ഫ്ലോറിഡ: മരിച്ചു പോയ അമ്മാവനായി വേറിട്ട രീതിയിൽ ആദരവ് അർപ്പിച്ച് മ്യുസീഷ്യൻ. താനൊരു റോക്ക്സ്റ്റാറായി മാറനാമെന്നത് അമ്മാവന്റെ വലിയൊരു ആഗ്രഹമായിരുന്നതിനാൽ അദ്ദേഹത്തിന്റെ അസ്ഥികൂടം ഉപയോഗിച്ച് ഒരു ഗിറ്റാർ നിർമ്മിച്ചിരിക്കുകയാണ് ഫ്ലോറിഡയിൽ നിന്നുള്ള ഈ മ്യുസീഷ്യൻ. യുട്യൂബിൽ 'മിഡ്‌നൈറ്റ് പ്രിൻസ്' എന്ന് അറിയപ്പെടുന്ന ടാമ്പയിൽ നിന്നുള്ള ആർട്ടിസ്റ്റാണ് തൻ്റെ 'അങ്കിൾ ഫിലിപ്പി'ൻ്റെ അസ്ഥി കൊണ്ട് ഗിറ്റാർ നിർമ്മിച്ചത്.

1996 -ൽ ഗ്രീസിൽ വച്ചാണ് ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ പ്രിൻസിന്റെ പ്രിയപ്പെട്ട ഫിലിപ്പ് അങ്കിളിൻ്റെ ജീവൻ നഷ്ടപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് 28 വയസ്സായിരുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ അസ്ഥികൂടം പ്രദേശത്തെ ഒരു മെഡിക്കൽ കോളേജിന് ദാനം ചെയ്തു. ഏകദേശം രണ്ടു പതിറ്റാണ്ടോളം ഗവേഷണത്തിനായി അത് അവിടെ സൂക്ഷിച്ചു.

എന്നാൽ, പിന്നീട് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യഥാർത്ഥ അസ്ഥികൾ ഉപയോഗിക്കുന്നത് ഗ്രീസിൽ നിരോധിച്ചു. അതിനാൽ, കോളേജിന് അസ്ഥികൂടം തിരികെ നൽകേണ്ടിവന്നു. അപ്പോഴാണ് അങ്കിൾ ഫിലിപ്പിൻ്റെ ഭൗതികാവശിഷ്ടങ്ങൾ അടുത്തുള്ള ഒരു സെമിത്തേരിയിൽ സൂക്ഷിക്കാൻ പ്രിൻസിന്റെ കുടുംബം തീരുമാനിച്ചത്. എന്നാൽ, അതിനുള്ള വാടക കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു.

തുടർന്നാണ് പ്രിൻസ് ചില സുപ്രധാനമായ തീരുമാനങ്ങൾ എടുത്തത്. ഒരു ഫ്യൂണറൽ ഹോമിന്റെ സഹായത്തോടെ അസ്ഥി യുഎസ്സിലെത്തിച്ചു. ആ സമയത്തൊന്നും പ്രിൻസ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് കുടുംബത്തിന് യാതൊരു വിവരവും ഇല്ലായിരുന്നു. നാട്ടിലെത്തിച്ച അമ്മാവന്റെ അസ്ഥി സൂക്ഷിക്കുന്നതിനായി സെമിത്തേരിയിൽ സ്ഥലം വാങ്ങാൻ പ്രിൻസ് വിസമ്മതിച്ചു. അങ്കിൾ ഫിലിപ്പിന്റെ അസ്ഥികൂടം ഉപയോ​ഗിച്ച് ​ഗിത്താർ നിർമ്മിക്കുക എന്നത് പ്രിൻസ് തീരുമാനിച്ചിരുന്നു.

തുടർന്ന് ചില സുഹൃത്തുക്കളുടെ സഹായം അദ്ദേഹം തേടി. എന്നാൽ ഒരു അസ്ഥികൂടത്തിൽ പ്രവർത്തിക്കുന്നൊരു ​ഗിത്താർ നിർമ്മിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യം തന്നെയായിരുന്നു. അസ്ഥി കൊണ്ട് നിർമിക്കാൻ ഉദ്ദേശിക്കുന്ന ഗിറ്റാർ പരമ്പരാഗതമായ ഉപകാരണത്തിന്റെ ശബ്ദമുണ്ടാകുമോ എന്നതായിരുന്നു സംശയം. എന്നാൽ അത് സാധിക്കുക തന്നെ ചെയ്തു. തന്റെ അമ്മാവന്റെ അസ്ഥി ഉപയോഗിച്ചുണ്ടാക്കിയ ഗിറിന് 'സ്കെലെകാസ്റ്റർ' എന്നാണ് പ്രിൻസ് പേര് നൽകിയത്. എന്നാൽ, അദ്ദേഹത്തിന്റെ അമ്മയടക്കം പലർക്കും ആ തീരുമാനം അം​ഗീകരിക്കാനായില്ല. പക്ഷേ, ഇതിലും നല്ലൊരു ആദരവ് എങ്ങനെയാണ് അമ്മാവന് നൽകുക എന്നാണ് പ്രിൻസ് ചോദിക്കുന്നത്.