ ദുരുപയോഗം സർക്കാരിന് തന്നെ വലിയ കളങ്കമാണ് ഉണ്ടാക്കിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ തിരിച്ചറിയുന്നുണ്ട്.