തിരുവനന്തപുരം : കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടുദിവസം ഹോട്ടലില്‍ താമസിപ്പിച്ച എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഷെഫിനെതിരെയാണ് നടപടി. ബാഴ്‌സലോണയില്‍ എംബിബിഎസിന് പ്രവേശനം വാഗ്ദാനംചെയ്ത് വഴുതയ്ക്കാട് സ്വദേശിയില്‍ നിന്ന് 15 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയ്ക്ക് വഴിവിട്ട സഹായം എസ്‌ഐ നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കേസിലെ പരാതിക്കാരാണ് എസ്‌ഐയ്‌ക്കെതിരെ സിറ്റിപൊലീസ് കമീഷണറെ സമീപിച്ചത്. തുടര്‍ന്ന് അതീവരഹസ്യമായി ക്രൈംബ്രാഞ്ച് പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്നു. ഒരു വനിത കോണ്‍സ്റ്റബിള്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടായേക്കും.

ബാഴ്‌സലോണയില്‍ എം.ബി.ബി.എസിന് പ്രവേശനം വാഗ്ദാനംചെയ്ത് വഴുതക്കാട് സ്വദേശിയില്‍ നിന്ന് 15 ലക്ഷം തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയായ അര്‍ച്ചന ഗൗതമിനാണ് വഴിവിട്ട സഹായംനല്‍കിയത്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് ഏജന്‍സിയായിരുന്നു ഇവരുടേത്. രാജ്യത്തിന്റെ പല ഭാഗത്തും ഇവര്‍ക്കെതിരെ സമാന കേസുകളുണ്ട്. ഉത്തരാഖണ്ഡിലെ കേസില്‍ കഴിഞ്ഞ മാസം ജാമ്യം നേടുകയും ചെയ്തു. സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ റീല്‍സുകളും വീഡിയോകളും ഇട്ട് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ചതിക്കലാണ് രീതി. സ്പാനിഷ് എംബിസിയില്‍ സ്വാധീനമുണ്ടെന്ന തരത്തിലാണ് എല്ലാം ചെയ്യുന്നത്. പണം കൊടുത്ത ശേഷം ഇവര്‍ക്ക് വിസ കിട്ടില്ല. അപ്പോള്‍ മാത്രമാകും തട്ടിപ്പ് തിരിച്ചറിയുക. ഈ മാഫിയയിലെ പ്രധാനിയാണ് അര്‍ച്ചന. അര്‍ച്ചനയുടെ ഭര്‍ത്താവ് രാഹുല്‍ ഗൗതമാണ് തട്ടിപ്പിലെ സൂത്രധാരന്‍. വിവേക് കുമാറാണ് മറ്റൊരു പ്രതി. ദി ഇന്റര്‍നാഷണലി എന്ന പേരില്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇവരുടെ തട്ടിപ്പ്.

രാജ്യത്ത് പ്രവേശന പരീക്ഷ എഴുതാതെ വിദേശ പഠനത്തിലൂടെ എംബിബിഎസ് മോഹിക്കുന്നവരെയാണ് ഇവര്‍ തട്ടിപ്പിന്റെ ഭാഗമാക്കുന്നത്. കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലുള്ളവരെ ഇവര്‍ പറ്റിച്ച് പണം തട്ടിയിട്ടുണ്ട്. ശതകോടികള്‍ ഇത്തരത്തിലുണ്ടാക്കിയ പ്രതിയ്ക്കാണ് മ്യൂസിയം എസ് ഐ സഹായം ചെയ്തു കൊടുത്തത്. സന്ദര്‍ശക വിസയില്‍ എംബിഎസ് എസ് പഠനത്തിന്ന എന്ന് പറഞ്ഞ് കുട്ടികളെ സ്‌പെയിനില്‍ എത്തിച്ച് തട്ടിച്ചതുള്‍പ്പെടയുള്ള പരാതികള്‍ അര്‍ച്ചനയ്‌ക്കെതിരെയുണ്ട്. ഇത്തരത്തിലൊരു പ്രതിയ്ക്കാണ് കേരളാ പോലീസ് ഹോട്ടല്‍ മുറിയിലെ താമസമൊരുക്കിയത്.

കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ചാണ് എസ്.ഐക്ക് എതിരായ ആരോപണം അന്വേഷിച്ചത്. മറ്റൊരു കേസില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജയിലിലായിരുന്നു അര്‍ച്ചന ഗൗതം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹാജരാക്കി. തിരികെ ഹരിദ്വാര്‍ ജയിലിലേക്ക് കൊണ്ടുപോയ പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം ഡല്‍ഹിയില്‍ ഹോട്ടലില്‍ താമസിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയ ശേഷം വിവര ശേഖരണത്തിനെന്ന പേരില്‍ ഷെഫിന്‍ പോയതായും അന്വേഷണത്തില്‍ കണ്ടത്തി. ഒന്നര മണിക്കൂര്‍ ഇവര്‍ വാഹനത്തിലിരിക്കേണ്ടിവന്നു.

പ്രതിയുടെ ചെലവില്‍ ഫ്‌ലൈറ്റിലാണ് എസ്.ഐയും സംഘവും തിരികെയെത്തിയത്. എന്നാല്‍, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും ഇത് സി.ഐക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു. ഫ്‌ലൈറ്റില്‍ നാട്ടിലെത്തിയ വിവരം സ്റ്റേഷനില്‍ അറിയിച്ചില്ല. പകരം അനധികൃത അവധിയില്‍ തുടര്‍ന്നു. തട്ടിപ്പുകേസില്‍ പരാതി നല്‍കിയ വഴുതക്കാട് സ്വദേശിയാണ് പ്രതിക്ക് എസ്.ഐ ഒത്താശ ചെയ്തതായുള്ള വിവരങ്ങള്‍ തെളിവുസഹിതം സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് കൈമാറിയത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മേലുദ്യോഗസ്ഥന്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണുണ്ടായതെന്നാണ് ഇവരുടെ നിലപാട്.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്ത് വകുപ്പുതല അനുമതി വാങ്ങാതെ എസ്.ഐ ഷെഫിന്‍ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാനും പോയെന്നും കണ്ടെത്തി. ഉത്തരാഖണ്ഡില്‍ നിന്ന് നാട്ടിലെത്തി ഒരാഴ്ചയ്ക്കു ശേഷമാണ് സിനിമയില്‍ അഭിനയിക്കാനായി നാലു ദിവസം അനധികൃത അവധിയെടുത്തത്. ഇതും വിവാദമായിട്ടുണ്ട്.